മൂന്ന് ഫലസ്തീന്‍കാരെ ഇസ്രായേലി സൈന്യം വെടിവച്ചു കൊന്നു
രണ്ടു ദിവസം മുമ്പ് വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന് നേരെ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാരോപിക്കപ്പെടുന്ന ഉമര്‍ അബൂ ലെയ്‌ല എന്ന 19കാരനും ഇവരില്‍പ്പെടുന്നു.
വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ മൂന്ന് ഫലസ്തീന്‍ യുവാക്കളെ ഇസ്രായേലി സൈന്യം വെടിവച്ചുകൊന്നു. രണ്ടു ദിവസം മുമ്പ് വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന് നേരെ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാരോപിക്കപ്പെടുന്ന ഉമര്‍ അബൂ ലെയ്‌ല എന്ന 19കാരനും ഇവരില്‍പ്പെടുന്നു. റാമല്ലയ്ക്ക് വടക്കുള്ള അബ്വെയിന്‍ ഗ്രാമത്തിലാണ് അബൂലെയ്‌ല കൊല്ലപ്പെട്ടത്. അബൂലെയ്‌ലയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചുവെന്നും ഇതേ തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായതെന്നും ഇസ്രായേലി സുരക്ഷാ വിഭാഗമായ ഷിന്‍ ബെത്ത് അവകാശപ്പെട്ടു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചു. എന്നാല്‍, വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇതേ തുടര്‍ന്ന് ഗ്രാമത്തില്‍ സൈന്യവും ഫലസ്തീന്‍കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ക്ക് വെടിയേറ്റാണ് പരിക്ക്.
മറ്റൊരു സംഭവത്തില്‍ മറ്റു രണ്ടു ഫലസ്തീന്‍കാരെക്കൂടി വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി സൈന്യം വെടിവച്ചുകൊന്നതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. നബ്‌ലുസിന് സമീപമുള്ള പ്രദേശത്താണ് റാഇദ് ഹമദാന്‍(21), സായിദ് നൂരി(20) എന്നിവരെ വെടിവച്ചുകൊന്നത്. പ്രദേശത്ത് അടിയന്തര സഹായമെത്തിക്കാനുള്ള ശ്രമം ഇസ്രായേലി സൈന്യം തടഞ്ഞതായും ആംബുലന്‍സിനു നേരെ വെടിയുതിര്‍ത്തതായും റെഡ് ക്രസന്റ് വക്താവ് അഹ്മദ് ജിബരീല്‍ പറഞ്ഞു.