ഗാസിയാബാദ് പോലിസ് ട്വിറ്റര്‍ എംഡിയോട് പോലിസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 'ജയ്ശ്രീറാം' വിളിക്കാത്തതിന് മര്‍ദ്ദിക്കുകയും താടി മുറിക്കുകയും ചെയ്തെന്ന് മുസ്ലിം വയോധികന്‍ ആരോപിച്ച വീഡിയോ പങ്കുവച്ചതിന്റെ പേരിലാണ് ട്വിറ്ററിന് ഉത്തര്‍പ്രദേശ് പോലിസ് നോട്ടീസ് അയച്ചിരിക്കുന്നത്. വയോധികനെ മര്‍ദ്ദിച്ച സംഭവം തെറ്റായ തരത്തില്‍ പ്രചരിപ്പിച്ചുവെന്നാണ് പോലിസ് പറയുന്നത്. എംഡി മനീഷ് മഹേശ്വരി ഏഴു ദിവസത്തിനകം ഡല്‍ഹിക്ക് സമീപമുള്ള ലോണി ബോര്‍ഡറിലെ പോലിസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാവണം.
നേരത്തെ എംഡി മനീഷ് മഹേശ്വരിയെ അദ്ദേഹത്തിന്റെ ബംഗളൂരുവിലെ വീട്ടിലെത്തി ഡല്‍ഹി പോലിസിലെ ഒരു സംഘം മറ്റൊരു കേസില്‍ ചോദ്യംചെയ്തിരുന്നു. അതിനു മുമ്പ് ഡല്‍ഹിയില്‍ ട്വിറ്ററിന്റെ ഓഫിസില്‍ എത്തി ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആരും ഓഫിസിലില്ലാത്തതിനാല്‍ വിചാരിച്ച കാര്യം നടന്നില്ല.
വിവിധ ജനവിഭാഗങ്ങള്‍ അവരുടെ അഭിപ്രായങ്ങളും പ്രതിഷേധങ്ങളും സഹജീവികളുമായി പങ്കുവയ്ക്കുന്ന ഒരു ഇടത്തെ ഭരണകൂടം സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍. രാജ്യത്തെ ഏത് മാധ്യമവും സാമൂഹികമാധ്യമങ്ങളും ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനിടയിലും സ്വാതന്ത്ര്യത്തിന്റെ ഒരു തുറസ്സ് എല്ലാ മാധ്യമങ്ങളും ഉണ്ടാക്കിയെടുക്കുന്നു. ഈ തുറസ്സിനെയും ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ട്വിറ്ററിനെതിരേ നടക്കുന്ന നടപടികള്‍ ഇതിന്റെ ഭാഗമാണ്.
കോണ്‍ഗ്രസ്സിന്റെ ലെറ്റര്‍ ഹെഡില്‍ വ്യാജരേഖ നിര്‍മിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ടൂള്‍കിറ്റ് ആരോപണം ഉന്നയിച്ച ബിജെപി വക്താവ് സാംബിത് പത്രക്കെതിരേ കോണ്‍ഗ്രസ് സാമൂഹികമാധ്യമ വിഭാഗം മേധാവി രോഹന്‍ ഗുപ്തയും വക്താവ് എം വി രാജീവ് ഗൗഢയും ഏതാനും ആഴ്ച മുമ്പ് പരാതി നല്‍കിയിരുന്നു.
മെയ് 18ലെ ഒരു ട്വീറ്റുമായി ബന്ധപ്പെട്ടാണ് സാംബിത് പത്രക്കെതിരേയും പോസ്റ്റ് ഷെയര്‍ ചെയ്ത മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരേയും കോണ്‍ഗ്രസ് പരാതി നല്‍കിയത്. ടൂള്‍കിറ്റ് നിര്‍മിച്ച് കോണ്‍ഗ്രസ്, പ്രധാനമന്ത്രിയെയും കൊവിഡ് പ്രതിരോധത്തെയും തകര്‍ക്കുകയാണെന്നായിരുന്നു സാംബിത്തിന്റെ ട്വീറ്റ്. കോണ്‍ഗ്രസ്സിന്റെ ലെറ്റര്‍ ഹെഡിലുള്ള ഒരു അറിയിപ്പും അതോടൊപ്പം ചേര്‍ത്തിരുന്നു.
