'ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധം'; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കത്ത് പുന:പ്രസിദ്ധീകരിച്ച് 'ദ ഹിന്ദു' ദിനപത്രം

മലബാറില്‍ ഹിന്ദുക്കളെ മുസ് ലിംകള്‍ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന വാര്‍ത്തകള്‍ ദേശീയതലത്തില്‍ പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് കുഞ്ഞഹമ്മദ് ഹാജി മാധ്യമ സ്ഥാപനങ്ങളിലേക്ക് കത്തെഴുതിയത്.

Update: 2020-06-27 05:49 GMT

ന്യൂഡല്‍ഹി: മലബാര്‍ വിപ്ലവ കാലത്ത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എഴുതിയ കത്ത് പുന:പ്രസിദ്ധീകരിച്ച് ദ ഹിന്ദു ദിനപത്രം. ഏറനാട്ടില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് പുറം ലോകത്തെ അറിയിക്കാന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ദ ഹിന്ദു എഡിറ്റര്‍ക്ക് അയച്ച കത്താണ് വീണ്ടും പ്രസിദ്ധീകരിച്ചത്. വാരിയംകുന്നത്ത് എഴുതിയ കത്ത് 1921 ഒക്ടോബര്‍ 18ന് ഹിന്ദുവില്‍ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

മലബാറില്‍ ഹിന്ദുക്കളെ മുസ് ലിംകള്‍ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന വാര്‍ത്തകള്‍ ദേശീയതലത്തില്‍ തന്നെ പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് കുഞ്ഞഹമ്മദ് ഹാജി മാധ്യമ സ്ഥാപനങ്ങളിലേക്ക് കത്തെഴുതിയത്. മാപ്പിളപോരാളികളുടെ കേന്ദ്രങ്ങളിലൊന്നായിരുന്ന പന്തല്ലൂര്‍ മലയിലെ വിലാസത്തില്‍ നിന്നാണ് കത്ത്.

കത്തിന്റെ പൂര്‍ണ രൂപം:

പന്തല്ലൂര്‍ ഹില്‍

7-10-1921

പ്രിയപ്പെട്ട എഡിറ്റര്‍ ,

താഴെ കൊടുത്തിരിക്കുന്ന വസ്തുതകള്‍ താങ്കളുടെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു .

മലബാറില്‍ നിന്നുള്ള പത്ര റിപ്പോര്‍ട്ടുകളനുസരിച്ച് മലബാറിലെ ഹിന്ദു മുസ്‌ലിം ഐക്യം പാടെ ഇല്ലാതായിരിക്കുന്നു . റിപ്പോര്‍ട്ടില്‍ ഹിന്ദുക്കളെ നിര്‍ബന്ധിതമായി മതം മാറ്റുന്നുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണ് . അങ്ങനെ ചെയ്യുന്നത് സര്‍ക്കാരിന്റെ ആളുകളും മാപ്പിള പോരാളികളുടെ കൂട്ടത്തില്‍ കയറിക്കൂടിയ മഫ്തിയിലുള്ള റിസര്‍വ് പോലിസുകാരുമാണ്. (റിബലുകളായി അഭിനയിക്കുകയാണവര്‍ )

ഇത് കൂടാതെ ഹിന്ദുക്കളിലെ ചിലര്‍ പട്ടാളത്തെ സഹായിക്കുകയും പട്ടാളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിച്ചു കഴിയുന്ന നിരപരാധികളായ മാപ്പിളമാരെ പട്ടാളത്തിന് കൈമാറുകയും ചെയ്ത കാരണത്താല്‍ കുറച്ചു ഹിന്ദുക്കള്‍ക്കും ഇപ്പോഴത്തെ സായുധ വിപ്ലവത്തിന് കാരണക്കാരായ നമ്പൂതിരിയും ഇത്തരത്തില്‍ ബുദ്ധിമുട്ടിയിട്ടുണ്ട് . ഇപ്പോള്‍ ഈ താലൂക്കുകളില്‍ നിന്ന് പട്ടാള മേധാവികള്‍ ഹിന്ദുക്കളെ ഒഴിപ്പിക്കുകയും നിരപരാധികളായ മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുകയാണ്.

പട്ടാളക്കാര്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ചു പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനാല്‍ ധാരാളം ഹിന്ദുക്കള്‍ എന്റെ സംരക്ഷണം തേടി എന്റെ അധീനതയിലുള്ള പ്രദേശത്ത് കഴിയുന്നുണ്ട്. അപ്രകാരം തന്നെ ധാരാളം മുസ്‌ലിംകളും എന്റെ സംരക്ഷണത്തിലുണ്ട് .

കഴിഞ്ഞ ഒന്നര മാസമായിട്ട് ഉപരോധവും നിരപരാധികളെ ശിക്ഷിക്കലുമല്ലാതെ ബ്രിട്ടീഷുകാര്‍ക്ക് യാതൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ലോകത്തുള്ള എല്ലാ ജനങ്ങളും അറിയട്ടെ. ഗാന്ധിയും മൗലാനയും അറിയട്ടെ ! ഈ കത്ത് താങ്കള്‍ പ്രസിദ്ധീകരിക്കുന്നില്ലെങ്കില്‍ ഒരിക്കല്‍ താങ്കളോട് ഞാന്‍ വിശദീകരണം തേടുന്നതാണ്.

-വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

പന്തല്ലൂര്‍ കമ്മാന്റര്‍

7-10-21

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കത്ത് വ്യാജമാണെന്ന സംഘപരിവാര്‍ പ്രചരണത്തിനിടേയാണ് 'ദി ഹിന്ദു' കത്ത് പുനപ്രസിദ്ധീകരിച്ചത്. അന്ന് കത്തെഴുതാന്‍ ഉപയോഗിച്ചിരുന്ന ആസ്‌ത്രേലിയന്‍ ചുരുള്‍ പേപ്പറില്‍ കറുത്ത പെന്‍സില്‍ ഉപയോഗിച്ച് മാപ്പിളമാര്‍ ഉപയോഗിക്കുന്ന മലയാള ഭാഷയിലാണ് കത്തെഴുതിയതെന്നും ഹിന്ദു വാര്‍ത്തയില്‍ പറയുന്നു.  

Tags:    

Similar News