ആദ്യ പിന്നണി ഗായകന്‍ വന്നത് തെരുവില്‍ നിന്ന്

എറണാകുളത്തെ ബസ്സ്റ്റാന്റ് അന്നു ബോട്ട്‌ജെട്ടിയിലായിരുന്നു. ബോട്ട്‌ജെട്ടിയില്‍ കൗമാരം പൂര്‍ണമായി വിട്ടുമാറാത്ത ഒരു ചെക്കനിരുന്ന് ഹിന്ദി, തമിഴ് സിനിമാഗാനങ്ങളും മലയാള നാടകഗാനങ്ങളും പാടുന്നത് ആളുകള്‍ ചെവികൂര്‍പ്പിച്ച് നിശ്ശബ്ദരായി നിന്ന് ആസ്വദിക്കുന്നതും അപ്പന്‍ ശ്രദ്ധിച്ചു. ആ സ്വരവും ആലാപനമാധുര്യവും അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചു. താനെടുക്കാന്‍ പോവുന്ന സിനിമയില്‍ അവനെക്കൊണ്ടു പാടിക്കാന്‍ തീരുമാനിച്ചു.

Update: 2018-12-16 06:19 GMT

സാജു ചേലങ്ങാട്

''അപ്പന്‍ ഞാറയ്ക്കലുള്ള വീട്ടില്‍ നിന്ന് എറണാകുളത്തെ റോയല്‍ സ്റ്റുഡിയോയിലേക്ക് ദിവസവും പോയത് ബോട്ടിലായിരുന്നു. എറണാകുളത്തെ ബസ്സ്റ്റാന്റ് അന്നു ബോട്ട്‌ജെട്ടിയിലായിരുന്നു. ബോട്ട്‌ജെട്ടിയില്‍ കൗമാരം പൂര്‍ണമായി വിട്ടുമാറാത്ത ഒരു ചെക്കനിരുന്ന് ഹിന്ദി, തമിഴ് സിനിമാഗാനങ്ങളും മലയാള നാടകഗാനങ്ങളും പാടുന്നത് ആളുകള്‍ ചെവികൂര്‍പ്പിച്ച് നിശ്ശബ്ദരായി നിന്ന് ആസ്വദിക്കുന്നതും അപ്പന്‍ ശ്രദ്ധിച്ചു. ആ സ്വരവും ആലാപനമാധുര്യവും അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചു. താനെടുക്കാന്‍ പോവുന്ന സിനിമയില്‍ അവനെക്കൊണ്ടു പാടിക്കാന്‍ തീരുമാനിച്ചു. രാഘവനെ സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തി കാര്യം പറഞ്ഞപ്പോള്‍ എന്തു മറുപടി പറയണമെന്നവനറിയില്ലായിരുന്നു. സിനിമയില്‍ പാടാനുള്ള അവസരം മുന്നില്‍വന്നു നില്‍ക്കുന്ന അവന്റെ മറുപടിക്കായി അപ്പന്‍ കാത്തുനിന്നില്ല. അവനോട് പാട്ട് പഠിച്ചുതുടങ്ങാന്‍ അപ്പന്‍ നിര്‍ദേശിച്ചു. സംഗീതസംവിധായകന്‍ ഇ എസ് വാര്യര്‍ (എട്ടൂത്ര വാര്യര്‍) ജി ശങ്കരക്കുറുപ്പിന്റെ വരികള്‍ ഈണം ചാലിച്ച് രാഘവനെ പഠിപ്പിച്ചു. വളരെ പെട്ടെന്നാണ് രാഘവന്‍ പാട്ട് പഠിച്ചത്. ആത്മവിശ്വാസത്തോടെയാണ് രാഘവന്‍ സേലത്തേക്ക് അപ്പന്റെയും എന്റെയുമൊപ്പം പോന്നത്.

മോഡേണ്‍ സ്റ്റുഡിയോയിലായിരുന്നു റിക്കാഡിങും ഷൂട്ടിങും. ഒന്നോ രണ്ടോ ടേക്ക് മാത്രമേ വേണ്ടിവന്നുള്ളൂ. വാര്യരുടെയും കണ്ടക്ടറായ ദിവാകരന്റെയും സഹായി ആര്‍ കെ ശേഖറിന്റെയും (എ ആര്‍ റഹ്മാന്റെ പിതാവ്) മുഖത്ത് അദ്ഭുതമായിരുന്നു രാഘവന്റെ അവസാന ടേക്ക് കഴിഞ്ഞപ്പോള്‍. സിനിമയില്‍ കൊച്ചി കായലിലൂടെ വഞ്ചി ഊന്നിപ്പോവുന്ന റോളിലും രാഘവന്‍ അഭിനയിച്ചിട്ടുമുണ്ട്. നിര്‍മല ഇറങ്ങിയശേഷവും ഇടയ്ക്കിടെ രാഘവന്‍ ഞങ്ങളുടെ സ്റ്റുഡിയോയില്‍ വന്നിരുന്നു. പിന്നെ കണ്ടിട്ടില്ല.''

