മേരിലാന്‍ഡ്: അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ കുഞ്ഞന്‍മാരായ എല്‍ സാല്‍വദോറിനെ അഞ്ചു ഗോളിന് തകര്‍ത്ത് ബ്രസീല്‍. ഒരു ഗോള്‍ സ്വന്തമാക്കിയും മൂന്നെണ്ണം അടിക്കാന്‍ അവസരം നല്‍കുകയും ചെയ്ത നായകന്‍ നെയ്മറാണ് ഇന്നലെ ബ്രസീലിനായി നിറഞ്ഞുകളിച്ചത്. പുതുമുഖ താരം റിച്ചാര്‍ലിസന്റെ ഇരട്ടഗോളും ബ്രസീലിന്റെ ആവേശജയത്തിന് മാറ്റ് കൂട്ടി. കുട്ടീഞ്ഞോയും മാര്‍ക്കീഞ്ഞോയും ബ്രസീലിന്റെ അവശേഷിച്ച ഗോളുകള്‍ കണ്ടെത്തി.
അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീലിനെതിരെ ഒരു ഘട്ടത്തില്‍ പോലും പിടിച്ച് നില്‍ക്കാന്‍ സാല്‍വഡോറിന് സാധിച്ചില്ല. മല്‍സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബ്രസീലിന് പെനല്‍റ്റി ഭാഗ്യം ലഭിച്ചു. റിച്ചാര്‍ലിസണെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി ബ്രസീലിന് അനുകൂലമായി പെനല്‍റ്റി വിധിക്കുകയായിരുന്നു. മറ്റൊന്ന് ചിന്തിക്കാതെ പെനല്‍റ്റിയെടുത്ത നെയ്മറിന് പിഴച്ചില്ല. പന്ത് വലയിലേക്ക് ബ്രസീല്‍ 1-0ന് മുന്നില്‍. 16ാം മിനിറ്റിലാണ് എവര്‍ട്ടന്‍ താരമായ റിച്ചാര്‍ലിസന്റെ ആദ്യ ഗോള്‍ വന്നത്. നെയ്മര്‍ നല്‍കിയ പാസ്സില്‍ ബോക്‌സിന് പുറത്ത് നിന്ന് റിച്ചാര്‍ലിസണ്‍ തൊടുത്ത ഷോട്ട് അവിശ്വസനീയമായി വളഞ്ഞ് വലയുടെ ഇടത് മൂലയിലെത്തി. 30ാം മിനിറ്റില്‍ നെയ്മര്‍ വീണ്ടും ക്യാപ്റ്റന്റെ കളി പുറത്തെടുത്തു. ഇടത് വിങ്ങിലൂടെ വന്ന നെയ്മര്‍ ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് പന്ത് കുട്ടീഞ്ഞോയ്ക്ക് നല്‍കി. ഗോള്‍കീപ്പറെ വെറും കാഴ്ചക്കാരനാക്കി കുട്ടീഞ്ഞോയുടെ ഷോട്ട് വലയുടെ ഇടത് മൂലയില്‍ പതിച്ചു.
രണ്ടാം പകുതിയില്‍ റിച്ചാര്‍ലിസന്റെ ഗോളിലൂടെ ബ്രസീല്‍ നാലാം ഗോളും അക്കൗണ്ടിലാക്കി. 50ാം മിനിറ്റില്‍ ബോക്‌സിനുളളില്‍ ലഭിച്ച പന്ത് തന്റെ ഇടങ്കാല്‍ കൊണ്ട് റിച്ചാര്‍ലിസണ്‍ വലയിലേക്ക് തൊടുത്ത് വിട്ടു. 90ാം മിനിറ്റില്‍ ബ്രസീലിന്റെ അവസാന ഗോളും വന്നു. സാല്‍വഡോര്‍ പ്രതിരോധത്തിന് മുകളിലൂടെ നെയ്മര്‍ നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ മാര്‍കീഞ്ഞോ വലയിലെത്തിച്ചതോടെ 5-0ന്റെ ജയവുമായി ബ്രസീല്‍ അമേരിക്കന്‍ സ്റ്റേഡിയത്തോട് വിടപറഞ്ഞു.