നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കുന്നതിലെ പൊതുതാല്‍പര്യമെന്ത് ?; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: നിയമസഭാ കൈയാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് സുപ്രിംകോടതി. കേസ് തീര്‍പ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ വാദം നടക്കവെയാണ് സുപ്രിംകോടതി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. മണിക്കൂറുകളോളം നീണ്ട വാദപ്രതിവാദങ്ങള്‍ത്തൊടുവില്‍ കേസ് വിധി പറയാന്‍ സുപ്രിംകോടതി മാറ്റി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് സര്‍ക്കാരിനെതിരേ വീണ്ടും വിമര്‍ശനമുന്നയിച്ചത്. നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കുന്നതിലെ സര്‍ക്കാരിന്റെ പൊതുതാല്‍പര്യമെന്താണെന്ന് സുപ്രിംകോടതി ചോദിച്ചു.
സഭയില്‍ അക്രമം നടത്തിയത് എന്തിനാണെന്ന് വിശദീകരിക്കണം. സഭയിലെ അക്രമങ്ങളില്‍ സാമാജികര്‍ക്ക് നിയമപരിരക്ഷയില്ല. വാഗ്വാദങ്ങള്‍ അക്രമത്തിലേക്ക് നയിക്കാന്‍ പാടില്ല. 'കോടതിയെ നോക്കൂ, ചിലപ്പോള്‍ ഇവിടെ രൂക്ഷമായ വാഗ്വാദങ്ങള്‍ നടക്കാറുണ്ട്. അത് കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിന് ന്യായീകരണമാണോ? സഭയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സംശയമില്ല. ഒരു എംഎല്‍എ റിവോള്‍വര്‍ കൊണ്ട് നിറയൊഴിച്ചാല്‍ എന്തുചെയ്യും. ഇക്കാര്യത്തില്‍ സഭയ്ക്കാണ് പരമാധികാരമെന്നു പറയാനാവുമോ?' ജസ്റ്റിസ് ചന്ദ്രചൂഢ് പരിഹാസത്തോടെ ചോദിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭയ്ക്കാണ് പരമാധികാരമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചത്.
പി വി നരസിംഹറാവു ജഡ്ജ്‌മെന്റില്‍ കോടതി അക്കാര്യം ചൂണ്ടിക്കാട്ടിയതായും കുമാര്‍ പറഞ്ഞു. ഈ വേളയിലായിരുന്നു കോടതിയുടെ പ്രതികരണം. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമനിര്‍മാണ സഭ. അത് എംഎല്‍എമാര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് പൊതുതാല്‍പ്പര്യമാണുള്ളതെന്നും കോടതി ചോദിച്ചു. എന്നാല്‍, രാഷ്ട്രീയ പ്രതിഷേധങ്ങള്‍ സ്വഭാവികമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. പ്രോസിക്യൂഷന്‍ നടപടി തുടരാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. നിയമസഭ പൊതുസ്വത്താണ്. സര്‍ക്കാര്‍ പൊതു സ്വത്തിന്റെ സൂക്ഷിപ്പുകാരനാണ്- വാദങ്ങള്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് ജസ്റ്റിസ് ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു.
അതേസമയം, നിയമസഭയില്‍ പ്രതിഷേധിച്ചത് കെ എം മാണിക്കെതിരേയാണെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ മാറ്റി. പ്രതിഷേധം അന്നത്തെ സര്‍ക്കാരിന്റെ അഴിമതിക്കെതിരേയായിരുന്നുവെന്നും സുപ്രിംകോടതിയില്‍ നിലപാടെടുത്തു. എന്നാല്‍, വാദിക്കേണ്ടത് പ്രതികള്‍ക്കായല്ലെന്നും എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് പൊതുതാല്‍പര്യത്തിന് നിരക്കുന്നതോണോയെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. ഭരണപക്ഷവും സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നുവെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ പറഞ്ഞത്. അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു നിയമസഭാ കൈയാങ്കളി കേസില്‍ ആദ്യം വാദം നടന്നപ്പോള്‍ സംസ്ഥന സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്.
ഇതെത്തുടര്‍ന്ന് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കെ എം മാണിക്കെതിരേ നടത്തിയ അഴിമതിക്കാരനെന്ന പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍, പരസ്യമായി ഇതിനെ എതിര്‍ത്തിരുന്നില്ല. മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാരിന് അഭിപ്രായമില്ലെന്ന് സിപിഎം നേതാക്കള്‍ വിശദീകരിച്ചതോടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ അയയുകയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയില്‍ പ്രതികള്‍ കുറ്റവിചാരണ നേരിടണമെന്ന് ബെഞ്ച് പറഞ്ഞിരുന്നു.