'ഇരകളും വേട്ടക്കാരും ഒന്നിച്ചുള്ള ചര്‍ച്ചയാണോ കോണ്‍ക്ലേവ്?; സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് നടി പാര്‍വതി തിരുവോത്ത്

Update: 2024-08-21 16:43 GMT

കൊച്ചി: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ രൂക്ഷ പ്രതികരണവുമായി നടിയും വിമന്‍ ഇന്‍ സിനിമാ കലക്റ്റീവ് അംഗവുമായ പാര്‍വതി തിരുവോത്ത്. ഇരകളും വേട്ടക്കാരും ഒന്നിച്ചിരുന്നുള്ള ചര്‍ച്ചയാണോ കോണ്‍ക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും പാര്‍വതി പറഞ്ഞു. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ കുട്ടികളെന്നു പരാമര്‍ശിച്ചത് ഗൗരവമായി പരിഗണിക്കണം. റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നതു പോലെ, മലയാള സിനിമയെ നിയന്ത്രിക്കുന്ന പവര്‍ ഗ്രൂപ്പുണ്ട് എന്നതിനു തെളിവാണ് തങ്ങള്‍ക്കുണ്ടായ ജോലി നഷ്ടം. പവര്‍ ഗ്രൂപ്പിലെ ആ 15 പേരുടെ പേരുകള്‍ പുറത്തുവരാതെയും അവരെ നേരിടാന്‍ കഴിയും. മൊഴി നല്‍കിയ ഓരോ സ്ത്രീയും കടന്നുപോയ സംഘര്‍ഷങ്ങള്‍ ഓര്‍ക്കണം. ഡബ്ല്യുസിസി ഉണ്ടായ കാലം മുതല്‍ പരിഹാസവും ഒറ്റപ്പെടലും നേരിട്ടിട്ടുണ്ട്. ഞങ്ങളുമായി സൗഹൃദം ഉണ്ടെന്നു തോന്നിയവരെ പോലും സിനിമയില്‍നിന്നു അകറ്റി. ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തു വന്നതോടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നെന്ന തെറ്റിദ്ധാരണയില്ല. റിപോര്‍ട്ടില്‍ സര്‍ക്കാരിന്റെ പ്രായോഗിക നടപടികളിലേക്കാണ് ഉറ്റുനോക്കുന്നത്. കോണ്‍ക്ലേവ്, ട്രൈബ്യൂണല്‍ എന്നല്ലാം കേള്‍ക്കുന്നുണ്ട്. ഇതിനെല്ലാം വ്യക്തമായ നിര്‍വചനം വേണം. കോണ്‍ക്ലേവ് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്താണെന്നു വ്യക്തത വരുത്തണം. ഇരകളും വേട്ടക്കാരും ഒന്നിച്ചുള്ള ചര്‍ച്ചയാണോയെന്ന് വ്യക്തത വരുത്തണം. റിപോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. ഇനി അതിജീവിതമാര്‍ പരാതി നല്‍കിയാലും നീതി കിട്ടുമെന്ന് എന്താണ് ഉറപ്പെന്നും ഇക്കാര്യത്തിലെ മുന്നനുഭവങ്ങളൊന്നും പ്രതീക്ഷ നല്‍കുന്നതല്ലെന്നും മുന്നോട്ടുവരുന്നവരെ വേട്ടയാടുമെന്നും പാര്‍വതി സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

    ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ ഒരു നടപടിയും ഉണ്ടാവാതിരുന്ന നാലര വര്‍ഷം ഒരുപാട് ശ്വാസംമുട്ടലുണ്ടാക്കി. ഇക്കാര്യത്തില്‍ ഡബ്ല്യുസിസി സാംസ്‌കാരിക മന്ത്രിക്ക് വിശദമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി ഇനി നാലുവര്‍ഷം കൂടി കാത്തിരിക്കാന്‍ വയ്യ. ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങള്‍ മാത്രം പോരാ, കൃത്യമായ നടപടിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും പാര്‍വതി തുറന്നടിച്ചു.

Tags:    

Similar News