ഇതിനെതിരേ കോണ്‍ഗ്രസ് ട്വിറ്ററിന് പരാതി നല്‍കി. സാംബിത് പത്ര പങ്കുവച്ച സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നും തങ്ങളുടെ ലെറ്റര്‍ ഹെഡ് വ്യാജമായി നിര്‍മിച്ചതാണെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പുതിയ കൊവിഡ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം, മോദി വകഭേദമെന്നും കുംഭമേളയെ സൂപ്പര്‍ സ്പെഡര്‍ കുംഭ എന്നും വിശേഷിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് സാംബിത് പത്രയുടെ ആരോപണം. തുടര്‍ന്നാണ് സാംബിത് പത്രയുടെ ട്വീറ്റില്‍ രേഖയോടൊപ്പം മാനിപ്പുലേറ്റഡ് മീഡിയ എന്ന ടാഗ് ലൈന്‍ പ്രത്യക്ഷപ്പെട്ടത്.
അടുത്ത ദിവസം ടാഗ് നീക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ ട്വിറ്ററിനെഴുതി. ഡല്‍ഹി പോലിസ് നോട്ടിസും അയച്ചു.
ട്വിറ്റര്‍ ഉദ്യോഗസ്ഥനെയും പരാതി നല്‍കിയവരെയും ചോദ്യം ചെയ്ത പോലിസ് കുറ്റാരോപിതനായ സാംബിത് പത്രയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നിടത്താണ് ഇതിന്റെ രസം.
മാനിപ്പുലേറ്റഡ് മീഡിയ എന്ന് രേഖപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയാനാണ് പോലിസ് ബെംഗളൂരുവിലെത്തിയതത്ര. പക്ഷേ, ഓഫിസ് അടഞ്ഞുകിടന്നിരുന്നതുകൊണ്ട് അവര്‍ക്ക് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. ഇതേ കാര്യമാണ് ബെംഗളൂരുവിലെത്തിയ സംഘവും ചോദിച്ചത്.
കൃത്യമായി ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന ഈ സംഭവവും കേന്ദ്ര സര്‍ക്കാര്‍ സ്വന്തം താല്‍പ്പര്യത്തിന് ഉപയോഗിക്കുന്നുവെന്നിടത്താണ് ഈ സംഭവം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇപ്പോള്‍ യുപി പോലിസിനെ ഉപയോഗിച്ച് ചെയ്യുന്നതും ഇതുതന്നെ, മറ്റൊരു കേസിലാണെന്നു മാത്രം. ട്വിറ്ററിനെ വളഞ്ഞുപിടിക്കുന്നതിന്റെ ഭാഗമാണ് ഇത്.
ഇതോടൊപ്പം രാജ്യത്ത് മറ്റൊരു സംഭവവും അരങ്ങേറി. 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഐടി റൂളിനനുസരിച്ച് സാമൂഹികമാധ്യങ്ങള്‍ ചില നടപടികള്‍ കൊക്കൊള്ളേണ്ടിയിരുന്നു. നോഡല്‍, ഗ്രീവന്‍സ് ഓഫിസര്‍മാരെ നിയമിക്കുകയായിരുന്നു അതിലൊന്ന്. അതിനനുസരിച്ച് ചില ക്രമീകരണങ്ങള്‍ ട്വിറ്റര്‍ നടത്തുകയും ചെയ്തു. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. അതുകൊണ്ട് സ്വന്തം മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനിയ്ക്കും ബാധ്യതയുണ്ടെന്നാണ് പല മാധ്യമങ്ങളും കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തത്. യഥാര്‍ത്ഥത്തില്‍ 2000ത്തിലെ ഐടി നിയമത്തിന്റെ വകുപ്പനുസരിച്ച് അത്തരമൊരു ബാധ്യത നിലനില്‍ക്കുന്നതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം മാധ്യമങ്ങളില്‍ ഒരോ കേസും പ്രത്യേകം പ്രത്യേകമായാണ് പരിഗണിക്കുകയത്രെ. അതിന്റെ വിശദാംശങ്ങള്‍ കൈമാറുന്നതോടെ അവരുടെ ബാധ്യ ത തീരും.
വിവിധ സാമൂഹികമാധ്യമങ്ങള്‍, ഒടിടി പ്ലാറ്റ് ഫോമുകള്‍ എന്നിവിടങ്ങളില്‍ വരുന്ന ഉള്ളടക്കങ്ങളെ നിയന്ത്രിക്കുകയാണ് ഇത്തരം സാങ്കേതികപ്രശ്‌നമുന്നയിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നത്. അതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു.
ബിജെപിക്കെതിരേ ഉന്നയിക്കപ്പെട്ട ഒരു കേസ് പോലും ട്വിറ്ററിനെതിരേ നടപടിക്കു കാരണമാവുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന കയ്യടക്കം ഒരു ഫാഷിസ്റ്റ്, വംശീയ അധികാരകേന്ദ്രത്തിനു മാത്രമേ സാധ്യമാവൂ. അതാണിപ്പോള്‍ ട്വിറ്റര്‍ എപ്പിസോഡിലൂടെ കടന്നുപോകുന്നത്. ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ നിന്ന് അധികാരികള്‍ പിന്‍മാറണം.