ഇന്ത്യയില്‍ കുതിച്ചുയര്‍ന്ന് വിദ്വേഷ പ്രചാരണം; യുപിഎ ഭരണത്തില്‍-19, മോദി ഭരണത്തില്‍-348

Update: 2022-06-07 07:22 GMT

ന്യൂഡല്‍ഹി: മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തില്‍ രാജ്യത്ത് വിദ്വേഷ പ്രചാരണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് റിപ്പോര്‍ട്ട്. 'ടിആര്‍ടി വേള്‍ഡ്' മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയില്‍ കണക്ക് പുറത്ത് വിട്ടത്. 2009 മുതല്‍ 2014 വരേയുള്ള രണ്ടാം യുപിഎ ഭരണത്തില്‍ 19 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2014 മുതല്‍ 2022 വരേയുള്ള മോദി ഭരണത്തില്‍ അത് 348 ആയി ഉയര്‍ന്നു. മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി മുതിര്‍ന്ന ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രചാരണങ്ങളുടെ കണക്ക് മാത്രമാണിത്. എന്‍ഡിടിവിയുടെ സര്‍വേ അടിസ്ഥാനമാക്കിയാണ് ടിആര്‍ടി വേള്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

'ഇന്ത്യ ഭരിക്കുന്ന ബിജെപിയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ പ്രസംഗങ്ങളിലൂടെയും നയങ്ങളിലൂടെയും ഒരു ദശാബ്ദത്തോളമായി മുസ് ലിംകളെ ലക്ഷ്യമിടുന്നു. ഇപ്പോള്‍ ബിജെപിയുടെ വക്താവ് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി. അവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര രോഷത്തിന് കാരണമാവുകയും ചെയ്തു'. കണക്ക് പുറത്ത് വിട്ടുകൊണ്ട് ടിആര്‍ടി വേള്‍ഡ് ട്വീറ്റ് ചെയ്തു.

മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ മുസ് ലിം രാജ്യങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ പ്രതികരണവുമായി യുഎന്‍ വക്താവും രംഗത്തെത്തി. എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും യുഎന്‍ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.

ബിജെപിയുടെ മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയും ഡല്‍ഹി മാധ്യമ മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലും പ്രവാചകനെതിരെ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വക്താവ്.

'ഞാന്‍ വാര്‍ത്തകള്‍ കണ്ടു. ഈ പരാമര്‍ശങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍, എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും ഞങ്ങള്‍ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പറയാനുള്ളത്'. സെക്രട്ടറി ജനറലിന്റെ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക് തിങ്കളാഴ്ച പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രവാചകനെതിരേയുള്ള അവരുടെ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം പല രാജ്യങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നതോടെ ശര്‍മ്മയെ ബിജെപി ഞായറാഴ്ച സസ്‌പെന്‍ഡ് ചെയ്യുകയും ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു.

ഇന്തോനേഷ്യ, സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍, ബഹ്‌റൈന്‍, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ തിങ്കളാഴ്ച നിരവധി മുസ്‌ലിം രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളെ അപലപിച്ചു.

Tags:    

Similar News