ഭൂകമ്പത്തില്‍ ജീവന്‍ പൊലിഞ്ഞവരില്‍ തുര്‍ക്കി ഗോള്‍ കീപ്പര്‍ അഹ്‌മദ് ഇയൂബ് തുര്‍ക്കസ്ലാനും
2021ലാണ് താരം ക്ലബ്ബില്‍ ചേര്‍ന്നത്.
ഇസ്താംബൂള്‍: ലോകത്തെ നടുക്കിയ തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ചവരില്‍ തുര്‍ക്കി ഗോള്‍ കീപ്പര്‍ അഹ്‌മദ് ഇയൂബ് തുര്‍ക്കസ്ലാനും. തുര്‍ക്കി സെക്കന്റ് ഡിവിഷന്‍ ക്ലബ്ബ് യെനി മലാതിസ്പൂരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2021ലാണ് താരം ക്ലബ്ബില്‍ ചേര്‍ന്നത്. 28കാരനായ അഹ്‌മദ് ആറ് തവണ ക്ലബ്ബിനായി കളിച്ചിട്ടുണ്ട്. യെനി മലാതിസ്പൂര്‍ എഫ് സി താരത്തിന്റെ മരണത്തില്‍ അനുശോചിച്ചു. 2007ലാണ് താരം കരിയറിന് തുടക്കമിട്ടത്. തുര്‍ക്കിയിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി മാത്രമാണ് കളിച്ചത്.
അതിനിടെ ഭൂകമ്പത്തില്‍ കാണാതായ മുന്‍ ചെല്‍സി-ന്യൂകാസില്‍ മിഡ്ഫീല്‍ഡറായ ക്രിസ്റ്റ്യാന്‍ അറ്റ്സുവിനെ കണ്ടെത്തിയതായി ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നിലവില്‍ തുര്‍ക്കി ക്ലബ്ബ് ഹതായസ്പൂര്‍ എഫ്സിക്ക് വേണ്ടി കളിക്കുന്ന താരത്തിന്റെ പരിക്ക് വിവരങ്ങള്‍ ക്ലബ്ബും പുറത്ത് വിട്ടിട്ടില്ല. താരത്തെ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ വിവരം മാത്രമാണ് തുര്‍ക്കി പുറത്ത് വിട്ടത്.
2018ലാണ് അറ്റ്‌സു ന്യൂകാസില്‍ വിട്ട് തുര്‍ക്കിയിലെത്തിയത്. ഘാനയ്ക്കായി 60 മല്‍സരങ്ങള്‍ കളിച്ച താരം 2014 ലോകകപ്പിലും തിളങ്ങിയിരുന്നു. 2015 ആഫ്രിക്കാ കപ്പ് ഓഫ് നേഷന്‍സിലെ റണ്ണേഴ്സ് അപ്പായ ദേശീയ ടീമിനൊപ്പം താരവും മികവ് പ്രകടിപ്പിച്ചിരുന്നു.