നരേന്ദ്ര മോദിയുടെ വേഷത്തില്‍ വിവേക് ഒബ്‌റോയി; സിനിമ ഏപ്രില്‍ 12ന്

മോദിയുടെ ജീവിതത്തിലെ വിത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച് വിവിധ രൂപഭാവങ്ങളിലുള്ള നായകന്റെ ചിത്രം നിര്‍മാതാക്കള്‍ തിങ്കളാഴ്ച്ച പുറത്തുവിട്ടു.

Update: 2019-03-18 09:29 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന സിനിമ ഏപ്രില്‍ 12ന് പുറത്തിറങ്ങും. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് മോദിയുടെ വേഷത്തിലെത്തുന്നത്. മോദിയുടെ ജീവിതത്തിലെ വിത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച് വിവിധ രൂപഭാവങ്ങളിലുള്ള നായകന്റെ ചിത്രം നിര്‍മാതാക്കള്‍ തിങ്കളാഴ്ച്ച പുറത്തുവിട്ടു.

#പിഎംനരേന്ദ്രമോദി എന്ന പേരിലുള്ള ചിത്രം ഒമുങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. സന്ദീപ് എസ് സിങ്, സുരേഷ് ഒബ്‌റോയി, ആനന്ദ് പണ്ഡിറ്റ് എന്നിവരാണ് നിര്‍മാണം. സിനിമയുടെ ചിത്രീകരണത്തിനായി ദിവസവും പുലര്‍ച്ചെ 2.30നാണ് വിവേക് ഒബ്‌റോയി ഉണരുന്നത്. ഏഴ് മണിക്കൂറോളം നീളും മോദിയായി മാറാനുള്ള മേക്കപ്പ്. രാവിലെ 8 മണിയോടെ ഷൂട്ടിങ് സൈറ്റിലെത്തും. ഒബ്‌റോയി മോദിയെ പൂര്‍ണമായും തന്നിലേക്ക് ആവാഹിച്ചു കഴിഞ്ഞുവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നരേന്ദ്ര മോദിയുടെ 1957 മുതല്‍ 2019വരെയുള്ള കാലഘട്ടമാണ് ചിത്രത്തില്‍ പറയുന്നത്. 15 രൂപങ്ങളിലാണ് ചിത്രത്തില്‍ ഒബ്‌റോയി പ്രത്യക്ഷപ്പെടുന്നത്. ഒബ്‌റോയിക്കു പുറമേ ബോമന്‍ ഇറാനി, മനോജ് ജോഷി, ബര്‍ക്ക ബിഷ്ത്, സൈന വഹാബ്, ദര്‍ശന്‍ റാവല്‍, അക്ഷത് ആര്‍ സലൂജ, അന്‍ജന്‍ ശ്രീവാസ്തവ, രാജേന്ദ്ര ഗുപ്ത, യതിന്‍ കാര്യേക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 




 


Tags:    

Similar News