അങ്കാറ: തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് പൗരി ഗര്‍വാള്‍ സ്വദേശി വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തസ്ഥലത്തുനിന്നും അയച്ചുനല്‍കിയ ചിത്രം കണ്ട് വിജയ് കുമാറിന്റെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. വിജയ് കുമാറിന്റെ ഇടതുകൈയില്‍ പച്ചകുത്തിയിരുന്നു. ഇതാണ് തിരിച്ചറിയാന്‍ സഹായിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ കിഴക്കന്‍ അനറ്റോലിയ മേഖലയിലെ മലത്യ നഗരത്തിലെ ബഹുനില ഹോട്ടല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയിലാണ് മൃതദേഹം കണ്ടെത്തിയത്. 24 നിലകളുള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. എന്‍ജിനീയറായ വിജയ് കുമാര്‍ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്ക് ജനുവരി 23 നാണ് ഇവിടെ എത്തിയത്. ബംഗളൂരു ആസ്ഥാനമായുള്ള ഓക്‌സിപ്ലാന്റ്‌സ് ഇന്ത്യയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ ഇന്‍സ്റ്റാളേഷന്‍ എന്‍ജിനീയറായിരുന്നു വിജയ് കുമാര്‍.