ശിശു പരിപാലനത്തിനു കാശില്ല; യുപിയില്‍ ഓരോ പശുവിനും മാസം 900 രൂപ
പദ്ധതി നടപ്പിലാവുന്നതോടെ നിരവധി പശുക്കള്‍ക്കായി വന്‍തുക തന്നെ വകയിരുത്തേണ്ടി വരും. ഓരോ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും ഇത്തരത്തില്‍ പണം നല്‍കും
ലഖ്‌നോ: ഓക്‌സിജന്‍ ലഭിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ നൂറുകണക്കിനു കുരുന്നുകള്‍ മരിച്ചു വീണ ഉത്തര്‍പ്രദേശില്‍ പശുപരിപാലനത്തിനു പുതിയ പദ്ധതിയുമായി യോഗി സര്‍ക്കാര്‍. തെരുവ് പശുക്കളെ സംരക്ഷിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണമെത്തുന്ന രീതിയാണ് യോഗി സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ പശുവിനും ദിവസം 30 രൂപ വീതം മാസം 900 രൂപയാണ് പശുപരിപാലകന്റെ അക്കൗണ്ടിലെത്തുക. പദ്ധതി നടപ്പിലാവുന്നതോടെ നിരവധി പശുക്കള്‍ക്കായി വന്‍തുക തന്നെ വകയിരുത്തേണ്ടി വരും. ഓരോ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും ഇത്തരത്തില്‍ പണം നല്‍കും.
പദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അടിയന്തിര യോഗം ചേരുകയും പദ്ധതി ഉടന്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. പശുക്കളുടെ ആരോഗ്യത്തെ കുറിച്ചു ഗോസേവാ ആയോഗ് ചെയര്‍പേഴ്‌സനും വൈസ് ചെയര്‍പേഴ്‌സനും ജില്ലകളില്‍ പരിശോധന നടത്തണം. ഈ സമയത്തു ജില്ലാ അധികാരികളും പോലിസും യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തണം. ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പോലിസ് മേധാവി, മൃഗഡോക്ടര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണം. ഗോസേവാ ആയോഗ് പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. ഇതിനായി സ്ഥിരം സംവിധാനമൊരുക്കണം. ആയോഗിലെ അംഗങ്ങള്‍ക്കു ഹൗസിങ് അലവന്‍സും സുരക്ഷയും അനുവദിക്കും- തുടങ്ങിയ തീരുമാനങ്ങളും യോഗത്തില്‍ യോഗി അറിയിച്ചു.
ആരോഗ്യരംഗത്തു ദേശീയ തലത്തില്‍ എറ്റവും പുറകില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. നിരന്തരമായ പവര്‍കട്ടു മൂലം സര്‍കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മൊബൈല്‍ വെളിച്ചത്തില്‍ ചികില്‍സ നടത്തുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തില്‍ ദേശീയ ആരോഗ്യരക്ഷാ സൂചികപ്രകാരം ഉത്തര്‍പ്രദേശ് ആരോഗ്യരംഗത്ത് ഏറ്റവും മോശം അവസ്ഥയിലാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും 2017-18 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യസൂചിക തയ്യാറാക്കിയത്. ആരോഗ്യമേഖലയിലെ ഫലസൂചികകള്‍, ഭരണപരമായ സൂചികകള്‍, ആരോഗ്യസംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ് നടത്തിയത്.
ഉത്തര്‍പ്രദേശിലെ രോഗി-ഡോക്ടര്‍ അനുപാതം കൂടിയറിഞ്ഞാലേ ആരോഗ്യമേഖലയെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. സംസ്ഥാനത്ത് 20000ത്തോളം രോഗികള്‍ക്ക്, കൃത്യമായി പറഞ്ഞാല്‍ 19,962 രോഗികളെ പരിശോധിക്കാന്‍ ഒരു സര്‍ക്കാര്‍ ഡോക്ടറാണുള്ളത്.
സര്‍ക്കാരിന്റെ തന്നെ 2018ലെ മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നത് 3,621 ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങളില്‍ ആകെയുള്ളത് 2,209 ഡോക്ടര്‍മാരാണെന്നാണ്. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ സൗകര്യമുള്ള സര്‍ക്കാര്‍ സ്‌പെഷ്യലൈസ്ഡ് ആശുപത്രിയായ ഫിറോസാബാദിലെ ആശുപത്രിയുടെ അവസ്ഥ യുപിയുടെ മൊത്തം ചിത്രം വ്യക്തമാക്കുന്നുണ്ട്. ഇവിടെയൊരു അള്‍ട്രാ സൗണ്ട് യന്ത്രം പോലുമില്ല. ഒരൊറ്റ റേഡിയോളജിസ്റ്റ് മാത്രമാണുള്ളത്.