പിതൃമേധാവിത്വത്തെ ബിരിയാണിച്ചെമ്പിലാക്കി ശ്രീധന്യ കാറ്ററിങ് സര്‍വീസ്

ഒരു കോമഡി ചിത്രമെന്നാണ് സംവിധായകന്‍ തന്നെ വിശേഷിപ്പിക്കുന്നതെങ്കിലും അതിനുള്ളില്‍ ആണധികാരത്തിനെതിരേ പറയാതെ പറയുന്നുണ്ട്

Update: 2022-08-30 14:15 GMT
പിതൃമേധാവിത്വത്തെ ബിരിയാണിച്ചെമ്പിലാക്കി ശ്രീധന്യ കാറ്ററിങ് സര്‍വീസ്

മാന്തര സിനിമയെപോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ജനകീയമായും ലളിതമായും കടുപ്പമേറിയ വിഷയങ്ങള്‍ സ്‌ക്രീനിലെത്തിച്ച് വിജയിപ്പിക്കുന്ന അപൂര്‍വം സിനിമാക്കാരില്‍ ഒരാളാണ് ജിയോ ബേബി. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെന്ന സിനിമയിലൂടെ തന്നെ ആ ക്രാഫ്റ്റ് മലയാളി തിരിച്ചറിഞ്ഞതാണ്. ലിംഗ രാഷ്ട്രീയമാണ് ജിയോ ബേബിയുടെ സിനിമയുടെ പൊതു സ്വഭാവം. പിതൃമേധാവിത്വത്തെ നിരന്തരം ചോദ്യം ചെയ്യുന്നതാണ് ജിയോയുടെ സിനിമകള്‍.

ആണുങ്ങളൊരുക്കുന്ന ബിരിയാണിയാണ് പ്രമേയമെങ്കിലും അതിലേക്ക് കടന്ന് വരുന്ന സ്ത്രീകഥാപാത്രങ്ങളാണ് സിനിമയെ നിയന്ത്രിക്കുന്നതെന്ന് പറയാം. അതുകൊണ്ട് തന്നെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഒരു തുടര്‍ച്ച തന്നെയാണ് ഈ സിനിമയും. പരമ്പരാഗത സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെപോലെയല്ല, ശ്രീധന്യ കാറ്ററിങ് സര്‍വീസിലെ കഥാപാത്രങ്ങള്‍. അവരുടെ സ്വത്വം ശക്തമായി തന്നെ സിനിമയില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. അത് ആണ്‍ ശീലം പ്രകടിപ്പിച്ചല്ല എന്നു മാത്രം. ഒരു കോമഡി ചിത്രമെന്നാണ് സംവിധായകന്‍ തന്നെ വിശേഷിപ്പിക്കുന്നതെങ്കിലും അതിനുള്ളില്‍ ആണധികാരത്തിനെതിരേ ആഞ്ഞടിക്കുന്നുണ്ട്.

ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ് എന്ന ജിയോ ബേബി ചിത്രം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം വളരെ ഗൗരവമുള്ളതാണ്. സമകാലികമാണ്. അതിനാല്‍ ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യാവുന്നതാണ്. ജീവിതത്തില്‍ ക്രിയാത്മകമായും സാമൂഹിക ബോധ്യങ്ങളോടെയും ഇടപെടുകയും ആണുങ്ങളുടെ 'കുത്തിമറിയലുകളെ' തിരിച്ചറിയുകയും ചെയ്യുന്ന കുറച്ചു പെണ്ണുങ്ങളുടേതാണു ഈ ചിത്രം എന്നു പറയാം. അതുകൊണ്ടുതന്നെ ഈ ചെറിയ ചലച്ചിത്രം അവര്‍ക്കു സമര്‍പ്പിക്കാവുന്നതാണ്. വ്യക്തിത്വമോ വിവേകമോ ഇല്ലാത്ത വിധത്തില്‍ കുത്തിമറിയുന്ന കുറെ ആണുങ്ങളുടെ പരിഹാസ്യമായ പതനത്തിന്റെ ദൃശ്യാവിഷ്‌ക്കാരമെന്ന നിലയില്‍ അവര്‍ക്കും ഈ ചിത്രം സമര്‍പ്പിക്കാം.

വളരെ ഹ്രസ്വമായ ഒരു രാത്രിയിലും പകലുമായി പറഞ്ഞു തീര്‍ക്കുന്ന ഒരു സംഭവം. ഒരുവയസ്സുകാരിയുടെ പിറന്നാളിനു 100 പേര്‍ക്ക് ബിരിയാണി വിളമ്പാന്‍ വെമ്പുന്ന, എല്ലാ നിലയിലും ഭാര്യയുടെ പാരസൈറ്റായി കഴിയുന്ന ഒരാണിന്റെ ആഘോഷം. അതേറ്റെടുക്കുന്ന അയാളുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ചില വഴി പോക്കര്‍, അവരുടെ ആഘോഷമാണ് കാണുന്നത്.

ഇത് ഏറെക്കാലമായി കേരളത്തില്‍ പടര്‍ന്നു പിടിച്ച ഒരു സാംസ്‌കാരിക അപചയമാണ്. അതുകൊണ്ട് തന്നെ ഇതിലെ കഥാപാത്രങ്ങളെല്ലാം നമുക്ക് സുപരിചിതരോ നമ്മള്‍ തന്നെയോ ആവുന്നു. അതു കണ്ട് തീയേറ്ററില്‍ ചിരിക്കുകയും ഉള്ളില്‍ നോവ് തീര്‍ക്കുകയും ചെയ്യും.


പ്രേക്ഷകര്‍ക്ക് പരിചിതരല്ലാത്ത അഭിനേതാക്കള്‍ ഇങ്ങനെ നമ്മളായി മാറുന്ന ഘടനയാണ് ചിത്രത്തിന്റേത്. അതുകൊണ്ട് തന്നെ ഹൃദ്യമാണ് രചനയും സംവിധാനവും അഭിനയവുമെല്ലാം. എന്നാല്‍ ചിലപ്പോഴൊക്കെ ഈ രീതി നമ്മളെയാകെ ചിത്രത്തിനൊപ്പം ഒഴുകി നീങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സാമൂഹിക പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങള്‍ രണ്ടു മണിക്കൂര്‍ കൊണ്ട്, ഏതാണ്ട് 15 ഓളം കഥാപാത്രങ്ങളെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കണമെന്നു നിശ്ചയിച്ചുറപ്പിച്ച വിധം കാട്ടിത്തരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം എന്നു പറയാം.

ചിത്രത്തില്‍ സിബിയായി വേഷമിട്ടത് സംവിധായകന്‍ ജിയോ ബേബി തന്നെയാണ്. ശ്രീധന്യ ഉടമ ഷിനോയായി എത്തുന്നത് ചെറിയ വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ സാന്നിധ്യമറിയിക്കുന്ന പ്രശാന്ത് മുരളിയാണ്. നര്‍മത്തിന്റെ മേമ്പൊടിയുള്ള ഒരു മുഴുനീള വേഷം ചെയ്തിരിക്കുകയാണ് പ്രശാന്ത് മുരളി. കംപ്യൂട്ടര്‍ ടെക്‌നിഷ്യനായി എത്തുന്നത് യുവ താരം മൂര്‍ ആണ്. സിബിയുടെ ഭാര്യയായി ജിലു ജോസഫും മഹോന്നതന്റെ കാമുകിയായി കുഞ്ഞില മാസിലാമണിയും മഹോന്നതനായി ഫാന്റം പ്രവീണും വ്‌ലോഗര്‍ പെണ്‍കുട്ടിയായി അന്നാ ഫാത്തിമയുമാണ് അഭിനയിച്ചിരിക്കുന്നത്. സൗദിയില്‍നിന്ന് തിരിച്ചെത്തിയ കോഴിക്കോടുകാരന്റെ വേഷത്തില്‍ തീയറ്ററില്‍ ചിരിയുടെ അലയൊലികള്‍ സൃഷ്ടിക്കുന്നത് കുമാര്‍ എന്ന താരമാണ്.

Tags:    

Similar News