'ജനഗണമന' തിരക്കഥാകൃത്തിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല; കളവ് പറഞ്ഞ് കൈയടി വാങ്ങാനുള്ള ശ്രമമെന്ന് എസ്ഡിപിഐ
കോഴിക്കോട്: ഫിലിംക്ലബ് ഉദ്ഘാടനം ചെയ്യാന്‍ 'ജനഗണമന' സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനെ എസ്ഡിപിഐ ക്ഷണിച്ചുവെന്നത് കള്ളമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. എസ്ഡിപിഐക്ക് ഒരു ഫിലിം ക്ലബ് ഇല്ലെന്നിരിക്കെ അതിന്റെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയത് ഇത്തരമൊരു സിനിമ എടുത്തതിന്റെ പ്രതിസന്ധി ലഘൂകരിക്കാനോ അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനോ ആണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐയുടെ പേര് അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നു. സംഘടനയുടെ ഏതെങ്കിലും ഒരു നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. കുറഞ്ഞത് അദ്ദേഹത്തെ ബന്ധപ്പെട്ട ആളുടെ ഫോണ്‍ നമ്പറെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും കളവുകള്‍ പറഞ്ഞ് മറുപക്ഷത്തിന്റെ കൈയടി വാങ്ങുന്നത് ഒരു സത്യസന്ധനായ കലാകാരന് ചേര്‍ന്നതല്ലെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ കുറ്റപ്പെടുത്തി.
ജനഗണമന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് എംഎസ്എഫിന്റെ വേദിയില്‍ വച്ചാണ് തന്നെ എസ്ഡിപിഐ ഒരു പരിപാടിയിലേക്ക് ക്ഷണിച്ചുവെന്ന് അവകാശപ്പെട്ടത്. അവര്‍ക്ക് വേണ്ടത് തന്റെ പേരിന്റെ അറ്റത്തുളള മുഹമ്മദ് എന്നാണെന്നും അദ്ദേഹം പരിഹസിച്ചു.