സംഘപരിവാര്‍, മുസ്‌ലിം വിരുദ്ധത, ജാതി; സമകാലിക ഇന്ത്യയുടെ യഥാര്‍ഥ മുഖം തുറന്ന് കാട്ടി 'ജന ഗണ മന'
ജനാധിപത്യ വിരുദ്ധതയ്ക്കും ഫാഷിസത്തിനും എതിരെ കൃത്യമായ നിലപാട് സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്
സമകാലിക ഇന്ത്യയുടെ യാഥാര്‍ഥ മുഖം തുറന്ന് കാട്ടുന്നതാണ് ജന ഗണ മന. സുരാജ് വെഞ്ഞാറമൂടിനേയും പൃഥ്വിരാജിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പല പരാമര്‍ശങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ജന ഗണ മനയുടെ ടീസര്‍ പുറത്തിറങ്ങിയത്. ടീസറിലെ രാഷ്ട്രീയ പരാമര്‍ശത്തിന്റെ പേരില്‍ അന്ന് തന്നെ ചിത്രം ചര്‍ച്ചയായിരുന്നു. ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത് എന്ന് പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണ് ചര്‍ച്ചയായത്.
സമകാലിക ഇന്ത്യന്‍ സമൂഹത്തെയും രാഷ്ട്രീയത്തെയും പൊള്ളിച്ച നിരവധി സംഭവങ്ങളാണ് ചിത്രത്തിലൂടെ കടന്നു പോകുന്നത്. ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധതയും ജാതിരാഷ്ട്രീയവും വോട്ട് രാഷ്ട്രീയവുമെല്ലാം ജന ഗണ മനയില്‍ ചര്‍ച്ചാവിഷയങ്ങളാവുന്നുണ്ട്.
സംഘപരിവാര്‍ ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ സൃഷ്ടിച്ച വെറുപ്പും നുണയും ചിത്രം പൊളിച്ച് കാട്ടുന്നുണ്ട്. ജനാധിപത്യ വിരുദ്ധതയ്ക്കും ഫാഷിസത്തിനും എതിരെ കൃത്യമായ നിലപാട് സിനിമ സ്വീകരിക്കുന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിഷേധക്കാരെ വസ്ത്രത്തിലൂടെ തിരിച്ചറിയാം എന്ന് കലാലയ മേധാവി വിദ്യാര്‍ത്ഥികളോട് പറയുന്നുണ്ട്. ഇതിന് പിന്നാലെ തന്നെ വിന്‍സി അലോഷ്യസ് അവതരിപ്പിച്ച കഥാപാത്രമായ ഗൗരി അയാളോടുള്ള വെല്ലുവിളിയായി തന്റെ കയ്യിലുള്ള ഷാള്‍ തട്ടമാക്കുന്നത് സമകാലിക ഇന്ത്യയിലെ ശക്തമായ പ്രതിഷേധത്തിന്റെ പ്രതീകം കുടിയാവുകയാണ്.
കോളജിലെ പ്രതിഷേധത്തിലേക്കുള്ള പോലിസ് ആക്രമണത്തില്‍ ഗൗരി തല്ലാന്‍ വരുന്ന പോലിസിന് നേരെ കൈ ചൂണ്ടിയത്, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ മലയാളി വിദ്യാര്‍ഥിനിയായ ആയിഷ പോലിസിന് നേരെ വിരല്‍ ചൂണ്ടിയ ചിത്രത്തെ ഓര്‍മിപ്പിക്കുന്നു.
ഇത് റിപോര്‍ട്ട് ചെയ്യുന്ന റിപബ്ലിക്ക് ടി.വി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ദേശ വിരുദ്ധരെന്ന് ആക്ഷേപിക്കുന്നുണ്ട്.
ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ മന്ത്രി തന്നെ ഇവിടെ നോട്ടും നിരോധിക്കും വേണമെങ്കില്‍ വോട്ടും നിരോധിക്കും എന്ന് പറയുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പൃഥ്വിരാജും ഈ ഡയലോഗ് പറഞ്ഞിരുന്നു.
ഇന്ത്യയിലെ എല്ലാ വ്യവസ്ഥാപിത സ്ഥാപനങ്ങളും സംഘപരിവാര്‍ കയ്യടക്കുന്നതിന്റെ മറ്റൊരു പതിപ്പായി വേണം ഈ സംഭാഷണത്തെ കാണാന്‍. രാജ്യത്തെ യൂനിവേഴ്‌സിറ്റികളില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ജാതി വിവേചനങ്ങളും ചിത്രത്തില്‍ വരച്ച് കാട്ടുന്നുണ്ട്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പില്‍ തന്റെ ജന്മത്തെ കുറ്റപ്പെടുത്തിയുള്ള വാചകങ്ങള്‍ 2016 ല്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമൂലയുടെ ആത്മഹത്യ കുറിപ്പിനോട് സാമ്യമുള്ളതായിരുന്നു.
രണ്ടാം പകുതിയില്‍ പൃഥ്വിരാജിന്റെ കഥാപാത്രം പറഞ്ഞ ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന ഡയലോഗും ശ്രദ്ധിക്കപ്പെട്ടു. ജന ഗണ മന അവസാനിക്കുമ്പോള്‍ ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളാക്കുന്നു എന്നതുള്‍പ്പെടെയുള്ള ഗൗരിയുടെ ഡയലോഗുകളും ഏറെ ചര്‍ച്ചയാവുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളിലും ജന ഗണ മനയെ പറ്റിയുള്ള ചര്‍ച്ചകള്‍ ചൂട് പിടിക്കുകയാണ്. ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുക്കിയ രണ്ടാമത്തെ സിനിമയാണ് ജന ഗണ മന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.