വിയന്ന: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ 89 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ). ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നുദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാവുകയാണെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഒമിക്രോണിന്റെ 'തീവ്രവ്യാപനം' ആണ് ഉണ്ടാവുന്നത്. അതുകൊണ്ട് പല രാജ്യങ്ങളിലും ഭീതി വിതച്ച ഡെല്‍റ്റയെ ഒമിക്രോണ്‍ മറികടക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുകളുള്ള രാജ്യങ്ങളിലും ജനസംഖ്യയുടെ ഗണ്യമായ അനുപാതം കൊവിഡില്‍നിന്ന് കരകയറിയ രാജ്യങ്ങളിലും ഒമിക്രോണ്‍ അതിവേഗം പടരുകയാണ്. ഒമിക്രോണിന്റെ തീവ്രത, അപകടശേഷി, വാക്‌സീന്‍ പ്രതിരോധത്തെ മറികടക്കുമോ തുടങ്ങിയവയില്‍ നിഗമനങ്ങളിലെത്താന്‍ കൂടുതല്‍ ഡേറ്റ ലഭ്യമാവേണ്ടതുണ്ട്. നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതിനാലാണോ ഒമിക്രോണ്‍ അതിവേഗത്തില്‍ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ല. എങ്കിലും മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തീവ്രമായി പകരുന്നതാണ് ഒമിക്രോണ്‍ എന്നും ലോകാരോഗ്യസംഘടന അറിയിച്ചു.