ഒരു സമുദായത്തെ ഇങ്ങനെ കുറ്റവാളിയാക്കുന്നതെന്തിനാണ്; സമകാലിക സിനിമാ നരേറ്റീവുകളെ പൊളിച്ചടുക്കി മാനാട്

ഇന്ത്യന്‍ സിനിമ പൊതുവെ പറഞ്ഞുവയ്ക്കുന്നത് ഒന്നുകില്‍ മുസ്‌ലിംകള്‍ കലാം ആവുക അല്ലെങ്കില്‍ കസബ് ആവുക എന്നാണ്. ഇതിനിടയില്‍ അവര്‍ക്ക് മറ്റൊരു ഐഡന്റിറ്റി ഇല്ല. ഈ ഗുഡ് മുസ്‌ലിം ബാഡ് മുസ്‌ലിം നരേറ്റിവിനെയാണ് വെങ്കട്ട് പ്രഭു പൊളിച്ചടുക്കുന്നത്

Update: 2021-12-25 12:10 GMT

യാസിര്‍ അമീന്‍

കൃത്യമായ രാഷ്ട്രീയം പറയുന്നതില്‍ തമിഴ് സിനിമ എന്നും ഒരുപടി മുന്നിലാണ്. ഇന്ത്യയിലെ മറ്റേത് ഭാഷകളിലുള്ള സിനിമകള്‍ എടുത്തുനോക്കിയാലും ബാലന്‍സ് ചെയ്തു മാത്രമേ രാഷ്ട്രീയം പറയാറുള്ളു. മലയാളം പോലും അത്തരമൊരു രീതിയാണ് പിന്തുടരുന്നത്. തീരെ സംഭവിക്കുന്നില്ല എന്നല്ല പറയുന്നത്. തമിഴ് സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന കാര്യത്തില്‍ നേരിയ ചലനം പോലും മലയാളസിനിമയില്‍ ഉണ്ടായിട്ടില്ല. 


ദലിത്, മുസ്‌ലിം, സ്ത്രീ തുടങ്ങി അരികുവല്‍ക്കരിക്കപ്പെട്ടവരുടെ കഥകളാണ് തമിഴ് സിനിമ ഈയടുത്തായി കൂടുതല്‍ സംസാരിക്കാറുള്ളത്. ആ പട്ടികയിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന സിനിമയാണ് വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട്.

ഇന്ത്യന്‍ സിനിമ മുസ്‌ലിം പ്രശ്‌നങ്ങള്‍ അധികം സംസാരിക്കാറില്ല. മുസ്‌ലിം പേരുള്ള കഥാപാത്രം സിനിമയിലുണ്ടെങ്കില്‍ അയാള്‍ വില്ലന്‍ അതല്ലെങ്കില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരിക്കും. എന്നാല്‍ ഈ അടുത്തായി മുസ്‌ലിം പശ്ചാത്തലത്തിലുള്ള കഥകള്‍ പറയാന്‍ ഇന്ത്യന്‍ സിനിമ തയ്യാറായിട്ടുണ്ട്. പക്ഷേ, അതിന് പിന്നില്‍ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. നല്ല മുസ്‌ലിം ചീത്ത മുസ്‌ലിം എന്ന ദ്വന്ദത്തില്‍ നിന്നാണ് ഇപ്പോള്‍ കഥകള്‍ പറയുന്നത്. മുസ്‌ലിംകളില്‍ നല്ലവരും ചീത്തവരും ഉണ്ടെന്ന് പറഞ്ഞുവയ്ക്കുകയാണ് ഇത്തരത്തിലുള്ള സിനിമകള്‍ ചെയ്യുന്നത്. സമൂഹത്തില്‍ നല്ലവരും ചീത്തവരും ഉണ്ട്. അത് എല്ലാ വിഭാഗങ്ങളിലും മതങ്ങളിലുമുണ്ട്. പക്ഷേ, മുസ്‌ലിം കഥാപാത്രങ്ങളെ മാത്രം മനപ്പൂര്‍വം അത്തരം കഥാപരിസരത്ത് നിര്‍ത്തുന്നതില്‍ അപകടം ഒളിഞ്ഞിരിപ്പുണ്ട്. അതായത്, ഇത്തരം സിനിമകള്‍ പറഞ്ഞുവയ്ക്കുന്നത് ഒന്നുകില്‍ മുസ്‌ലിംകള്‍ കലാം ആവുക അല്ലെങ്കില്‍ കസബ് ആവുക എന്നാണ്.ഇതിനിടയില്‍ അവര്‍ക്ക് മറ്റൊരു ഐഡന്റിറ്റി ഇല്ല. ഈ ഗുഡ് മുസ്‌ലിം ബാഡ് മുസ്‌ലിം നരേറ്റിവിനെയാണ് വെങ്കട്ട് പ്രഭു പൊളിച്ചുകളയുന്നത്. മാനാടില്‍ കലാമുമില്ല കസബുമില്ല. അബ്ദുല്‍ ഖാലിഖ് മാത്രമേയുള്ളു. 


