നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ നിര്യാതനായി

Update: 2021-12-31 13:04 GMT

വടകര: പ്രമുഖ നാടകപ്രവര്‍ത്തകന്‍ ദിനേശ് കുറ്റിയില്‍ (50) നിര്യാതനായി. വില്ല്യാപ്പള്ളി സ്വദേശിയാണ്. ഇന്ന് ഉച്ചയോടെ കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായതിന് പിന്നാലെ ന്യൂമോണിയ ബാധിക്കുകയും തുടര്‍ന്ന് പക്ഷാഘാതം സംഭവിക്കുകയും അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയായിരുന്നു. 27 വര്‍ഷമായി അമച്വര്‍ പ്രഫഷനല്‍ നാടക രംഗത്തും സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവമായിരുന്ന ദിനേശ് കുറ്റിയിലിന്റെ ചികില്‍സയ്ക്ക് വേണ്ടി സൗഹൃദ കൂട്ടായ്മ വിപുലമായ ധനസമാഹരണം പുരോഗമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. അനിലയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.

വില്ലാപ്പള്ളി അമരാവതി സ്വദേശിയായ കുറ്റിയില്‍ ദിനേശന്‍ 1994 മുതല്‍ കലാരംഗത്ത് പ്രവര്‍ത്തിച്ച് വരികയാണ്. സ്‌കൂള്‍ കലാമല്‍സരവേദികളിലൂടെ അരങ്ങിലെത്തി. ജില്ലാ- സംസ്ഥാന യുവജനോല്‍സവ വേദികളില്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹനാവുകയും ചെയ്തു. കേരളോല്‍സവ വേദികളിലൂടെ മോണോ ആക്ട്, മിമിക്രി, പ്രച്ഛന്ന വേഷം, നാടകം എന്നിവയില്‍ ജില്ലയിലും സംസ്ഥാന കലോല്‍സവങ്ങളിലും സമ്മാനം നേടുകയും മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

ജയന്‍ തിരുമനയുടെയും മനോജ് നാരായണന്റെയും സംവിധാനമികവില്‍ നിരവധി അമേച്വര്‍ നാടകങ്ങളിലൂടെ മല്‍സരരംഗത്ത് മികച്ച നടനെന്ന കഴിവുതെളിയിച്ച് പ്രഫഷണല്‍ നാടകരംഗത്ത് എത്തി വടകര സിന്ദൂര, കോഴിക്കോട് കലാഭവന്‍, കണ്ണൂര്‍ ഗാന്ധാര, കോഴിക്കോട് സോമ, കോഴിക്കോട് രംഗഭാഷ എന്നീ ട്രൂപ്പുകളില്‍ നിരവധി പ്രശസ്ത നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. തുടര്‍ന്ന് 12 വര്‍ഷത്തെ ബഹ്‌റയ്‌നിലെ പ്രവാസ ജീവിതത്തിനിടയിലും നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.

പ്രഫ.നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മല്‍സരത്തില്‍ മൂന്നുതവണയും ജിസിസി റേഡിയോ നാടക മല്‍സരങ്ങളില്‍ നാല് തവണയും മികച്ച നടനായിരുന്നു. അഞ്ചോളം ഷോട്ട് ഫിലിമുകളിലും ടി വി ചന്ദ്രന്റെ മോഹവലയം സിനിമയിലും വേഷം ചെയ്തു. ഒരു സീരിയലിലും 6 ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

Tags:    

Similar News