കേന്ദ്ര ഏജൻസികൾ പിടിമുറുക്കിയതിന് പിന്നാലെ ആർഎസ്എസ് മുന്‍ കാര്യവാഹകിനെ എന്‍ഐഎ പ്രോസിക്യൂട്ടറാക്കി

Update: 2022-07-30 09:11 GMT

അഭിലാഷ് പടച്ചേരി 

കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ പിടിമുറുക്കിയതിന് പിന്നാലെ ആര്‍എസ്എസ്സുകാരെ കുത്തിനിറയ്ക്കുന്നു. ആര്‍എസ്എസ് നേതാവിനെ കൊച്ചി എന്‍ഐഎ കോടതി പ്രോസിക്യൂട്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ആര്‍എസ്എസ് ആലുവ സംഘ ജില്ലാ പ്രചാര്‍ പ്രമുഖായ അഡ്വ. എസ് ശ്രീനാഥിനെയാണ് കൊച്ചി എന്‍ഐഎ കോടതി പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. രാഷ്ട്രീയ നിയമനമായതുകൊണ്ട് തന്നെ നിയമന വിവരം മറച്ചുവച്ചതായാണ് അഭിഭാഷകരില്‍ നിന്ന് ഉയരുന്ന ആക്ഷേപം.


ആലുവ എസ്എന്‍ പുരം സ്വദേശിയായ ആര്‍എസ്എസ് നേതാവ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഹൈക്കോടതി കേന്ദ്രീകരിച്ചുള്ള ആര്‍എസ്എസ് അഭിഭാഷകരുടെ സംഘത്തെ നയിക്കുന്നതും ശ്രീനാഥ് ആണെന്ന് നിരവധി ഹൈക്കോടതി അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2012 ല്‍ ആര്‍എസ്എസ് ശാഖാ മുഖ്യ ശിക്ഷക് ആയിരുന്ന ശ്രീനാഥ് പിന്നീട് ആലുവ താലൂക്ക് മുന്‍ കാര്യവാഹകായും സേവാഭാരതി നേതൃത്വത്തിലും പ്രവര്‍ത്തിച്ചിരുന്നു. ആര്‍എസ്എസിന്റെ ആയുധ പരിശീലന കാംപില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.


കേരള സര്‍ക്കാരിനെതിരേ കേന്ദ്ര ഏജന്‍സികള്‍ പിടിമുറുക്കിയതിന് പിന്നാലെയാണ് ഈ നിയമനമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ എന്‍ഐഎ പ്രോസിക്യൂട്ടറായി നിയമിച്ചതായുള്ള വിവരം അഭിഭാഷകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇതുവരേയും എന്‍ഐഎ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച വാര്‍ത്താകുറിപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബി ഐ, എന്‍ഐഎ തുടങ്ങിയവയില്‍ ആര്‍എസ്എസ് സ്വാധീനമുള്ളവരെയാണ് നിയമിക്കുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

ഈയിടെയായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന കേസുകളിലെല്ലാം രാഷ്ട്രീയ പകപോക്കലാണെന്ന ശക്തമായ വിമര്‍ശനവുമുണ്ട്. കേരളത്തില്‍ തന്നെ സ്വര്‍ണക്കടത്ത് കേസില്‍ നിരവധി ഏജന്‍സികളാണ് അന്വേഷിച്ചത്. ചന്ദ്രികയില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്, കെഎം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്, കിഫ്ബി കേസ്, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് എന്നിവയിലെല്ലാം കേന്ദ്ര ഏജന്‍സികളുടെ അമിതാധികാരപ്രയോഗം ചര്‍ച്ചയായിരുന്നു.

Tags:    

Similar News