ഇഡിയുടെ വിശാല അധികാരങ്ങള്‍;വിധി പുനപരിശോധിക്കുമെന്ന് സുപ്രിംകോടതി
കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ പുനപരിശോധനാ ഹരജിയില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്
കള്ളപ്പണം തടയേണ്ടതാണെന്ന കാര്യത്തില്‍ കോടതിക്കു സംശയമൊന്നുമില്ലെന്ന് ഹരജി പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിന് പുതിയൊരു ബെഞ്ച് രൂപീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുനപരിശോധനാ ഹരജി നല്‍കിയവര്‍ക്ക് സുപ്രിംകോടതി നോട്ടിസ് അയച്ചു. പുനപരിശോധനാ ഹരജിയെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. വിധിയില്‍ ഗുരുതരമായ വസ്തുതാ പിഴവ് ഉണ്ടെങ്കില്‍ മാത്രമേ പുനപരിശോധന നടത്താവൂ എന്ന് തുഷാര്‍ മേത്ത വാദിച്ചു.
ഇഡിക്ക് പരമാധികാരം നല്‍കുന്ന വിധി ജൂലൈ 27 ന് പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചാണ്.നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടല്‍, ജാമ്യത്തിനായുള്ള കര്‍ശന വ്യവസ്ഥകള്‍ തുടങ്ങിയവ കോടതി ശരിവച്ചിരുന്നു.കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി എന്നിവരുടേതുള്‍പ്പെടെ 241 ഹരജികള്‍ പരിഗണിക്കവേയാണ് ഇഡിയുടെ അധികാരങ്ങള്‍ ശരിവച്ചത്. ഇഡി പോലിസ് അല്ലെന്നും ഇസിഐആര്‍ രഹസ്യരേഖയായി കണക്കാക്കാമെന്നും വിധിയില്‍ പറയുന്നു.
വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡിക്ക് വിശാല അധികാരം നല്‍കുന്നതിനെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സുപ്രധാനമായ മറ്റൊരു വിധിയില്‍ വിമര്‍ശിച്ചിരുന്നു.