സ്വര്‍ണക്കടത്ത്: സ്വപ്‌നയും സന്ദീപും കസ്റ്റംസിന്റെ കസ്റ്റഡിയില്‍; ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറണ്ട്
കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഇരുവരെയും അഞ്ചു ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. കേസിലെ പ്രതികളായ വിദേശത്തുള്ള ഫൈസല്‍ ഫരീദ്,റബിന്‍സ് എന്നിവര്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുയും ചെയ്തു.സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും അഞ്ചു ദിവസമാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടരിക്കുന്നത്.അന്വേഷത്തിന്റെ ഭാഗമായി ഇരുവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അഞ്ചു ദിവസം ഇവരെ കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കസ്റ്റംസിന്റെ ആവശ്യം പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ത്തു ഇരുവരെയും എന്‍ ഐ എ കസ്റ്റഡിയില്‍ കസ്റ്റംസ് ചോദ്യം ചെയ്തതാണെന്നും അതിനാല്‍ കസ്റ്റഡി അനുവദിക്കരുതെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.തുടര്‍ന്ന് കസ്റ്റംസിന്റെ അപേക്ഷ അംഗീകരിച്ച് ഇരുവരെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതി ആഗസ്ത് ഒന്നുവരെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു.
കേസില്‍ നേരത്തെ അറസ്റ്റിലായ ഇരുവരും എന്‍ ഐ എയുടെ കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് എന്‍ ഐ എ കോടതിയില്‍ വെച്ച് കസ്റ്റംസ് ഇരുവരുടെയും അറസ്റ്റ് രേഖപെടുത്തിയതിനു ശേഷം ഒരു ദിവസം എന്‍ ഐ എ കസ്റ്റഡിയില്‍ വെച്ച് തന്നെ ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു.ഇതിനു ശേഷം കോടതി ഇരുവരെയും റിമാന്റു ചെയ്തിരുന്നു.തുടര്‍ന്നാണ് ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.കേസിലെ മറ്റു പ്രതികളായ വിദേശത്തുള്ള ഫൈസല്‍ ഫരീദ്,റബിന്‍സ് എന്നിവര്‍ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.കസ്റ്റംസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.അറസറ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍ പോളിന്റെ സഹായത്തോടെ ഇരുവരെയും ഇന്ത്യയില്‍ കൊണ്ടുവരാനാണ് കസ്റ്റംസിന്റെ ലക്ഷ്യം.എന്‍ ഐ എ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലും ഫൈസല്‍ ഫരീദ് പ്രതിയാണ്.അതേ സമയം കേസിലെ ആറു മുതല്‍ 16 വരെയുള്ള മറ്റു പ്രതികളെയും കസ്റ്റഡിയില്‍ വേണമെന്നുള്ള അപേക്ഷയും കസ്റ്റംസ് കോടതയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.ഇവരെ ഉച്ചകഴിഞ്ഞ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.കേസിലെ അഞ്ചു പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളി.