ആഫ്രിക്കന്‍ ദൃശ്യഭംഗി പകര്‍ത്തിയ 'ജിബൂട്ടി' ആറു ഭാഷകളില്‍ റിലീസ് ചെയ്യും

ജിബൂട്ടിയുടെ പ്രകൃതി സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയാണ് ജിബൂട്ടി

Update: 2021-12-26 13:25 GMT

തിരുവനന്തപുരം: അമിത് ചക്കാലക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ജിബൂട്ടി ഈ മാസം 31ന് ആറു ഭാഷകളില്‍ റിലീസ് ചെയ്യും. കൊച്ചുകുട്ടികള്‍ക്കു മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ കുടുംബമായി ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും ജിബൂട്ടി എന്ന് സിനിമയുടെ സംവിധായകന്‍ എസ്‌ജെ സിനു പറഞ്ഞു. പ്രണയത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിതെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പറഞ്ഞു.

മനുഷ്യക്കടത്തും ചിത്രത്തിനു പ്രമേയമാകുന്നുണ്ട്. നാട്ടിന്‍പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചടുലമായ ആക്ഷന്‍ രംഗങ്ങളും വ്യത്യസ്തമായ ലൊക്കേഷനുമെല്ലാം പ്രേക്ഷകര്‍ക്കു നവ്യാനുഭവം പകരും. കൊവിഡിന്റെ ആരംഭകാലത്തായിരുന്നു ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ചിത്രീകരണത്തിനായി എത്തിയത്. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതേസമയം ജിബൂട്ടി സര്‍ക്കാരിന്റെ ഇടപെടല്‍ ചിത്രീകരണത്തിന് ഏറെ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

ജിബൂട്ടിയുടെ പ്രകൃതി സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകള്‍ക്കു പുറമെ ഫ്രഞ്ച് ഭാഷയിലും ചിത്രം 31ന് റിലീസ് ചെയ്യും. നായകന്‍ അമിത് ചക്കാലക്കല്‍, നായിക ഷകുന്‍ ജസ്വാള്‍, നടന്‍ ബിജു സോപാനം എന്നിവരും മുഖാമുഖത്തില്‍ സംസാരിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍, സെക്രട്ടറി രാജേഷ് രാജേന്ദ്രന്‍ സംബന്ധിച്ചു.


Tags:    

Similar News