തുര്‍ക്കി ഭൂകമ്പം: മൂന്നു വയസ്സുകാരിയെ 91 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി

''91-ാം മണിക്കൂറില്‍ ഞങ്ങള്‍ ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു, ഞങ്ങള്‍ അനുഭവിച്ച വലിയ വേദനയ്ക്കൊപ്പം ഈ സന്തോഷവും ഞങ്ങള്‍ക്കുണ്ട്.'' ഇസ്മിര്‍ മേയര്‍ ടങ്ക് സോയര്‍ ട്വീറ്റ് ചെയ്തു.

Update: 2020-11-03 15:02 GMT

ഇസ്മിര്‍: പടിഞ്ഞാറന്‍ തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് മൂന്ന് വയസുകാരിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി 91 മണിക്കൂറിനു ശേഷമാണ് ഐഡാ ഗെസ്ജിന്‍ എന്ന മൂന്നു വയസ്സുകാരിയെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തിയത്.

''91-ാം മണിക്കൂറില്‍ ഞങ്ങള്‍ ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു, ഞങ്ങള്‍ അനുഭവിച്ച വലിയ വേദനയ്ക്കൊപ്പം ഈ സന്തോഷവും ഞങ്ങള്‍ക്കുണ്ട്.'' ഇസ്മിര്‍ മേയര്‍ ടങ്ക് സോയര്‍ ട്വീറ്റ് ചെയ്തു. കുട്ടിയെ കണ്ടെത്തുന്നതിനുമുമ്പ് ഒരു കുട്ടി നിലവിളി കേട്ടതായി രക്ഷാപ്രവര്‍ത്തകന്‍ നുസ്രെത് അക്‌സോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തകനെ നോക്കി കുട്ടി നിലവിളിച്ചു. പേര് വിളിച്ചു പറഞ്ഞു. ജീവനോടെ അവശേഷിച്ചവര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടാകുമെന്ന് സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ഭൂകമ്പത്തില്‍ ഇതുവരെ 102 പേര്‍ മരിക്കുകയും 994 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യത്തെ ദുരന്ത അതോറിറ്റി അറിയിച്ചു.

3,500 ല്‍ അധികം ടെന്റുകളും 13,000 കിടക്കകളും തുര്‍ക്കിയിലെ താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. 8,000 ത്തോളം ഉദ്യോഗസ്ഥരും പരിശീലനം ലഭിച്ച 25 നായ്ക്കളുമാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Tags:    

Similar News