പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പുതിയൊരു പണം കൈമാറല്‍ സംവിധാനം പുറത്തിറക്കും. ഇ-റുപി എന്ന് പേരിട്ടിരിക്കുന്ന ഇത് മറ്റ് സംവിധാനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ധനകാര്യമന്ത്രാലയം, ആരോഗ്യമന്ത്രാലയം, ദേശീയ ഹെല്‍ത്ത് അഥോറിറ്റി എന്നിവര്‍ സംയുക്തമായാണ് ഇ-റുപി വികസിപ്പിച്ചിരിക്കുന്നത്.
ഇ-റുപി ഒരു ഇ-വൗച്ചര്‍ സംവിധാനമാണ്. ഇ-സമ്മാന കാര്‍ഡെന്നും പറയാം. പ്രിപെയ്ഡ് സംവിധാനമായാണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഡ് കൈവശമുള്ളയാള്‍ക്ക് അതിലെ കോഡ് മറ്റൊരാള്‍ക്ക് എസ്എംഎസ് വഴിയോ ക്യുആര്‍ കോഡ് വഴിയോ കൈമാറാം.
ഇ-വൗച്ചര്‍ പ്രത്യേക വ്യക്തിക്ക് പ്രത്യേക ആവശ്യത്തിനാണ് നല്‍കുന്നത്. മറ്റാവശ്യങ്ങള്‍ക്ക് അത് ഉപയോഗിക്കാനാവില്ല. ഉദാഹരണത്തിന് നാം വാക്‌സിന്‍ നല്‍കാന്‍ ഇ-റുപി വൗച്ചര്‍ വാങ്ങി അതിന്റെ കോഡ് മറ്റൊരാള്‍ക്ക് നല്‍കിയാല്‍ അദ്ദേഹത്തിന് അതുപയോഗിച്ച് വാക്‌സിന്‍ എടുക്കാം. മറ്റാവശ്യങ്ങള്‍ക്ക് അതുപയോഗിക്കാന്‍ കഴിയില്ല.
ഇ-റുപി മറ്റ് ഓണ്‍ലൈന്‍ പെയ്‌മെന്റ് പദ്ധതി പോലെയല്ല. പ്രത്യേക സര്‍വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ആരോഗ്യമേഖലയില്‍. ഇതുപയോഗിക്കുന്ന ആള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ടോ ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പോ സ്മാര്‍ട്ട് ഫോണ്‍ പോലുമോ ആവശ്യമില്ല. ഇതാണ് മറ്റ് ഓണ്‍ലൈന്‍ പെയ്‌മെന്റില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടാണ് ഇത് ഉപയോഗിക്കുന്നത്. ഏതെങ്കിലും തൊഴിലാളിക്ക് ഒരു കമ്പനി ചികില്‍സക്ക് പണം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇ-റുപി വഴി നല്‍കാം. നല്‍കുന്ന കാര്യത്തിനല്ലാതെ മറ്റൊന്നിനും ഇത് ഉപയോഗിക്കാനാവില്ല. ഒരാള്‍ക്ക് ഒരു സ്വകാര്യ ആശുപത്രിയില്‍നിന്ന് വാക്‌സിന്‍ എടുക്കാന്‍ ഇ-വൗച്ചര്‍ വാങ്ങി തന്റെ സുഹൃത്തിന് സമ്മാനിക്കാം.
വാങ്ങുന്നയാള്‍ക്ക് തന്റെ വൗച്ചര്‍ ഉപയോഗിച്ചിരുന്നോ എന്ന് ട്രാക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്.
ഇത് ഉപയോഗിക്കുന്നയാള്‍ തന്റെ സ്വകാര്യ വിവരങ്ങള്‍ കൈമാറേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
പണം തിരിച്ചെടുക്കാന്‍ വൗച്ചറിന്റെ ഹാര്‍ഡ് കോപ്പിയോ മറ്റെന്തെങ്കിലുമോ ആവശ്യമില്ല. ക്യുആര്‍ കോഡ് തന്നെ ധാരാളം.
നിലവില്‍ എട്ട് ബാങ്കുകളാണ് ഇ-റുപ്പി പദ്ധതിയിള്‍ ഉള്‍പ്പെടുന്നത്.
എസ്ബിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്.
ഇ-റുപി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടതായതുകൊണ്ട് കന്ദ്രീകൃത സംവിധാനത്തിലൂടെ എന്തൊക്കെ വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തിയെടുക്കാമെന്ന് ഇപ്പോള്‍ വ്യക്തമല്ല. പക്ഷേ, ഇതേ കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.