രാജ്യത്ത് കഴിഞ്ഞ വര്‍ഷം 2544 കസ്റ്റഡി മരണം; കൂടുതല്‍ യുപിയില്‍; കേരളത്തിൽ 48 എണ്ണം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് ഇത്.

Update: 2022-07-27 07:23 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ നടന്നത് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍. 501 കസ്റ്റഡി മരണങ്ങളാണ് 2021-2022 വരെയുള്ള കാലയളവില്‍ യുപിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊട്ടുപിന്നില്‍ പശ്ചിമബംഗാളാണ്. 257 കസ്റ്റഡി മരണങ്ങളാണ് ബംഗാളില്‍ റിപോര്‍ട്ട് ചെയ്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് ഇതെന്നും ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചു.

രാജ്യത്താകെ 2544 കസ്റ്റഡി മരണങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ഇതില്‍ 1940 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിഹാറില്‍ 237 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായത്. മധ്യപ്രദേശില്‍ 201, മഹാരാഷ്ട്രയില്‍ 197, ഗുജറാത്തില്‍ 126, തമിഴ്‌നാട്ടിലും ഹരിയാനയിലും 109 വീതം എന്നിങ്ങനെയാണ് കസ്റ്റഡി മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കേരളത്തിലും കസ്റ്റഡി മരണം മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-21 ല്‍ 35 കസ്റ്റഡി മരണമാണ് കേരളത്തില്‍ ഉണ്ടായതെങ്കില്‍, 2021-2022 ല്‍ ഇത് 48 ആയി ഉയര്‍ന്നു. ദാദ്ര നഗര്‍ഹവേലി, ഡാമന്‍ ഡിയു, ലഡാക്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒറ്റ കസ്റ്റഡി മരണം പോലും ഉണ്ടായിട്ടില്ല. കസ്റ്റഡി മരണങ്ങളില്‍ പോലിസ് ആണ് പ്രതിക്കൂട്ടിലെന്നും, പോലിസും ക്രമസമാധാന പാലനവും സംസ്ഥാന പരിധിയില്‍ വരുന്ന കാര്യമാണെന്നും മറുപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.  

Similar News