അനന്തരം പി കെ റോസിക്ക് എന്തു സംഭവിച്ചു?
കമലിന്റെ 'സെല്ലുലോയിഡ്' എന്ന ചിത്രം കെട്ടഴിച്ചുവിട്ട ഈ ഉത്തരംതേടല്‍ പ്രക്രിയയ്ക്ക് ഇനിയും മറുപടി വരാനിരിക്കുന്നതേയുള്ളൂ. സവര്‍ണരോഷം ആളിക്കത്തിയപ്പോള്‍ ഒരു പറവയെപ്പോലെ അതില്‍ വീണു ചാമ്പലാവേണ്ടിയിരുന്ന ആ ജീവിതത്തെ ഒരു ലോറി ഡ്രൈവര്‍ രക്ഷിെച്ചന്ന അറിവല്ലാതെ അവരുടെ ശേഷജീവിതം ഇന്നും മരീചികയായി നില്‍ക്കുന്നു.
സാജു ചേലങ്ങാട്
അനന്തരം റോസിക്ക് എന്തു സംഭവിച്ചു? മലയാളികളുടെ ഇടയില്‍ ഇപ്പോള്‍ ഉയരുന്ന ഒരു ചോദ്യമാണിത്. മലയാളത്തിലെ ആദ്യ സിനിമാനായിക ജീവരക്ഷാര്‍ഥം ഇരുട്ടിന്റെ മറവിലേക്കോടി മറഞ്ഞിട്ട് പിന്നീട് എന്തു സംഭവിച്ചുവെന്നത് ഇനിയും തെളിയാനുള്ള ഉത്തരം. കമലിന്റെ 'സെല്ലുലോയിഡ്' എന്ന ചിത്രം കെട്ടഴിച്ചുവിട്ട ഈ ഉത്തരംതേടല്‍ പ്രക്രിയയ്ക്ക് ഇനിയും മറുപടി വരാനിരിക്കുന്നതേയുള്ളൂ. സവര്‍ണരോഷം ആളിക്കത്തിയപ്പോള്‍ ഒരു പറവയെപ്പോലെ അതില്‍ വീണു ചാമ്പലാവേണ്ടിയിരുന്ന ആ ജീവിതത്തെ ഒരു ലോറി ഡ്രൈവര്‍ രക്ഷിെച്ചന്ന അറിവല്ലാതെ അവരുടെ ശേഷജീവിതം ഇന്നും മരീചികയായി നില്‍ക്കുന്നു. ദുരൂഹതയുടെ കാര്‍മേഘമകറ്റി മാനം തെളിയിക്കാന്‍ ചില പത്രപ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളാവട്ടെ പൂര്‍ണതയെത്തിയതുമില്ല. തമിഴ്‌നാട്ടിലെവിടെയോ റോസി ജീവിച്ചിരുന്നുവെന്ന അറിവല്ലാതെ മറ്റൊന്നും കൂടുതലായി ഇവര്‍ക്ക് ലഭിച്ചില്ല. റോസിയുടെ മക്കളെന്നു പറയുന്നവര്‍ ഇന്നും തുടരുന്ന മൗനം കാരണം ഇവര്‍ക്ക് ഒരു അന്തിമ നിഗമനത്തിലെത്താനായില്ല എന്നതാണ് സത്യം.
മലയാളത്തിലെ ആദ്യസിനിമ 'വിഗതകുമാരനി'ലെ നായിക പി കെ റോസിയെന്ന ദലിത് യുവതിയുടെ ചലച്ചിത്രാനന്തര ജീവിതത്തെ ഇത്രയും അജ്ഞതയില്‍ സൂക്ഷിക്കാന്‍ അവരെ നിര്‍ബന്ധിതയാക്കിയത് പൂര്‍വകാല ദുരിതങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭയം നിമിത്തമായിരുന്നോ? ജെ സി ഡാനിയേലിന്റെ മുംബൈയില്‍ തുടങ്ങിയ നായികാന്വേഷണം തിരുവനന്തപുരം തൈക്കാട് അവസാനിച്ചത് റോസിയെന്ന ദലിത് യുവതിയെ കണ്ടെത്തിയപ്പോഴായിരുന്നു. നടനമെന്തെന്നറിയാത്ത റോസിയെ നടിയാവാന്‍ പ്രേരിപ്പിച്ചതാവട്ടെ വീട്ടിലെ ദുരിതങ്ങള്‍ക്കു ശമനമാവുമല്ലോ ഇതില്‍നിന്നു ലഭിക്കുന്ന പ്രതിഫലമെന്ന ചിന്തയും. ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട റോസിയോടുള്ള സവര്‍ണരോഷം മാസങ്ങള്‍ നീണ്ടുനിന്നു. കാപിറ്റോള്‍ തിയേറ്റര്‍ എന്ന കൊച്ചുപ്രദര്‍ശനശാലയ്ക്കുള്ളിലെ അവരുടെ കലാപം ചരിത്രത്തിലേക്കു പടര്‍ന്നുകയറിയ ഒരു അഗ്നിനാളമായിരുന്നു.