മലയാളത്തില്‍ ആദ്യമായി പിന്നണിഗാന സമ്പ്രദായം കൊണ്ടുവന്ന 'നിര്‍മല' എന്ന ചിത്രത്തിന്റെ സംവിധായക-നിര്‍മാതാവായ ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്റെ മകന്‍ അലക്‌സ് ചെറിയാന്‍ ആ സംഭവം ഓര്‍ത്തെടുക്കുകയായിരുന്നു.


''രാഘവനെ സേലം മോഡേണ്‍ സ്റ്റുഡിയോയില്‍ പാടിക്കാന്‍ കൊണ്ടുപോവുമ്പോള്‍ തന്നെയും അപ്പന്‍ കൂട്ടിയിരുന്നുവെന്ന് അലക്‌സ് പറഞ്ഞു. രാഘവന് ധരിക്കാനുള്ള ഉടുപ്പ് തയ്പിച്ചത് എന്റെ അളവിലാണ്. പാടിക്കഴിഞ്ഞിട്ടും എറണാകുളം ഷണ്മുഖം റോഡിലെ ഞങ്ങളുടെ സ്റ്റുഡിയോയില്‍ രാഘവന്‍ ഇടയ്ക്കിടെ വരുന്നതും എനിക്ക് ഓര്‍മയുണ്ട്. പക്ഷേ രാഘവന്‍ എവിടുത്തുകാരനായിരുന്നുവെന്ന് മാത്രമറിയില്ല.''

എങ്ങനെയാണ് രാഘവന്‍ ഗായകനായത് എന്നത് ഒരു കഥപോലെ തോന്നും.

രാഘവന്റെ ജീവിതം നിര്‍മലയ്ക്ക് മുമ്പും പിമ്പും

കോട്ടയത്ത് പരിപ്പിനടുത്ത് കുഞ്ഞുകുഞ്ഞ് ആചാരിയുടെയും ലക്ഷ്മി¡ുട്ടിയമ്മയുടെയും മകനായി ജനിച്ച രാഘവന്‍ നാട്ടാശാന്റെ കീഴില്‍ അക്ഷരങ്ങള്‍ പഠിച്ച ശേഷം അമ്മാവന്‍ താഴത്തങ്ങാടി ദാമോദരന്‍ ആചാരിയുടെ കീഴില്‍ സംഗീതപഠനം ആരംഭിച്ചു. കര്‍ണാടക സംഗീതപഠനത്തില്‍ മുഴുകിയപ്പോള്‍ കുലത്തൊഴിലായ സ്വര്‍ണപ്പണിയില്‍ നിന്ന് ശ്രദ്ധ തിരിഞ്ഞു. കര്‍ണാടകസംഗീതം മനസ്സിലാകെ നിറച്ച അദ്ദേഹം യൗവനാരംഭത്തിനു മുമ്പ് തന്നെ അവസരങ്ങള്‍ക്കായി സ്വദേശം വിട്ടു. പിന്നെ കുറേ വര്‍ഷങ്ങള്‍ അജ്ഞാതനായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ജീവിക്കാനായി കൈയിലുള്ളത് സംഗീതം മാത്രം. വിശപ്പിനെ മറികടക്കാനായി തെരുവിലും തീവണ്ടികളിലും അദ്ദേഹം പാടിനടന്നത് ഈ സമയത്തായിരിക്കുമെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്ക്.

ആദ്യത്തെ പിന്നണിഗായിക സംസാരിക്കുന്നു

1948ല്‍ ഇറങ്ങിയ നിര്‍മലയിലാണ് ആദ്യമായി പിന്നണിഗാനരീതി അവതരിപ്പിച്ചത്. അതുവരെ ഇറങ്ങിയ 'ബാലനി'ലും 'ജ്ഞാനാംബിക'യിലും 'പ്രഹ്‌ളാദ'യിലും അഭിനയിച്ചവര്‍ തന്നെയാണു പാടിയത്. 'നിര്‍മല' എന്ന സിനിമയുടെ നോട്ടീസിലും പാട്ട് ഡിസ്‌കിലും ഗായകരായ ഗോവിന്ദറാവുവിന്റെയും സരോജിനിമേനോന്റെയും വിമലാവര്‍മയുടെയും ഒപ്പം പി കെ രാഘവന്റെ പേരുമുണ്ട്.

