യാസിര്‍ അമീന്‍
കനമുള്ള രാഷ്ട്രീയം ജനകീയ ചേരുവകള്‍ ഉപയോഗിച്ച് എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തിയ 'ജനഗണമന' എന്ന പൃഥ്വിരാജ് സിനിമ. 'ജനഗണമന' എത്രത്തോളം 'സിനിമ'യായി എന്നു ചര്‍ച്ച ചെയ്യും മുമ്പ്, രാജ്യം നേരിടുന്ന വിപത്തുകളെ മികച്ച രീതിയില്‍ തുറന്നുകാട്ടി എന്നതിന് തീര്‍ച്ചയായും 'ജനഗണമന' കൈയടി അര്‍ഹിക്കുന്നുണ്ട്. ഡിജോ ജോസ് ആന്റണി എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമയാണ് 'ജനഗണമന'. പൂര്‍ണമായും കച്ചവടസിനിമയുടെ ചട്ടക്കൂടില്‍ വാര്‍ത്തെടുത്ത സിനിമയാണ് ഇത്. എന്നാല്‍, കച്ചവട ചേരുവകളുടെ ചട്ടക്കൂടില്‍ ഡിജോ നിറച്ചിരിക്കുന്നത് പൊള്ളുന്ന രാഷ്ട്രീയമാണ്. സാമൂഹിക പ്രാധാന്യമുള്ള വിഷയം തന്നെയായിരുന്നു ഡിജോ തന്റെ ആദ്യ സിനിമയായ 'ക്വീന്‍' എന്ന ചിത്രത്തിലൂടെയും ചര്‍ച്ചയ്ക്കു വച്ചിരുന്നത്. ആ യാത്രയുടെ തുടര്‍ച്ച തന്നെയാണ് 'ജനഗണമന'. 'ജനഗണമന' എന്ന വാക്കിനര്‍ഥം എല്ലാ ജനങ്ങളുടെയും മനസ്സ് എന്നാണ്. പേരിനെ അന്വര്‍ഥമാക്കും വിധമുള്ള കാര്യങ്ങളാണ് സിനിമ ചര്‍ച്ചയ്ക്കു വയ്ക്കുന്നത്. വിദ്യാര്‍ഥികള്‍, മുസ്‌ലിംകള്‍, ദലിതര്‍ തുടങ്ങി ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തന്നെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
ഒരു യൂനിവേഴ്‌സിറ്റി അധ്യാപികയുടെ കൊലപാതകത്തില്‍ ആരംഭിക്കുന്ന സിനിമ അവസാനിക്കുന്നത് കോടതി മുറിയിലാണ്. രണ്ട് മണിക്കൂര്‍ പത്തുമിനിറ്റ് നീണ്ടുനില്‍ക്കുന്ന കാഴ്ചകളുടെ യാത്രയില്‍ വര്‍ത്തമാനകാല ഇന്ത്യയുടെ നേര്‍ചിത്രങ്ങളാണ് സംവിധായകന്‍ ഒരുക്കിവച്ചിട്ടുള്ളത്. നമ്മള്‍ കേട്ടുമറന്നതും വായിച്ചുവിട്ടതുമായ നിരവധി വാര്‍ത്തകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അടുത്തകാലത്തായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട നിരവധി വാര്‍ത്തകള്‍ കോര്‍ത്തിണക്കിയാണ് എഴുത്തുകാരനായ ഷാരിസ് മുഹമ്മദ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്. അതിനാല്‍തന്നെ ചില സമയത്തെല്ലാം സിനിമ വെര്‍ബലായി പോകുന്നുണ്ട്. അത് സിനിമയുടെ പോരായ്മയായി ചൂണ്ടിക്കാണിക്കാവുന്നതാണ്. എന്നാല്‍, സിനിമ സംസാരിക്കുന്ന രാഷ്ട്രീയം അത്തരം പോരായ്മകളെയെല്ലാം സ്വയമേ റദ്ദ് ചെയ്യുന്നുണ്ട്. സിനിമ പ്രധാനമായും സംസാരിക്കുന്ന വിഷയം ജാതിവിവേചനം തന്നെയാണ്. എന്നാല്‍, ജാതിയുടെ രാഷ്ട്രീയം മാത്രമല്ല സിനിമ സംസാരിക്കുന്നത്. രാജ്യദ്രോഹിയാക്കല്‍, എന്‍കൗണ്ടര്‍ കില്ലിങ്, അജണ്ട തീരുമാനിക്കുന്ന മാധ്യമങ്ങള്‍ തുടങ്ങി മറ്റനേകം കാര്യങ്ങളും സംസാരിക്കുന്നുണ്ട്.