സിലമ്പരശന്‍ നായകനായ സിനിമ എല്ലാംകൊണ്ടും മികച്ചതാണ്. കൃത്യമായ സ്‌കെയിലില്‍ ഉപയോഗിച്ചില്ലെങ്കില്‍ പാളിപ്പോവുന്ന നരേഷനും തിരക്കഥയുമാണ് മാനാടിന്റേത്. എന്നാല്‍ രാഷ്ട്രീയമടക്കം എല്ലാം കൃത്യമാണ് മാനാടില്‍. എ വെങ്കട്ട് പ്രഭു പൊളിറ്റിക്‌സ് എന്ന് പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ഞങ്ങള്‍ രാഷ്ട്രീയമൊന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് പറഞ്ഞ് നിഷ്പക്ഷത ചമയുന്ന സംവിധായകര്‍ക്കുള്ള മറുപടിയെന്നോണമാണ് ഈ ടൈറ്റില്‍ സ്ര്കീനില്‍ നിറയുന്നത്.

ഹോളിവുഡ് സിനിമകള്‍ നിരന്തരം പരീക്ഷിക്കുന്ന ടൈംലൂപ്പ് എന്ന കണ്‍സെപ്റ്റാണ് വെങ്കട്ട് പ്രഭു തന്റെ രാഷ്ട്രീയം പറയാന്‍ ആഖ്യാനമായി സ്വീകരിച്ചിരിക്കുന്നത്. ഒരു ദിവസം നടക്കുന്ന കഥയാണ് സിനിമയുടേത്. ഗല്‍ഫില്‍ നിന്നു ചെന്നൈയില്‍ വിമാനത്തിലെത്തുന്ന നായകന്‍ അന്നുരാത്രി തന്നെ തമിഴ്‌നാട് മുഖ്യമന്ത്രിയെ കൊല്ലാന്‍ നിര്‍ബന്ധിതനാവുന്നു. മുഖ്യമന്ത്രിയെ കൊന്നയുടന്‍ അയാളെ തീവ്രവാദി എന്ന് പറഞ്ഞ് പോലിസുകാര്‍ വെടിവച്ചുകൊല്ലുന്നു. എന്നാല്‍ അതേ വിമാനത്തില്‍ ഖാലിഖ് വീണ്ടും ഞെട്ടിയുണരുന്നു. വീണ്ടും അയാള്‍ മുഖ്യമന്ത്രിയെ കൊല്ലുന്നു. വീണ്ടും അയാള്‍ കൊല്ലപ്പെടുന്നു. വിമാനത്തില്‍ ഉണരുന്നു. ഇങ്ങനെ ലൂപ്പില്‍ അകപ്പെട്ട് പോവുന്ന ആഖ്യാനമാണ് സിനിമയുടേത്. അതേസമയം, സിനിമ പറയുന്ന രാഷ്ട്രീയം തന്നെയാണ് മറ്റ് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നിന്നും മാനാടിനെ വേറിട്ട് നിര്‍ത്തുന്നത്. നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ സ്‌റ്റേറ്റ് എങ്ങനെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നുവെന്നും അത് ഒരു സമുദായത്തെ എങ്ങനെ ബാധിക്കുന്നു എന്നെല്ലാം സിനിമ ക്യത്യമായി പറയുന്നുണ്ട്. 


മുസ്‌ലിം പേരുള്ളവരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന വര്‍ത്തമാനകാല സിനിമാ നരേറ്റീവുകളെ അപ്പാടെ പൊളിച്ചുകളയുകയാണ് വെങ്കട്ട് പ്രഭു. സിനിമയിലെ നായക കഥാപാത്രം ഒരിടത്ത് ചോദിക്കുന്നത് ഇങ്ങനെയാണ് 'നിങ്ങള്‍ എന്തിനാണ് നിരപരാധിയായ ഒരു മുസ്‌ലിം യുവാവിനെ ഭീകരവാദിയാക്കാന്‍ നോക്കുന്നത്?' 'ഒരു സമുദായത്തെ ഇങ്ങനെ കുറ്റവാളി ആക്കുന്നത് എന്തിനാണ്?'. ഭീകരവാദത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുന്ന ഒരു  സമുദായത്തെ ചേര്‍ത്തുപിടിക്കുകയാണ് സംവിധായകന്‍. 

സിനിമയുടെ റിലീസിന് മുമ്പ് നടന്ന പ്രമോഷന്‍ പരിപാടിയില്‍ നടന്‍ സിലമ്പരശന്‍, ഈ സിനിമ ചെയ്യാനുള്ള കാരണമായി പറയുന്നത് ഇങ്ങനെയാണ്. 'എന്തിനാണ് ഒരു സമുദായത്തെ ഇങ്ങനെ കുറ്റവാളി ആക്കുന്നത്, അതേപ്പറ്റി ചോദിക്കാന്‍ ഒരാളെങ്കിലും വേണ്ടേ എന്നൊരു വരി ഇതിലെ നായകന്‍ അബ്ദുല്‍ ഖാലിഖ് പറയുന്നുണ്ട്. ആ ഒരൊറ്റ വരിയാണ് ഈ സിനിമ ചെയ്യാന്‍ എന്നെ പ്രചോദിപ്പിച്ചത'. അതെ, ആ ഒരൊറ്റ വരി തന്നെയാണ് ഈ സിനിമ. ഭരണകൂടമോ സ്‌റ്റേറ്റോ നിര്‍മിച്ചുവച്ച ഭീകരവാദ കഥകള്‍ പൊളിച്ചുകളയുക, കല്‍തുറങ്കുകളില്‍ കിടക്കുന്ന നിരപരാധികളായ യുവതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക; അതാണ് മാനാട്. വര്‍ത്തമാന ഇന്ത്യയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് മാനാട്.

Tags:    

Similar News