'മരക്കാര്‍' തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും
മുഖ്യമന്ത്രി ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം-സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം. ആന്റണി പെരുമ്പാവൂരുമായും തിയറ്റര്‍ ഉടമകളുമായി മന്ത്രി സജി ചെറിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യാതൊരു ഉപാധികളുമില്ലാതെയാകും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
തിയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വേണ്ടെന്നു വെച്ചു. എല്ലാവരെയും ഒരുമിപ്പിക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അത് വിജയം കണ്ടതായും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബര്‍ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും. ഒ.ടി.ടിയില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നും ചര്‍ച്ചയില്‍ തീരുമാനമായി.
തിയറ്ററിലെ സീറ്റിങ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമുണ്ടാകും. ദീലിപിന്റെ ചിത്രമടക്കം പ്രധാന സിനിമകളെല്ലാം തിയറ്ററിലേക്ക് എത്തും. ഒടിടിയിലേക്ക് സിനിമകള്‍ പോകരുത്. ചിത്രങ്ങള്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സിനിമകള്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാമെന്ന് നിര്‍മ്മാതാക്കളെല്ലാം അറിയിച്ചിട്ടുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായും സജി ചെറിയാന്‍ അറിയിച്ചു.