ആധുനിക കാലത്ത് 'സത്യം' എന്താണ് എന്നത് 'ജനഗണമന' ചോദിക്കുന്ന പ്രധാന ചോദ്യമാണ്. സത്യത്തിന് നമ്മള്‍ കൊടുക്കുന്ന നിര്‍വചനങ്ങളും സിനിമ തുറന്നുകാട്ടുന്നുണ്ട്. ഭൂരിപക്ഷ ചിന്തയാണ് സത്യം അല്ലെങ്കില്‍ ശരി എന്നത് മനുഷ്യന്റെ അടിസ്ഥാന ധാരണയാണ്, അല്ലെങ്കില്‍ തെറ്റിദ്ധാരണയാണ്. ഇക്കാലത്ത് സാമൂഹിക മാധ്യമങ്ങളാണ് ഇത്തരം ധാരണകള്‍ പടച്ചുവിടുന്ന ഫാക്ടറികള്‍. സാമൂഹിക മാധ്യമങ്ങളിലെ ചില വാര്‍ത്തകള്‍ക്ക് താഴെ കാണുന്ന അഭിപ്രായ പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. 2019ലെ ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലക്കേസ് അത്തരത്തിലുള്ള ഒരു സംഭവമായിരുന്നു. 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറെ കുറച്ച് ക്രിമിനലുകള്‍ ബലാല്‍സംഗം ചെയ്തു കൊല്ലുകയും പ്രതികളെന്നു പറഞ്ഞ് പിടിച്ചവരെ വിചാരണപോലുമില്ലാതെ ഹൈദരാബാദ് പോലിസ് വെടിവച്ചുകൊല്ലുകയും ചെയ്തിരുന്നു. ആ ഏറ്റുമുട്ടല്‍ നടന്ന അന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും അതിനെ അനുകൂലിക്കുകയും പോലിസുകാരെ വാഴ്ത്തുകയും ചെയ്തു. വളരെ ചുരുക്കം ചില ആളുകള്‍ മാത്രമാണ് കൊല്ലപ്പെട്ടവരുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ചത്. ഈ ഒരു സംഭവം സിനിമ അതുപോലെ കാണിക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ ആ സംഭവം അവതരിപ്പിച്ച രീതിയാണ് ഇന്‍ട്രസ്ടിങ് ആയി തോന്നിയത്. സിനിമയില്‍ പോലിസുകാര്‍ പ്രതികളെ വെടിവച്ചുകൊല്ലുമ്പോള്‍ ഓരോ പ്രേക്ഷകനും എഴുന്നേറ്റു നിന്ന് കൈയടിക്കും. അത്തരത്തിലുള്ള അവതരണമാണ് ഈ ഭാഗത്ത് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, സിനിമയുടെ അവസാനം എന്തിനാണു താന്‍ കൈയടിച്ചത് എന്ന് പ്രേക്ഷകനെക്കൊണ്ടു തന്നെ സംവിധായകന്‍ ചിന്തിപ്പിക്കും. ഇരകള്‍ക്കു വേണ്ടിയാണോ അതല്ല വേട്ടക്കാര്‍ക്കു വേണ്ടിയാണോ, ആര്‍ക്കു വേണ്ടിയാണ് താന്‍ കൈയടിച്ചത് എന്ന് പ്രേക്ഷകര്‍ തന്നെ ഒരു നിമിഷം ആലോചിച്ച് ഇരുന്നുപോവും. അത്തരത്തിലുള്ള വാര്‍ത്തകള്‍ ഇനിയൊരിക്കല്‍ കേള്‍ക്കുമ്പോള്‍ സത്യം അന്വേഷിക്കാനുള്ള ഒരു ചിന്തയെങ്കിലും അവര്‍ക്കുണ്ടാവും. അതുതന്നെയാണ് 'ജനഗണമന'യുടെ വിജയം. സത്യാനന്തരകാലത്തെ സത്യത്തെ കുറിച്ച് സിനിമ ആഴമുള്ള ചോദ്യം ബാക്കിവയ്ക്കുന്നുണ്ട്.
