വാക്‌സിന്‍ പൂഴ്ത്തിവയ്പ്പും ദേശീയവാദവും വേണ്ട: കൊവിഡ് മഹാമാരിയെ ഈ വര്‍ഷം തുരത്താനാകുമെന്ന് പ്രതീക്ഷ; ഡബ്ല്യുഎച്ച്ഒ മേധാവി ഡോ. ടെഡ്രോസ് അദാനോം
അസമത്വം തുടരുന്ന കാലത്തോളം നമുക്ക് പ്രവചിക്കാനോ തടയാനോ കഴിയാത്ത തരത്തില്‍ വൈറസിന്റെ അപകടം വര്‍ധിക്കും
ജനീവ: ഈ വര്‍ഷം കൊവിഡ് മഹാമാരിയെ കീഴടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി. ഇതിനായി സങ്കുചിത ദേശീയവാദവും വാക്‌സിന്‍ പൂഴ്ത്തിവയ്പ്പുമെല്ലാം നിര്‍ത്തണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രെയേസസ് ആവശ്യപ്പെട്ടു. പുതുവല്‍സര സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമത്വ തത്വങ്ങളെല്ലാം അവഗണിച്ചാണ് ചില രാജ്യങ്ങള്‍ സങ്കുചിത ദേശീയവാദവും വാക്‌സിന്‍ പൂഴ്ത്തിവയ്പ്പുമെല്ലാം നടത്തുന്നത്. ഇതാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ ആവിര്‍ഭാവത്തിനുള്ള സാഹചര്യം സൃഷ്ടിച്ചത്. ഈ അസമത്വം തുടരുന്ന കാലത്തോളം നമുക്ക് പ്രവചിക്കാനോ തടയാനോ കഴിയാത്ത തരത്തില്‍ വൈറസിന്റെ അപകടം വര്‍ധിക്കും.
ടെഡ്രോസ് അദാനോം സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. അസമത്വം അവസാനിപ്പിക്കുകയാണെങ്കില്‍ നമുക്ക് ഈ മഹാമാരിയെയും ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് ചികില്‍സയ്ക്കായി നിരവധി മാര്‍ഗങ്ങളാണ് ഇപ്പോഴുള്ളത്. ആഗോളതലത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ നിരക്ക് കുറവാണെന്ന കാര്യവും സന്ദേശത്തില്‍ ഡബ്ല്യുഎച്ച്ഒ മേധാവി സൂചിപ്പിച്ചു. രണ്ടു വര്‍ഷം മുന്‍പാണ് ലോകത്ത് ആദ്യമായി ചൈനയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത വിവരം ഡബ്ല്യുഎച്ച്ഒ സ്ഥിരീകരിക്കുന്നത്. നിലവില്‍ 28 കോടിയാണ് ആഗോളതലത്തില്‍ കൊവിഡ് കേസുകളുടെ കണക്ക്. ഇതുവരെയായി വൈറസ് ബാധിച്ച് 55 ലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തു.
യൂറോപ്പിലെയും അമേരിക്കയിലെയും മിക്ക രാജ്യങ്ങളിലും ഭൂരിഭാഗം ജനങ്ങളും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കില്‍ മറ്റു പലയിടത്തും വാക്‌സിനേഷന്‍ പാതിഘട്ടം പോലും പിന്നിട്ടിട്ടില്ല. ഇതിനാല്‍, അടുത്ത ജൂലൈക്കുള്ളില്‍ മുഴുവന്‍ രാജ്യങ്ങളിലും 70 ശതമാനം ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യം ഡബ്ല്യുഎച്ച്ഒ നിശ്ചയിച്ചിട്ടുണ്ട്. സങ്കുചിതത്വം അവസാനിപ്പിച്ചെങ്കില്‍ മ്താരമേ മഹാമാരിയെ തുരത്താനാകൂ എന്ന നിലപാടിലാണ് ഡബ്ല്യുഎച്ച്ഒ മേധാവി.