ജാതിവ്യവസ്ഥ വരിഞ്ഞുമുറുക്കിയിരുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ അതില്‍ കുറഞ്ഞൊരു പ്രതികരണം സവര്‍ണ പക്ഷത്തു നിന്ന് പ്രതീക്ഷിക്കാനും കഴിയില്ലല്ലോ. പ്രദര്‍ശനം മുടക്കിയ കലാപം ഡാനിയേല്‍ എന്ന മലയാള സിനിമാ പിതാവിന്റെ ജീവിതം കീഴ്‌മേല്‍ മറിച്ചെങ്കില്‍ റോസി എന്ന ദലിത് യുവതിയുടെ ഭാവിയെ അജ്ഞതയിലേക്കാഴ്ത്തി. പ്രദര്‍ശനശാല വിട്ടിറങ്ങിയ സവര്‍ണരോഷം ദിനംപ്രതി ശക്തിയാര്‍ജിച്ചുകൊണ്ടിരുന്നു. നടനജീവിതം സ്ത്രീക്ക് വിലക്കപ്പെട്ടിരുന്ന അന്തരീക്ഷവായു ശ്വസിച്ചു ജീവിക്കുന്ന സമൂഹത്തിന് റോസിയുടെ പ്രവര്‍ത്തിക്കു തക്കശിക്ഷകൊടുക്കാതെ ഉറഞ്ഞുതുള്ളല്‍ അവസാനിപ്പിക്കാന്‍ കഴിയുമോ? വെറും നടനമല്ല സിനിമയിലാണവള്‍ നടിച്ചിരിക്കുന്നത്.
മാറുമറയ്ക്കാന്‍പോലുമുള്ള വിലക്കിന് ജീവന്‍ നഷ്ടമാവാത്ത കാലത്ത് നടിച്ച അവളെ, അതും നായര്‍ സ്ത്രീയായി, വച്ചുപൊറുപ്പിക്കാന്‍ ആഢ്യമനസ്സ് തയ്യാറായില്ല. ഊരുവിലക്കിലൂടെയും സമൂഹഭ്രഷ്ടിലൂടെയും കൂക്കുവിളികളിലൂടെയും അവര്‍ പ്രതികരിച്ചുകൊണ്ടിരുന്നു. ചാലക്കമ്പോളത്തിനടുത്തുവച്ച് വസ്ത്രാക്ഷേപത്തിനും അവള്‍ ഇരയാവേണ്ടതായിരുന്നു. കാലിന് ശക്തിയുള്ളതിനാല്‍ ഒരുവിധം ഓടിരക്ഷപ്പെട്ടെന്നുമാത്രം. വെറുതെവിടാന്‍ തയ്യാറില്ലാത്ത തമ്പുരാക്കന്‍മാര്‍ ഒരു രാത്രി അവളുടെ വീട് വളഞ്ഞു. മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും പുറത്തേക്കു വലിച്ചിട്ട് തല്ലി മൃതപ്രായരാക്കി. ഉണങ്ങി ദ്രവിച്ച ഓലക്കുടിലിന് അവര്‍ തീയിട്ടു. ശേഷിച്ച തീ റോസിയുടെ ശരീരത്തിലേക്കു പകരാനവര്‍ കുതിച്ചപ്പോള്‍ അവള്‍ സര്‍വശക്തിയുമെടുത്ത് ഇരുട്ടിലേക്കോടി. പിന്നാലെ കത്തിച്ച പന്തങ്ങളുമായി സവര്‍ണരോഷം.
