പുതിയ അധ്യയന വര്‍ഷത്തില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളില്ല; പിണറായി സര്‍ക്കാറിന്റെ വഞ്ചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിയമസഭാ മാര്‍ച്ച്
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നത് റദ്ദാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിന്നാക്ക വിഭാഗഅവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളില്ലാതെ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്ന പിണറായി സര്‍ക്കാറിന്റെ വഞ്ചനക്കെതിരെ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പാലോളി കമ്മീഷന്‍ ശുപാര്‍ശ വഴി നടപ്പിലാക്കിയ മുസ്‌ലിം ക്ഷേമ പദ്ധതികള്‍ ജനസംഖ്യാ തോതിലാണ് നടപ്പിലാക്കേണ്ടത് എന്ന കോടതി വിധിയില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം വെടിയണം. നിലവിലെ വിധിപ്രകാരം പുതിയ അധ്യായന വര്‍ഷത്തില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് പല ക്ഷേമ പദ്ധതികളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് മുസ്‌ലിം വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കും. പിന്നാക്ക വിഭാഗങ്ങളുടെ ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിയമസഭാ മാര്‍ച്ചില്‍ അവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നൗഫ ഹാബി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹിം സമാപനം നടത്തി. രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് നിയമസഭയ്ക്ക് മുന്നില്‍ പോലിസ് തടഞ്ഞു. ജില്ലാ സെക്രട്ടറി അംജദ് റഹ്മാന്‍, ഷഹീന്‍, മിര്‍സ നേതൃത്വം നല്‍കി