വട്ടിയൂര്‍ക്കാവ്: വി കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Update: 2019-09-25 07:22 GMT

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവും. സിപിഎം സംസ്ഥാന നേതൃത്വം വി കെ പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച് ജില്ലാ സെക്രട്ടേറിയറ്റില്‍ സംസ്ഥാന നേത്യത്വത്തിന്റെ നിര്‍ദേശം റിപോര്‍ട്ട് ചെയ്തു. പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളും മേയര്‍ എന്ന നിലയില്‍ നടത്തിയ

    പ്രവര്‍ത്തനങ്ങളുമാണ് യുവനേതാവിനെ പരിഗണിക്കാന്‍ കാരണം. ഇക്കഴിഞ്ഞ പ്രളയകാലത്ത് പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയിരുന്നു. അര്‍ധരാത്രിയും സജീവമായി സേവനത്തിലേര്‍പ്പെട്ട പ്രശാന്തിനെ സാമൂഹികമാധ്യമങ്ങളിലും വന്‍ സ്വീകാര്യതയാണു ലഭിച്ചത്. ഇതാണ് ജാതിസമവാക്യങ്ങള്‍ക്കപ്പുറം ഒരു സ്ഥാനാര്‍ഥിയെ നിലനിര്‍ത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുടെ തുടക്കത്തില്‍ തന്നെ വി കെ പ്രശാന്തിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.

    ഇതോടൊപ്പം, കശ്മീര്‍ വിഷയത്തില്‍ കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഐഎഎസ് രാജിവച്ച കണ്ണന്‍ ഗോപിനാഥന്‍ ഉള്‍പ്പെടെയുള്ളവരുടെയും പേരുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നേട്ടങ്ങളും മേയറെന്ന നിലയിലെ പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടാന്‍ പ്രശാന്തിന് കഴിയുമെന്നതാണ് അദ്ദേഹത്തിനു തന്നെ സീറ്റുറപ്പിക്കാന്‍ കാരണം. ജില്ലയില്‍ നിന്നുള്ള സംസ്ഥാനസമിതി അംഗങ്ങളടക്കം പ്രശാന്തിന്റെ പേരാണു നല്‍കിയത്. സംസ്ഥാന നേതൃത്വത്തിനും ഇതുതന്നെയായിരുന്നു താല്‍പര്യം. ഇതിനു പുറമെ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, കെ എസ് സുനില്‍കുമാര്‍ എന്നിവരുടെ പേരും ചിലര്‍ ഉന്നയിച്ചിരുന്നെങ്കിലും പ്രശാന്തിനെ കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ലായിരുന്നു.

    എസ്എഫ്‌ഐയിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ വി കെ പ്രശാന്ത് തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലാണ് പ്രീഡിഗ്രി പഠനം. മാഗസിന്‍ എഡിറ്റര്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. കഴക്കൂട്ടം പഞ്ചായത്തിലെ കരിയില്‍ വാര്‍ഡിലെ പ്രായം കുറഞ്ഞ മെംബറായിരുന്നു. പേരൂര്‍ക്കട ലോ അക്കാദമിയില്‍ പഠനത്തിനിടെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം, കഴക്കൂട്ടം ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചാണ് 2015ല്‍ പ്രശാന്ത് മേയറായത്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ ജനങ്ങള്‍ക്ക് അറിയാമെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്യാറുണ്ടെന്നും സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് വി കെ പ്രശാന്ത് പ്രതികരിച്ചു.

Tags:    

Similar News