ഒടുവില്‍ ഓടി ഓടി തിരുവനന്തപുരം നാഗര്‍കോവില്‍ റോഡില്‍ കരമനയാറിനു സമീപത്തെത്തിയപ്പോള്‍ അതുവഴി വന്ന ലോറിക്കു മുന്നിലേക്കവള്‍ ചാടി. സ്വയംമരിക്കാനോ രക്ഷപ്പെടാനോ? അറിയില്ല. സഡന്‍ ബ്രേക്കിട്ടു നിര്‍ത്തിയ ലോറിയുടെ ഡ്രൈവര്‍ വാതില്‍ തുറന്നതും റോസി അതില്‍ കയറിയതും ഒരുമിച്ചായിരുന്നു. ഡ്രൈവര്‍ കേശവപിള്ളയോട് താണുതൊഴുത് തന്നെ രക്ഷിക്കണമെന്ന് റോസി കെഞ്ചുമ്പോള്‍ രോഷാഗ്നിയുടെ പന്തങ്ങള്‍ ലോറിക്കടുത്തെത്താറായിരുന്നു. പിന്നെ ഒട്ടും താമസിച്ചില്ല. കേശവപിള്ള ലോറി നാഗര്‍കോവിലിനു വിട്ടു. ഇരുട്ടില്‍ ലോറിമറയുന്നതും നോക്കി കൈയില്‍ പന്തങ്ങളുമായി കുതിച്ചെത്തിയവര്‍ നിന്നു. ഇനി ഒരിക്കലും റോസി അഭിനയിക്കില്ലെന്ന് ഉറപ്പിച്ചവര്‍ മടങ്ങി. അങ്ങനെ തന്നെ സംഭവിച്ചു. അവള്‍ ഒരിക്കലും അഭിനയിച്ചില്ല. തീര്‍ത്തും അജ്ഞാതയായി ജീവിച്ചു.
എവിടെയായിരുന്നു അവളുടെ ശേഷജീവിതം? 1960കളില്‍ വിഗതകുമാരന്റെ ശില്‍പി ജെ സി ഡാനിയേലിനെ കുറിച്ച് അന്വേഷിച്ചപ്പോഴെല്ലാം എന്റെ പിതാവ് (ചേലങ്ങാട് ഗോപാലകൃഷ്ണന്‍) കേട്ടത് റോസി തൃശ്ശിനാപ്പള്ളിയില്‍ ജീവിച്ചെന്നാണ്. ജെ സി ഡാനിയേല്‍ അച്ഛനോടു പറഞ്ഞത് റോസി പിന്നീട് കേശവപിള്ളയുടെ ഭാര്യയായെന്നും നാഗര്‍കോവിലിലെവിടെയോ ജീവിച്ചിരിക്കുന്നുവെന്നുമായിരുന്നു. അച്ഛന്‍ റോസിയുടെ തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ല, പകരം ഡാനിയേലിന് അര്‍ഹമായ മലയാളസിനിമാ പിതാവ് എന്ന പദവിക്കുവേണ്ടി പോരാടുകയാണുണ്ടായത്.
