സ്ത്രീ പ്രവേശന വിവാദം: ശബരിമല പ്രത്യേക സുരക്ഷാമേഖലയായി തുടരും

കോടതി ഉത്തരവുണ്ടെങ്കിലും സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെ ക്ഷേത്ര പരിസരം സംഘര്‍ഷ ഭരിതമായിരുന്നു

Update: 2021-11-04 09:20 GMT

പത്തനംതിട്ട: സ്ത്രീപ്രവേശന വിവാദം നിലനില്‍ക്കുന്നതിനാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി ശബരിമലയെയും പരിസര പ്രദേശങ്ങളയും പ്രത്യേക സുരക്ഷാമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശബരിമലയില്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഒരു വര്‍ഷത്തേക്ക് കൂടി പ്രത്യേക സുരക്ഷാമേഖലയായി നിലനിര്‍ത്തണമെന്നുമുള്ള പോലിസന്റെ ആവശ്യം അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേരളത്തില്‍ വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. കോടതി ഉത്തരവുണ്ടെങ്കിലും സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെ ക്ഷേത്ര പരിസരം സംഘര്‍ഷ ഭരിതമായിരുന്നു. സംഘപരിവാര സംഘടനകള്‍ ഇതിനെ സര്‍ക്കാറിനെതിരേയുള്ള പ്രക്ഷോഭമാക്കി ഏറഅറെടുത്തതോടെയാണ് രംഗം വഷളായത്. ഇതേ തുടര്‍ന്ന് 2018 ലാണ് ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയാക്കിയത്. ഇലവുങ്കല്‍ മുതല്‍ കുന്നാര്‍ഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുന്നത്.

കൊവിഡ് വ്യാപന ഭീതി നീങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ജനങ്ങളെ കടത്തിവിടുന്നത്. ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി ശബരിമല തുറന്നപ്പോള്‍ വന്‍ ഭക്തജന പ്രവാഹമാണുണ്ടായത്. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായെത്തുന്ന ഭക്തര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസ് അടിച്ച സര്‍ട്ടിഫിക്കറ്റ് അതല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോടതി വിധിയുടെ പശ്ചാതലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കാന്‍ പോലിസിന് ആവില്ല. എന്നാല്‍ സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനാവില്ലെന്ന നിലപാടാണ് പോലിസും സര്‍ക്കാറും നേരത്തെ കൈക്കൊണ്ടിരുന്നത്.

Tags:    

Similar News