പരിഹസിക്കേണ്ട; മുഖ്യമന്ത്രി നിവര്‍ന്നുനില്‍ക്കുന്നത് ബിജെപി നല്‍കിയ ഊന്നുവടിയില്‍: വി ഡി സതീശൻ
ലാവ്‌ലിന്‍ കേസില്‍ നിന്നും സ്വര്‍ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയ ഊന്നുവടിയിലാണ് മുഖ്യമന്ത്രി നിവര്‍ന്നുനില്‍ക്കുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രി ഇപ്പാള്‍ നിവര്‍ന്നുനില്‍ക്കുന്ന ഊന്നുവടി കോണ്‍ഗ്രസിനോ, യുഡിഎഫിനോ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിന് ചില ദൗര്‍ബല്യങ്ങളുണ്ട്. അതുകൊണ്ടാണ് രണ്ട് തിരഞ്ഞടുപ്പുകളില്‍ തോറ്റത്. ആ ദൗര്‍ബല്യം പരിഹരിച്ച് മുന്നോട്ടുപോകുന്നതിനെ എന്തിനാണ് മുഖ്യമന്ത്രി പരിഹസിക്കുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.
ലാവ്‌ലിന്‍ കേസില്‍ നിന്നും സ്വര്‍ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയ ഊന്നുവടിയിലാണ് മുഖ്യമന്ത്രി നിവര്‍ന്നുനില്‍ക്കുന്നത്. അത് ഞങ്ങള്‍ക്ക് വേണ്ട. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് അതിന്റെ ജനകീയ അടിത്തറ വിപുലമാക്കുന്നതില്‍ എന്തിനാണ് മുഖ്യമന്ത്രി അസ്വസ്ഥനാകുന്നത്. അടുത്തിടെയായി മുഖ്യമന്ത്രിയില്‍ വല്ലാത്ത രീതിയില്‍ അരക്ഷിതത്വബോധം വളരുകയാണ്. അതാണ് ഇങ്ങനെ മറ്റുള്ളവരെ പരിഹസിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നടത്തിയ ശിബിരത്തെ കുറിച്ച് ഇത്ര നന്നായി പഠിച്ചതിനും അതിന്റെ ചരിത്രമന്വേഷിച്ച് പോയതിനും ഒരു പേജ് തയ്യാറാക്കി പത്രസമ്മേളനത്തിന് മുഖ്യമന്ത്രിയോട് നന്ദി പറയുന്നു. രാജ്യത്ത് കോണ്‍ഗ്രസ് നടത്തിയ ചിന്തന്‍ ശിബിരത്തെ കുറിച്ച് ഇത്ര പഠിച്ച മറ്റൊരാളില്ല. അവിടെ നടന്നത് എന്താണെന്ന് മുഖ്യമന്ത്രിക്ക് ധാരണയില്ലെന്നും സതീശന്‍ പറഞ്ഞു.
തുടര്‍ഭരണം കിട്ടിയപ്പോള്‍ കൂടെ ലഭ്യമായ ധാര്‍ഷ്ട്യം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയിലായിരുന്നു സില്‍വര്‍ ലൈന്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് സതീശന്‍ പറഞ്ഞു. അതിനെതിരേ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് മാത്രമല്ല സമരങ്ങളെ അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ കൊണ്ട് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടത്തിയത്. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ, റെയില്‍വേ ബോര്‍ഡിന്റെ അനുമതിയില്ലാതെ, ഡിപിആര്‍ പോലും പൂര്‍ണമായി തയ്യാറാക്കാതെ, അലൈന്‍മെന്റ് തീരുമാനിക്കാതെ എന്തിന് വേണ്ടിയാണ് ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും സതീശന്‍ ചോദിച്ചു.
ജപ്പാന്‍ കമ്പനിയുമായി ധാരണയുണ്ടാക്കി ഭൂമി ഏറ്റെുടത്ത് വലിയ തുക ലോണ്‍ എടുത്ത് വന്‍ അഴിമതി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീങ്ങിയത്. അതായിരുന്നു ഇക്കാര്യത്തില്‍ അനാവശ്യമായ ധൃതി കാണിച്ചതെന്ന് സതീശന്‍ പറഞ്ഞു. ഈ പദ്ധതി നടപ്പാക്കിയാല്‍ പ്രകൃതി ദുരന്തം ക്ഷണിച്ചുവരുത്തുമെന്നും ശ്രീലങ്കയെപോലെ സാമ്പത്തിക തകര്‍ച്ചയിലേക്ക് കേരളത്തെ നയിക്കുമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.