ഇങ്ങനെ നിരവധി വാര്‍ത്തകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ആ വാര്‍ത്തകളുടെ അവതരണം പ്രേക്ഷകരെ ചിന്തയിലേക്ക് കൈപിടിച്ചുയര്‍ത്തുമെന്നുള്ളത് ഉറപ്പാണ്. ത്രില്ലര്‍ സിനിമ ആയതിനാല്‍ സിനിമയുടെ പ്ലോട്ടിനെ കുറിച്ച് അധികം പറയുന്നില്ല. വര്‍ത്തമാനകാല ഇന്ത്യയില്‍ നടമാടുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ തന്നെയാണ് സിനിമ കൃത്യമായി ഉന്നംവയ്ക്കുന്നത്. പലയിടത്തും അതു കൃത്യമായി തന്നെ കൊള്ളുന്നുമുണ്ട്. നോട്ടും നിരോധിക്കും വോട്ടും നിരോധിക്കും, വേഷം കണ്ടാല്‍ മനസ്സിലാകില്ലേ, റിപബ്ലിക് ടി.വിയുടെ രാജ്യദ്രോഹി വിളികള്‍, ഫാഷിസത്തിനെതിരേയുള്ള മുദ്രാവാക്യങ്ങള്‍, വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കെതിരേ നടന്ന പോലിസ് അടിച്ചമര്‍ത്തലുകള്‍ തുടങ്ങി ഹിന്ദുത്വ രാഷ്ട്രീയത്തെ ചോദ്യംചെയ്യുന്ന നിരവധി കാര്യങ്ങള്‍ സിനിമയിലുണ്ട്. എന്നാല്‍, ഇത്രയധികം കാര്യങ്ങള്‍ ഒരുമിച്ച് സംസാരിക്കുന്നതുകൊണ്ടു തന്നെ പലതിനും മൂര്‍ച്ചയില്ലാതായിപ്പോവുന്നുണ്ട്. സിനിമയ്ക്കുള്ളിലേക്കു വരുകയാണെങ്കില്‍ സജന്‍ കുമാര്‍ എന്ന സുരാജിന്റെ കഥാപാത്രം തന്നെയാണ് സിനിമയുടെ നട്ടെല്ല്. വളരെ കൃത്യമായ സ്‌കെയിലില്‍ സുരാജ് ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജും നല്ല പ്രകടനമാണു കാഴ്ചവച്ചത്. സുദീപ് എലമോന്റെ ക്യാമറയും ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിങും വളരെ മികച്ചതാണ്. ജേക്ക്‌സ് ബിജോയുടെ സംഗീതം സിനിമയുടെ മാസ് അപ്പീലിങിനെ ലിഫ്റ്റ് ചെയ്യുന്നുണ്ട്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട, പ്രോത്സാഹിപ്പിക്കേണ്ട സിനിമയാണു 'ജനഗണമന'.
(ജൂണ്‍ 1-15 തേജസ് ദൈ്വവാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)