അഭിനയിക്കുമ്പോള്‍ പാടുന്ന പാട്ട് പിടിച്ചെടുക്കാന്‍ കാമറയുടെ ദൃഷ്ടിയില്‍പ്പെടാതെ ''ബൂം'' എന്ന ദണ്ഡില്‍ തൂക്കിയിട്ട മൈക്കുമായി ഒരാള്‍ അങ്ങോട്ടുമിങ്ങോട്ടുമോടും. മൃദംഗവും ഹാര്‍മോണിയവുമടക്കമുള്ള സംഗീതോപകരണങ്ങള്‍ കഴുത്തില്‍തൂക്കി കുറേ പേര്‍ പിന്നാലെയും. കാണുന്നവര്‍ക്ക് കബടികളിപോലെ തോന്നും ഈ കാഴ്ച.

ടേക്കുകള്‍ ശരിയായില്ലെങ്കില്‍ പിന്നെയും പിന്നെയും പാടണം. 'ജ്ഞാനാംബിക'യില്‍ നായികയായ സി കെ രാജത്തിന് ഒരു പാട്ട് 13 തവണ പാടി അഭിനയിക്കേണ്ടിവന്നു. ശബ്ദലേഖനം നടത്തിയ സര്‍ദാര്‍ജിക്ക് തൃപ്തിവരാത്തതാണ് കാരണം. പതിനാലാമത്തെ ടേക്ക് എടുക്കുമ്പോള്‍ രാജം ബോധംകെട്ടു വീണു. ഒടുവില്‍ പതിമൂന്നാം ടേക്ക് സിനിമയില്‍ ഉള്‍പ്പെടുത്തി ആ രംഗചിത്രീകരണം അവസാനിപ്പിച്ചു. ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്തിയത് 'നിര്‍മല'യിലൂടെ നിര്‍മാതാവ് ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാനാണ്.

പിന്നണിഗായകരായ ഗോവിന്ദറാവുവിന്റെയും രാഘവന്റെയും പി ലീലയുടെയും സരോജിനി മേനോന്റെയും വിമലാവര്‍മയുടെയും ശബ്ദത്തില്‍ പിറന്ന പാട്ടുകള്‍ക്കനുസരിച്ചു ചുണ്ട് ചലിപ്പിച്ച് അഭിനേതാക്കള്‍ കാമറയ്ക്കു മുന്നില്‍ അഭിനയിച്ചു.

ഈ ചരിത്രമൊക്കെ വായിക്കുമ്പോള്‍ അജ്ഞാതനായ രാഘവനെ അറിയണമെന്നു തോന്നി. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് ആ ഗായകന്റെ ജീവിതത്തിലേക്കു കടന്നുചെല്ലാനിടയാക്കിയത്. വിമലവര്‍മയും ചെറിയാന്റെ മകനായ അലക്‌സ് ചെറിയാനും കുറെ വിവരങ്ങളും നല്‍കി.

തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന വിമലാവര്‍മയുടെ വാക്കുകളിലേക്ക് ആദ്യം: ''രാഘവനെ ഞാന്‍ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുമുണ്ട്. പക്ഷേ, എവിടത്തുകാരനാണെന്നറിയില്ല. രാഘവന്റെ രൂപം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. കറുത്തു മെലിഞ്ഞുണങ്ങിയ ആ മനുഷ്യക്കോലത്തില്‍ ദാരിദ്ര്യത്തിന്റെ സകല ലക്ഷണങ്ങളും പ്രകടമായിരുന്നു. എന്നിട്ടും അസാമാന്യമായിരുന്നു ആ ശരീരത്തിലെ ശാരീരം. പച്ചരത്‌നത്തളികയില്‍... എന്നുതുടങ്ങുന്ന ഗാനമാണ് രാഘവന്‍ പാടിയത്.'' തൊണ്ണൂറിനോടടുക്കുന്ന അലക്‌സ് ചെറിയാന് ഇതിലും കൂടുതല്‍ പറയാനുണ്ട്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ചിത്രകാരന്‍ കൂടിയായ അലക്‌സ്.

