മുസ് ലിംകളില്‍ സഹിഷ്ണതയുള്ളവര്‍ ആയിരംപോലുമില്ല; ഉള്ളവര്‍ തന്നെ ഗവര്‍ണര്‍ പദവി മോഹികളെന്നും കേന്ദ്രമന്ത്രി

Update: 2023-05-09 10:21 GMT

ന്യൂഡല്‍ഹി: സഹിഷ്ണുതയുള്ള മുസ് ലിംകള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണെന്നും അവരുടെ എണ്ണം ആയിരങ്ങള്‍ പോലുമില്ലെന്നും കേന്ദ്ര നിയമ, നീതിന്യായ സഹമന്ത്രി സത്യപാല്‍ സിങ് ബാഗേല്‍. സഹിഷ്ണുതയുള്ളവര്‍ തന്നെ ഉപരാഷ്ട്രപതി, ഗവര്‍ണര്‍ അല്ലെങ്കില്‍ വൈസ് ചാന്‍സലര്‍ എന്നിങ്ങനെയുള്ള പദവികള്‍ ലഭിക്കാനുള്ള മുഖംമൂടി മാത്രമാണ്. ഉന്നതപദവി ലഭിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മുസ് ലിംകളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന പ്രസ്താവനയുമായി കേന്ദ്ര മന്ത്രി തന്നെ രംഗത്തെത്തിയത്. മുസ് ലിംകളിലെ ഇത്തരം ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ യഥാര്‍ഥ മുഖം അവര്‍ ഔദ്യോഗിക പദവിയുടെ കാലാവധി പൂര്‍ത്തിയാവുമ്പോഴോ വിരമിക്കുമ്പോഴോ വെളിപ്പെടുമെന്നും അദ്ദേഹം ആക്ഷേപിച്ചു. ആര്‍എസ്എസിന്റെ മാധ്യമ വിഭാഗമായ ഇന്ദ്രപ്രസ്ഥ വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവ് ഋഷി നാരദ് പത്രകാര്‍ സമ്മാന്‍ സമാരോഹ് ചടങ്ങിലാണ് കേന്ദ്ര സഹമന്ത്രിയുടെ വിവാദ പരാമര്‍ശം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനു വേണ്ടിയാണ് ന്യൂഡല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. 'സഹിഷ്ണുതയുള്ള മുസ് ലിംകളെ വിരലില്‍ എണ്ണാം. അവരുടെ എണ്ണം ആയിരങ്ങളില്‍ പോലുമില്ലെന്ന് ഞാന്‍ കരുതുന്നു. അതും ഉപരാഷ്ട്രപതി, ഗവര്‍ണര്‍ അല്ലെങ്കില്‍ വൈസ് ചാന്‍സലര്‍ എന്നീ പദവികളിലേക്കെത്താനുള്ള മുഖംമൂടി ധരിച്ച് പൊതുജീവിതത്തില്‍ ജീവിക്കാനുള്ള ഒരു തന്ത്രമാണ്. എന്നാല്‍ വിരമിക്കുമ്പോള്‍ അവര്‍ യഥാര്‍ത്ഥ പ്രസ്താവനകള്‍ നല്‍കുന്നു, കസേരയില്‍ നിന്ന് പുറത്തുപോവുമ്പോള്‍ അവര്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തെടുക്കുമെന്നും സത്യപാല്‍ സിങ് ബാഗേല്‍ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള മുസ് ലിംകളെ ബിജെപി സര്‍ക്കാര്‍ കേരള ഗവര്‍ണറായി നിയമിച്ചതിനെ ചോദ്യം ചെയ്യുന്നതാണ് ബാഗേലിന്റെ പ്രസ്താവന.

   

