പരിഷ്‌കരിച്ച പാഠ്യപദ്ധതിയുമായി എംബിബിഎസ് കോഴ്‌സ് ആഗസ്റ്റില്‍ ആരംഭിക്കും

ചികില്‍സാരംഗത്തെ വെല്ലുവിളികളെയും പുതിയ രോഗങ്ങളെയും നേരിടാന്‍ ഡോക്ടര്‍മാരെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ എംബിബിഎസ് പാഠ്യപദ്ധതി പരിഷ്‌കരിച്ചത്. 40000 മെഡിക്കല്‍ അധ്യാപകരുടെ നേതൃത്വത്തിലാണ് പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.

Update: 2019-04-29 17:45 GMT

ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടിന് ശേഷം പരിഷ്‌കരിച്ച പാഠ്യപദ്ധതിയുമായി എംബിബിഎസ് കോഴ്‌സ് ആഗസ്റ്റില്‍ ആരംഭിക്കും. ഏറെ കാലത്തിന് ശേഷം പരിഷ്‌കരിച്ച പാഠ്യപദ്ധതി നടപ്പാക്കുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍(എംസിഐ). ചികില്‍സാരംഗത്തെ വെല്ലുവിളികളെയും പുതിയ രോഗങ്ങളെയും നേരിടാന്‍ ഡോക്ടര്‍മാരെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ എംബിബിഎസ് പാഠ്യപദ്ധതി പരിഷ്‌കരിച്ചത്. 40000 മെഡിക്കല്‍ അധ്യാപകരുടെ നേതൃത്വത്തിലാണ് പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. പുതിയ പാഠ്യപദ്ധതിയില്‍ മുന്‍കൂട്ടി പരിശീലനം ലഭിച്ചവരാണ് അധ്യാപകരെന്ന് എംസിഐ അധികൃതര്‍ അറിയിച്ചു.

എംബിബിഎസ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് ലഭിക്കണമെങ്കില്‍ രോഗികളുമായി ഇടപെടുന്നതിലെ മികവും അവരോടു കാട്ടുന്ന സഹാനുഭൂതിയും ഇനി പരിഗണിക്കപ്പെടും. ആധുനിക ഡോക്ടര്‍മാരുടെ കഴിവും വൈഭവവും ക്ലാസ്മുറിക്കും അപ്പുറത്തേക്കു കടന്നുചെല്ലണമെന്നു നിഷ്‌കര്‍ഷിച്ചത്.

ധാര്‍മികത, ആശയവിനിമയം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ സിലബസ് ആരോഗ്യമേഖലയില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വൈദ്യ മേഖലയുമായി ബന്ധപ്പെട്ട നൈതികത, നൂതന ക്ലിനിക്കല്‍ രീതികള്‍, വിവിധ വകുപ്പുകള്‍ തമ്മിലുള്ള സഹകരണം തുടങ്ങിയവയില്‍ അധ്യാപകര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു.

മനോഭാവം (ആറ്റിറ്റിയൂഡ്) തൊഴില്‍പരമായ കടപ്പാടും ധാര്‍മികതയും (എത്തിക്‌സ്), ആശയവിനിമയം എന്നിവ പുതിയ പാഠ്യപദ്ധതിയുടെ ഭാഗമാണ്. അവയവദാനം, സാന്ത്വന ചികില്‍സ എന്നിവ സംബന്ധിച്ചു നടത്തുന്ന ബോധവല്‍ക്കരണവും മികവായി പരിഗണിക്കും.

അതേസമയം, പുതിയ പാഠ്യപദ്ധതിയില്‍ എല്ലാ അധ്യാപകരും സംതൃപ്തരല്ല. പരിഷ്‌കരിച്ച പാഠ്യപദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് പലരും രംഗത്തെത്തി കഴിഞ്ഞു. പാഠ്യപദ്ധതി വൈദ്യശാസ്ത്ര രംഗത്തെ എല്ലാമേഖലയും ഉള്‍ക്കൊള്ളുന്നില്ലെന്ന വിമര്‍ശനവും ഡോക്ടര്‍മാര്‍ക്കിടയില്‍ ഉയരുന്നുണ്ട്.

Tags:    

Similar News