ഖാര്‍കീവില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം: എണ്ണ സംഭരണശാലയില്‍ പൊട്ടിത്തെറി (വീഡിയോ)

യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമാണ് ഖാര്‍കീവ്. റഷ്യന്‍ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് ഓയില്‍ ഡിപ്പോയില്‍നിന്ന് കറുത്ത പുക പുറന്തള്ളുന്നത് വീഡിയോകളില്‍ കാണാം.

Update: 2022-03-03 11:04 GMT

കീവ്: യുക്രെയ്‌നിലെ ഖാര്‍കീവില്‍ വീണ്ടും റഷ്യയുടെ വ്യോമാക്രമണം. ചെര്‍ണിഹീവിലെ എണ്ണ സംഭരണ ശാലയിലെ ഷെല്ലാക്രമണത്തില്‍ വന്‍ പൊാട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായി. തുടര്‍ച്ചയായുള്ള ഷെല്ലാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്. യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമാണ് ഖാര്‍കീവ്. റഷ്യന്‍ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് ഓയില്‍ ഡിപ്പോയില്‍നിന്ന് കറുത്ത പുക പുറന്തള്ളുന്നത് വീഡിയോകളില്‍ കാണാം. റിപോര്‍ട്ടുകള്‍ പ്രകാരം 5,000 ക്യുബിക് മീറ്റര്‍ വീതമുള്ള ആറ് ഇന്ധന ടാങ്കുകള്‍ കത്തി നശിച്ചു. എണ്ണ ടാങ്കുകള്‍ക്ക് നേരെയുള്ള ആക്രമണം വന്‍ തീപ്പിടുത്തമുണ്ടാക്കുകയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് നാശനഷ്ടം വ്യാപിക്കാനിടയാക്കുകയും ചെയ്യും.

ആക്രമണത്തിനിരയായ ഓയില്‍ ഡിപ്പോയില്‍ ഒമ്പത് യൂനിറ്റ് ഉപകരണങ്ങളും 25 പേരും ജോലി ചെയ്യുകയായിരുന്നു. അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. യുക്രെയ്‌നില്‍ എട്ടാം ദിവസവും റഷ്യ ആക്രമണം ശക്തമാക്കുകയാണ്. എണ്ണ ഇന്ധന ശാലകള്‍ കേന്ദ്രീകരിച്ചാണ് റഷ്യ ബോംബാക്രമണം നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ എണ്ണ ഡിപ്പോയ്ക്ക് നേരേ ആക്രമണം നടക്കുന്നത്.ഖാര്‍കീവിലുണ്ടായ ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ വീടുകള്‍ കത്തിനശിക്കുകയും കെട്ടിടങ്ങള്‍ നിലംപൊത്തുകയും ചെയ്തതായാണ് വിവരം. വൈദ്യുതി ബന്ധം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച രാത്രിയില്‍ ഖാര്‍കീവിലെ പള്ളിയും ടെറിട്ടോറിയല്‍ ഡിഫന്‍സ് ആസ്ഥാനവും റഷ്യ ആക്രമിച്ചിരുന്നു. കീവിന് സമീപമുള്ള മെട്രോ സ്റ്റഷേനില്‍ രണ്ട് സ്‌ഫോടനങ്ങളുണ്ടായി. അതിനിടെ, തുറമുഖ നഗരമായ മരിയുപോള്‍ റഷ്യന്‍ സൈന്യം നിലവില്‍ വളഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യന്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെ മുന്നറിയിപ്പ് പ്രകാരം കൂടുതല്‍ ജനവാസ മേഖലകളിലേക്കാണ് റഷ്യ നീങ്ങുന്നത്. ഇന്ന് രാവിലെയും വിവിധ പ്രദേശങ്ങളില്‍ ആക്രമണമുണ്ടായി. അതേസമയം, യുക്രെയ്ന്‍- റഷ്യ സമാധാന ചര്‍ച്ചയുടെ രണ്ടാം റൗണ്ട് ഇന്ന് ബെലാറസ്- പോളണ്ട് അതിര്‍ത്തിയില്‍ നടക്കും. യുക്രെയ്‌നില്‍നിന്ന് റഷ്യ പിന്‍വാങ്ങണമെന്ന പ്രമേയം കഴിഞ്ഞ ദിവസം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വന്‍ ഭൂരിപക്ഷത്തില്‍ പാസാക്കിയിരുന്നു. ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.


Tags:    

Similar News