ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ 30ന്; എസ്എസ്എല്‍സി പരീക്ഷ 31ന്
തിരുവനന്തപുരം; സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 3 മുതല്‍ 10 വരെ നടക്കും. 4,27,407 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. 4,26,999 പേര്‍ റെഗുലറായും 408 പേര്‍ െ്രെപവറ്റായും പരീക്ഷയെഴുതും. 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. 2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ഥികളും പരീക്ഷയെഴുതും.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 26 ന് അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതല്‍ നടക്കും. 4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷ എഴുതും. 3,65,871 പേര്‍ റഗുലറായും 20,768 പേര്‍ െ്രെപവറ്റായും 45,797 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴിലും പരീക്ഷ എഴുതും. 2,19,545 ആണ്‍കുട്ടികളും 2,12,891 പെണ്‍കുട്ടികളുമാണ്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും.
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 26 ന് അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷ സെക്ടറല്‍ സ്‌കില്‍ കൗണ്‍സിലും സ്‌കൂളുകളും ചേര്‍ന്ന് തീരുമാനമെടുത്ത് മെയ് 15 നകം പൂര്‍ത്തിയാകുന്ന രീതിയില്‍ ക്രമീകരിക്കും. 31,332 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. വി.എച്ച്.എസ്.ഇ.ക്ക് (എന്‍.എസ്.ക്യു.എഫ്) 30,158 പേര്‍ റഗുലറായും 198 പേര്‍ െ്രെപവറ്റായും പരീക്ഷ എഴുതും. 18,331 ആണ്‍കുട്ടികളും 11,658 പെണ്‍കുട്ടികളുമാണ്. വി.എച്ച്.എസ്.ഇ.ക്ക് (മറ്റുള്ളവ) െ്രെപവറ്റായി 1,174 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. 886 അണ്‍കുട്ടികളും 288 പെണ്‍കുട്ടികളുമാണ്. 389 കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ആകെ വിദ്യാര്‍ഥികളുടെ എണ്ണം 8,91,373 ആണ്.
പരീക്ഷാ തയാറെടുപ്പ് വിലയരുത്താനായി അധ്യാപക സംഘടനകളുടെയും അനധ്യാപക സംഘടനകളുടെയും ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡി.ഡി.മാര്‍, ആര്‍.ഡി.ഡി. മാര്‍, എ.ഡി.മാര്‍, ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന യോഗം അവസാന ഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തണമെന്നും നിര്‍ദ്ദേശിച്ചു. പ്രഥമാധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ചെക്ക് ലിസ്റ്റ് തയാറാക്കി വേണം അന്തിമ വിലയിരുത്തല്‍ നടത്തേണ്ടത്.