'ലവ് ജിഹാദ്' തെളിയിക്കാനാവാതെ യുപി പോലീസ്: അന്വേഷിച്ച കേസുകളിലൊന്നും ഗുഡാലോചനയോ വിദേശ സഹായമോ കണ്ടെത്താനായില്ല

മതം മാറ്റാനുള്ള ഗൂഡാലോചനയുടെ പേരിലാണ് പ്രണയിച്ച് വിവാഹം ചെയ്തതെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.

Update: 2020-11-23 16:51 GMT

കാണ്‍പൂര്‍ / ന്യൂഡല്‍ഹി: 'ലവ് ജിഹാദ്' കുപ്രചരണങ്ങളുടെ പേരില്‍ നിയമനിര്‍മാണം നടത്തിയ ആദിത്യനാഥിന് കനത്ത തിരിച്ചടിയായി യുപി പോലിസിന്റെ അന്വേഷണ റിപോര്‍ട്ട്. അഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് യുപി പോലീസ് അന്വേഷിച്ച 'ലവ് ജിഹാദ്' കേസുകളിലൊന്നും ഗുഡാലോചനയോ വിദേശ ധനസഹായമോ കണ്ടെത്താനായില്ല.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞ 2 വര്‍ഷമായി നടന്ന 14 മിശ്രവിവാഹങ്ങളില്‍ പതിനൊന്ന് എണ്ണം അന്വേഷിച്ചതില്‍ ഒന്നില്‍ പോലും 'ലവ് ജിഹാദ്' ആരോപണങ്ങളെ സാധൂകരിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് കാണ്‍പൂര്‍ പോലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 'ലവ് ജിഹാദ്' കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ 'എന്‍ഡിടിവി' ്ക്ക് നല്‍കിയ വിവരങ്ങളില്‍ കേസുകളിലധികവും കുറ്റം തെളിയിക്കാനാവാത്ത അവസ്ഥയിലാണെന്നും ഇവയുടെ അന്വേഷണം അവസാനിപ്പിക്കുന്നതായി റിപോര്‍ട്ട് നല്‍കുകയാണെന്നും വ്യക്തമാക്കി.

ചില കേസുകളില്‍ തങ്ങളോട് മുസ്‌ലിം പങ്കാളികള്‍ മതം മാറണമെന്ന് ആവശ്യപ്പെടുക പോലും ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കി. മതം മാറ്റാനുള്ള ഗൂഡാലോചനയുടെ പേരിലാണ് പ്രണയിച്ച് വിവാഹം ചെയ്തതെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. വിദേശ ധനസഹായം ലഭിച്ചതായുള്ള ഒരു സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. എന്നിട്ടും കാണ്‍പൂരില്‍ മാത്രം 'ലവ് ജിഹാദ്' ആരോപണത്തിന്റെ പേരില്‍ 11 മുസ്‌ലിം യുവാക്കള്‍ ജയിലില്‍ അടക്കപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശിനു പുറമെ, കര്‍ണാടക, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും 'ലവ് ജിഹാദ്' ആരോപണങ്ങള്‍ അടിസ്ഥാനമാക്കി മിശ്രവിവാഹം നിരോധിക്കുന്ന നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. 'ലവ് ജിഹാദ്' നടത്തുന്നരെ കൊലപ്പെടുത്തും എന്ന സൂചന നല്‍കി അത്തരക്കാര്‍ക്ക് ശവസംസ്‌ക്കാര മന്ത്രം ചൊല്ലിക്കൊടുക്കുമെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരം നീക്കങ്ങള്‍ക്കിടയിലാണ് 'ലവ് ജിഹാദ്' തെളിയിക്കാനായിട്ടില്ലെന്ന തരത്തില്‍ യുപി പോലീസ് റിപോര്‍ട്ട് നല്‍കുന്നത്.

Tags:    

Similar News