തുര്‍ക്കിയിലും സിറിയയിലും നിലംപൊത്തി കെട്ടിടങ്ങള്‍; 195 മരണം

Update: 2023-02-06 06:20 GMT

ഇസ്താംബൂള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഇരുരാജ്യങ്ങളിലുമായി 195 ലധികം പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.17ന് തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പിന് സമീപമാണ് ഭൂകമ്പമുണ്ടായത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. അനവധി കെട്ടിടങ്ങള്‍ തകര്‍ന്ന് നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അസോസിയേറ്റ് പ്രസ് റിപോര്‍ട്ട് ചെയ്തു. തുര്‍ക്കി തെക്കു കിഴക്കന്‍ മേഖലയായഗാസിയാന്‍ ടെപ്പിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് യുഎസ് ജിയോളജി വിഭാഗം നല്‍കുന്ന വിവരം. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. ലബനന്‍, സൈപ്രസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിലും കനത്തനാശനഷ്ടം ഉണ്ടായതായാണ് റിപോര്‍ട്ടുകള്‍.

അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള ഒന്നിലധികം നഗരങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ രക്ഷാപ്രവര്‍ത്തകരും താമസക്കാരും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സൈപ്രസ്, തുര്‍ക്കിയെ, ഗ്രീസ്, ജോര്‍ദാന്‍, ലെബനന്‍, സിറിയ, യുണൈറ്റഡ് കിംഗ്ഡം, ഇറാഖ്, ജോര്‍ജിയ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സിറിയയുടെ വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ തുര്‍ക്കി അതിര്‍ത്തിയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രതിപക്ഷത്തിന്റെ സിറിയന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായത്തെക്കുറിച്ച് ഉടന്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. ബെയ്‌റൂട്ടിലും ഡമാസ്‌കസിലും കെട്ടിടങ്ങള്‍ കുലുങ്ങി നിരവധി പേര്‍ ഭയപ്പാടോടെ തെരുവിലിറങ്ങി.

Tags:    

Similar News