റോസിയുടെ ജീവിതത്തിന്റെ ശേഷഭാഗം തുടര്‍ന്ന് ചില പത്രപ്രവര്‍ത്തകര്‍ അന്വേഷിച്ചിരുന്നു. കുന്നുകുഴി മണി, ജ്യോതിലാല്‍, വിനു എബ്രഹാം തുടങ്ങിയ സിനിമയോടടുത്ത് നില്‍ക്കുന്ന ഒരുപിടി പത്രപ്രവര്‍ത്തകരുടെ അന്വേഷണം നാഗര്‍കോവില്‍ പരിസരത്തായിരുന്നു ചുറ്റിക്കറങ്ങിയത്. അവിടെ ഓട്ടുപുര തെരുവ് എന്ന സ്ഥലത്തായിരുന്നു കേശവപിള്ളയുടെ ജീവിതമെന്നും കേശവപിള്ളയുമായുള്ള ബന്ധത്തില്‍ ഒരു മകളും ഒരു മകനും ഉണ്ടായിയെന്നും കുന്നുകുഴി മണി പറയുന്നു. നാഗപ്പന്‍പിള്ള എന്ന മകന്‍ ബാങ്കുദ്യോഗസ്ഥനാണെന്നും നായര്‍ സമുദായത്തില്‍ ജീവിക്കുന്നതിനാല്‍ തന്റെ മാതാവ് റോസിയാണെന്നു വെളിപ്പെടുത്താന്‍ ഇയാള്‍ വിമുഖത കാട്ടുകയാണെന്നുമാണ് മണിയുടെ പക്ഷം. നാഗര്‍കോവിലില്‍ തന്നെ അന്വേഷിച്ച ജ്യോതിലാലും വിനു എബ്രഹാമുമൊക്കെ മണിയുടെ വാദത്തെ അനുകൂലിക്കുന്നുണ്ട്. തന്റെ മാതാവ് റോസിയാണെന്നു സമ്മതിച്ചാലുണ്ടായേക്കാമെന്ന് അയാള്‍ ഭയക്കുന്ന ജാതീയമായ പരിഹാസങ്ങളായിരിക്കാം ഒരുപക്ഷേ അയാളെക്കൊണ്ടിങ്ങനെ പറയിക്കുന്നതെന്ന് അവര്‍ വിവക്ഷിക്കുന്നു. ജാതീയമായ ബന്ധനങ്ങളില്‍ നിന്നു റോസി ഇനിയും മോചിതയായിട്ടില്ലെന്ന് ഇതിനര്‍ഥം. രാജമ്മാള്‍ എന്ന പേര് സ്വീകരിച്ചായിരുന്നു റോസി കേശവപിള്ളയുടെ ഭാര്യയായി കഴിഞ്ഞതെന്നാണ് മണി പറയുന്നത്. ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുംമുമ്പ് റോസിയുടെ പേര് രാജമ്മ എന്നായിരുന്നുവെന്നും അതുകൊണ്ടാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിവന്ന റോസി രാജമ്മാള്‍ എന്ന തമിഴ് ചുവയുള്ള പേര് സ്വീകരിച്ചതെന്നും മണി പറയുന്നുണ്ട്.
റോസിയെ കുറിച്ചന്വേഷിച്ച മറ്റു പത്രപ്രവര്‍ത്തകരും ഇതേ നിലപാടിലാണ് ഒടുവിലെത്തിയതത്രെ. റോസിയുടെ ബന്ധുക്കളില്‍ ചിലര്‍ ഇപ്പോഴും തിരുവനന്തപുരത്തുണ്ട്. അവരില്‍ പ്രമുഖന്‍ കാവല്ലൂര്‍ മധു എന്ന കോണ്‍ഗ്രസ് നേതാവാണ്. എഐസിസി അംഗമായ മധു ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗവുമാണ്. തന്റെ അമ്മായിയായ റോസി 1998ല്‍ നാഗര്‍ കോവിലില്‍ വച്ച് മരിച്ചതായി മധു വെളിപ്പെടുത്തുന്നു. റോസി തിരുവനന്തപുരത്ത് വരുമ്പോള്‍ താമസിക്കുക തന്റെ വീട്ടിലായിരുന്നുവെന്നും പത്മ എന്നാണ് അവരുടെ പുത്രിയുടെ പേരെന്നും മധു പറയുന്നു. ജാതീയമായ ചില തടസ്സങ്ങളാണ് മാതാവിന്റെ യഥാര്‍ഥ ജന്മം വെളിപ്പെടുത്താന്‍ മക്കളെ വിലക്കുന്നതെന്ന വാദത്തെ മധുവും ശരിവയ്ക്കുന്നുണ്ട്.
ജാതീയത റോസിയെ മരിച്ചതിനു ശേഷവും വിടുന്നില്ല. റോസിയായിരുന്നു തങ്ങളുടെ മാതാവ് എന്ന് ഇവര്‍ ഭാവിയില്‍ പറയുകയാണെങ്കില്‍ അത് ആ താരമാതാവിനോടു ചെയ്യുന്ന നീതിയായിരിക്കും. സത്യം വെളിപ്പെടുന്നതിനെ തടയാന്‍ ജാതിക്ക് കഴിയുമോ? എപ്പോഴെങ്കിലും സത്യം പുറത്തുവരുമെന്നുറപ്പ്. അതുവരെ കാത്തിരിക്കാം. ആ നിമിഷംവരെ റോസിയുടെ ജീവിതം ദുരൂഹമായി തുടരട്ടെ.