തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം തുടങ്ങി. 82 ക്യാംപുകളിലായാണു മൂല്യനിര്‍ണയം. കെമിസ്ട്രി ഉത്തര സൂചിക ചോദ്യപേപ്പറിലെ മാര്‍ക്കുകളേക്കാള്‍ കൂടുതല്‍ മാര്‍ക്കു നല്‍കുന്ന രീതിയിലും അനര്‍ഹമായി മാര്‍ക്ക് നല്‍കാവുന്ന രീതിയിലും ക്രമീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഉത്തരസൂചിക തയ്യാറാക്കിയ 12 അധ്യാപകര്‍ക്ക് അച്ചടക്ക നടപടികളുടെ ഭാഗമായുള്ള മെമ്മോ നല്‍കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിച്ചു. ചോദ്യകര്‍ത്താവ് തയ്യാറാക്കിയതും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ പരിശോധിച്ച് അംഗീകരിച്ചതുമായ ഉത്തര സൂചിക അന്തിമമൂല്യനിര്‍ണയത്തിനായി അംഗീകരിച്ച് ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു. ഇതുപ്രകാരമാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കോ രക്ഷകര്‍ത്താക്കള്‍ക്കോ ആശങ്ക വേണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.