ശേഷജീവിതം


70 വര്‍ഷത്തിനു ശേഷം രാഘവന്റെ ഊരും വീടുമൊക്കെ കണ്ടെത്തിയതില്‍ അലക്‌സ് ചെറിയാന് തെല്ലൊന്നുമല്ല അദ്ഭുതം. ഇത്രയും നാള്‍ അജ്ഞാതന്റെ പട്ടികയിലേക്കു തള്ളിയിട്ടിരുന്ന ആ തെരുവുഗായകന്‍ പിന്നീട് കോട്ടയം അയര്‍ക്കുന്നത്താണ് വാസമുറപ്പിച്ചത്. 1950നു ശേഷം നാടകങ്ങളില്‍ പിന്നണിഗാനരംഗത്ത് സജീവമായി. മലയാളസിനിമയിലെ ആദ്യ വില്ലന്‍മാരിലൊരാളായ എസ് ജെ ദേവ് (രാജന്‍ പി ദേവിന്റെ അച്ഛന്‍) അഗസ്റ്റിന്‍ ജോസഫ് (യേശുദാസിന്റെ അച്ഛന്‍) നാടാകാചാര്യന്‍ എന്‍ എന്‍ പിള്ള തുടങ്ങിയ പ്രമുഖരുടെ നാടകങ്ങളില്‍ പിന്നണിഗാനങ്ങള്‍ പാടി. ഉറ്റചങ്ങാതിയായിരുന്ന പുല്ലാങ്കുഴല്‍ വിദഗ്ധന്‍ പാറശാല തങ്കപ്പനാണ് രാഘവനെ നാടകപിന്നണി ഗാനരംഗത്ത് സജീവമാക്കിയത്. 'നിര്‍മല'യ്ക്കുശേഷം സിനിമയില്‍ അവസരങ്ങള്‍ തേടിപ്പോയില്ല. പകരം നാടകവും സംഗീതാധ്യാപനവും സ്വര്‍ണപ്പണിയുമൊക്കെയായി അയര്‍ക്കുന്നത്തേക്കു ജീവിതം പറിച്ചുനടുകയായിരുന്നു. നാടകത്തിന്റെ അവസരങ്ങള്‍ ഇല്ലാതായശേഷം സംഗീതാധ്യാപകനായിട്ടായിരുന്നു കലയുടെ വഴിയില്‍ ഉണ്ടായിരുന്നത്. ഭാര്യ ശാരദയും ഒമ്പതു മക്കളുമടങ്ങുന്നതായിരുന്നു കുടുംബം.

രാഘവന്റെ അന്ത്യം

രാഘവനൊരു സിനിമാ പിന്നണിഗായകനായിരുന്നുവെന്ന് നാട്ടുകാരില്‍ വളരെ കുറച്ചു പേര്‍ക്കേ അറിയുമായിരുന്നുള്ളൂ. അവരോടു മാത്രമേ 'നിര്‍മല'യുടെ ചരിത്രം അദ്ദേഹം വെളുപ്പെടുത്തിയിട്ടുള്ളൂ. മലയാള സിനിമയിലെ ആദ്യ പിന്നണിഗായകനാണ് തങ്ങളുടെ മുന്നിലിരുന്നു സ്വര്‍ണം പണിയുന്നതെന്ന വിചാരം പക്ഷേ അവരുടെ മനസ്സിനെ അന്ന് ആഴത്തില്‍ സ്പര്‍ശിച്ചിട്ടില്ലായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ 'ഡാനിയലിന്റെ മക്കള്‍' എന്ന പരിപാടിയില്‍ രാഘവനെ അജ്ഞാത തെരുവുഗായകനെന്നാണ് അവതരിപ്പിച്ചത്. പരിപാടി കണ്ട ചിലരാണ് അവതാരകനായ മാങ്ങാട് രത്‌നാകരനെ രാഘവനെക്കുറിച്ചുള്ള വിവരമറിയp¶ത്. അദ്ദേഹവും ഞാനും കൂടി അയര്‍ക്കുന്നത്തെ വീട് രാഘവന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ടെത്തി. സിമന്റ് തേക്കാത്ത വീട്ടില്‍ ഇളയമകന്‍ പ്രവീണിനൊപ്പമായിരുന്നു രാഘവന്റെ ജീവിതസായാഹ്നം. 2006 ജനുവരി 14ന് അദ്ദേഹം അന്തരിച്ചു. അവസാനകാലത്ത് ക്രിസ്തുമതം സ്വീകരിച്ച് മാര്‍ക്കോസായ രാഘവനെ അടക്കിയത് ഇവിടെയുള്ള പള്ളിയിലാണ്.




Tags:    

Similar News