തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷാ കേന്ദ്രങ്ങളില്‍ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 4,42,067 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്.
4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കിരിക്കും. ഒന്നും, രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 30ന് അവസാനിക്കും. മൊത്തം 2,023 പരീക്ഷാകേന്ദ്രങ്ങളാണ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്തൊരുക്കിയിരിക്കുന്നത്. 28,820 വിദ്യാര്‍ഥികളാണ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം വര്‍ഷ പരീക്ഷ എഴുതുക. രണ്ടാം വര്‍ഷത്തില്‍ 30,740 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിക്ക് പരീക്ഷയ്ക്കായി മൊത്തം 389 കേന്ദ്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ മെയ് ആദ്യവാരം വരെ നടക്കും. 80 മൂല്യനിര്‍ണയ ക്യാംപുകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 25,000 അധ്യാപകരുടെ സേവനം മൂല്യനിര്‍ണയ ക്യാമ്പുകളില്‍ വേണ്ടി വരുമെന്നാണ് കരുതുന്നത്. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ 3ന് ആരംഭിക്കും. എട്ട് മൂല്യനിര്‍ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകരുടെ സേവനമാണ് കണക്കാക്കുന്നത്.