Full View

ഇന്ത്യ ഇസ്‌ലാമിക മതമൗലികവാദത്തിനെതിരേ പോരാടണമെന്നും ഇതിന് സഹിഷ്ണുതയുള്ള മുസ്‌ലിംകളെഒപ്പം കൂട്ടണമെന്നും വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍ പരിപാടിയില്‍ പ്രസംഗിച്ചതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ ഭരണകാലത്ത് ഹിന്ദു-മുസ് ലിം ഐക്യം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളെ പരാമര്‍ശിച്ച്, ഛത്രപതി ശിവജി തന്നെ ഇതിനെ അനുകൂലമായി കണ്ടതായി മഹൂര്‍ക്കര്‍ അവകാശപ്പെട്ടു. ഹിന്ദു-മുസ് ലിം ഐക്യമുണ്ടാക്കാന്‍ അക്ബര്‍ ചക്രവര്‍ത്തി പരമാവധി ശ്രമിച്ചുവെന്നും മഹൂര്‍ക്കര്‍ പറഞ്ഞതിനെ കേന്ദ്ര നിയമസഹമന്ത്രി തിരുത്തുകയായിരുന്നു. അക്ബറിന്റെ ശ്രമങ്ങളെ വെറും തന്ത്രങ്ങള്‍ എന്നാണ് സത്യപാല്‍ സിങ് ബാഗേല്‍ വിളിച്ചത്. മുഗള്‍ രാജാവായ അക്ബര്‍ ചക്രവര്‍ത്തിയുടെ ജോധാ ബായിയുമായുള്ള വിവാഹം അദ്ദേഹത്തിന്റെ 'രാഷ്ട്രീയ തന്ത്രത്തിന്റെ' ഭാഗമാണെന്നും ആരോപിച്ചു. 'അത് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വന്നതല്ല. അല്ലെങ്കില്‍, ചിറ്റോര്‍ഗഢിലെ കൂട്ടക്കൊല നടക്കില്ലായിരുന്നു,' മുഗള്‍ കാലഘട്ടം. ഔറംഗസേബിന്റെ പ്രവൃത്തികള്‍ നോക്കൂ. ചിലപ്പോഴെങ്കിലും നമ്മള്‍ അതിനെ എങ്ങനെ അതിജീവിച്ചുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. 1192ല്‍ മുഹമ്മദ് ഗോറി രജപുത്ര രാജാവായ പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ മോശം ദിനങ്ങള്‍ ആരംഭിച്ചതെന്ന് ബാഗേല്‍ പറഞ്ഞു. 1192ന് മുമ്പ് നിലനിന്നിരുന്ന ഏകീകൃത ഹിന്ദു രാഷ്ട്രത്തെ പരാമര്‍ശിച്ച് രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടന ഹിന്ദു രാഷ്ട്രത്തിന്റേതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അക്ബറും ദാരാ ഷുക്കോയും റസിയാ സുല്‍ത്താനയും പൂര്‍വ്വികരായ ഗോറികളും ഗസ്‌നവികളും കൊള്ളക്കാരായിരുന്നു. അക്ബറിന്റെ മതസഹിഷ്ണുത വെറും തന്ത്രമാണ്. രാജ്യത്തിന്റെ ഭൂരിപക്ഷം ഹിന്ദുക്കളാണെന്നും മതവികാരം വ്രണപ്പെടുത്തി അഖണ്ഡ ഭാരതം ഭരിക്കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം മനസ്സിലാക്കി. ഇത് ഒരു തന്ത്രത്തിന്റെ ഭാഗമാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ കണ്ടെത്തല്‍. ഗണ്ഡേതവീസ് അഥവാ മന്ത്രച്ചരടുകള്‍ വഴി മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ആളുകളുടെ എണ്ണം, വാളുകൊണ്ട് മതംമാറിയതിനേക്കാള്‍ കൂടുതലാണെന്നായിരുന്നു ബാഗേല്‍ മതപരിവര്‍ത്തന വിഷയത്തെ കുറിച്ച് പറഞ്ഞത്. ഖ്വാജ ഗരീബ് നവാസ് സാഹേബ്, ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ, അല്ലെങ്കില്‍ സലീം ചിസ്തി... ഇന്നും, കുട്ടികളുണ്ടാവാന്‍, ജോലി, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ടിക്കറ്റിന്, മന്ത്രിസ്ഥാനം, സംസ്ഥാന മന്ത്രിയില്‍ നിന്ന് സ്ഥാനക്കയറ്റം എന്നിവ തേടി നമ്മുടെ സമുദായത്തില്‍ നിന്നുള്ള ആളുകള്‍ ധാരാളമായി അവിടെ പോവുന്നുണ്ട്. നല്ല നിലവാരമുള്ള വിദ്യാഭ്യാസം നല്‍കലാണ് പ്രശ്‌നത്തിനുള്ള പരിഹാരം. ഒരു ദിവസം പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരം കാണാന്‍ വിദ്യാഭ്യാസത്തിന് കഴിയും. അവര്‍ മദ്രസയില്‍ പഠിക്കുകയാണെങ്കില്‍, ഉറുദു, അറബിക്, പേര്‍ഷ്യന്‍ എന്നിവ പഠിക്കും. എല്ലാ സാഹിത്യങ്ങളും നല്ലതാണ്, പക്ഷേ അത്തരം പഠനത്തിലൂടെ അവര്‍ പള്ളിഇമാം ആകും. ഫിസിക്‌സും കെമിസ്ട്രിയും പഠിച്ചാല്‍ അവര്‍ അബ്ദുല്‍ കലാമുമാരാവുമെന്നും ബാഗേല്‍ പറഞ്ഞു. മുസ് ലിംകളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന പ്രസംഗം വിവാദമാവാന്‍ സാധ്യതയുണ്ട്. അതേസമയം, നിഷേധാത്മക മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുന്‍ പേജുകളില്‍ പോസിറ്റീവ് വാര്‍ത്തകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ചടങ്ങില്‍ സംസാരിച്ച ആര്‍എസ്എസ് ജോയിന്റ് പബ്ലിസിറ്റി ഇന്‍ ചാര്‍ജ് നരേന്ദ്ര താക്കൂര്‍ പറഞ്ഞു. വ്യാജവാര്‍ത്തകള്‍ക്കെതിരേ പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളിലെ ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശങ്ങളിലും താക്കൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News