ശ്രീദേവിയുടെ ഗാനരംഗങ്ങള്‍
'മൂന്നാം പിറൈ', 'സത്യവാന്‍ സാവിത്രി', '16 വയതിനിലെ', 'പ്രേമാഭിഷേകം' തുടങ്ങി ശ്രീദേവിയുടെ എത്രയെത്ര സിനിമകള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. 'സത്യവാന്‍ സാവിത്രി'യായിരുന്നു ഞാന്‍ ആദ്യമായി തിയേറ്ററില്‍ പോയിക്കണ്ട ശ്രീദേവിചിത്രം.
സരിതാ മാഹിന്‍
കുട്ടിക്കാലത്തെ മധ്യവേനലവധി. അന്നാണ് അച്ഛന്റെ നാടായ ലാലൂരിലെ മത്തായിപുരം ദലിത് കോളനിയില്‍ ഞങ്ങള്‍ പോയിരുന്നത്. അതും വിഷുവിന് മാത്രം. അവിടുത്തെ ശ്രീമുരുകന്റെ അമ്പലത്തില്‍ വിഷുക്കാലത്താണ് ഉല്‍സവം. കാവടി, പൂരം, സൈക്കിള്‍ച്ചവിട്ട് തുടങ്ങി നിരവധി ഐറ്റംസ്.
പുറത്തുനിന്നു വരുന്ന സൈക്കിള്‍ച്ചവിട്ടുകാര്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും അഭ്യാസങ്ങളും കൂടാതെ നാട്ടുകാരിലെ സഹൃദയര്‍ക്കും നൃത്തം അവതരിപ്പിക്കാന്‍ അവര്‍ അവസരം നല്‍കിയിരുന്നു.
കമല്‍ഹാസന്‍- ശ്രീദേവി ജോടിയുടെ 'പ്രേമാഭിഷേകം' എന്ന ഹിറ്റ് ചിത്രത്തിലെ ഗാനത്തിനൊത്ത് ആടിത്തിമര്‍ക്കുകയായിരുന്നു എന്റെ അമ്മായിമാര്‍. ക്ഷിപ്രകോപത്തില്‍ ദുര്‍വാസാവിനെ വെല്ലുന്ന മുത്തശ്ശന്‍ ഇതറിഞ്ഞ് സ്റ്റേജില്‍ കയറി രണ്ടിനെയും വലിച്ചിഴച്ചു കൊണ്ടുപോയി എന്നതാണ് കഥയിലെ ട്വിസ്റ്റും ക്ലൈമാക്‌സും.
'മൂന്നാം പിറൈ', 'സത്യവാന്‍ സാവിത്രി', '16 വയതിനിലെ', 'പ്രേമാഭിഷേകം' തുടങ്ങി ശ്രീദേവിയുടെ എത്രയെത്ര സിനിമകള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. 'സത്യവാന്‍ സാവിത്രി'യായിരുന്നു ഞാന്‍ ആദ്യമായി തിയേറ്ററില്‍ പോയിക്കണ്ട ശ്രീദേവിചിത്രം. തമ്പി ടാക്കീസിന്റെ പൂഴിനിലത്തിരുന്ന് മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ ജീവന്‍ സ്വന്തം ബുദ്ധിവൈഭവം കൊണ്ട് കാലന്റെ കൈയില്‍ നിന്നു തിരിച്ചുപിടിക്കുന്ന സുന്ദരിയായ സാവിത്രിയെന്ന രാജകുമാരിയെ അദ്ഭുതപരതന്ത്രയായി നോക്കിയിരുന്നത് ഇന്നും മറക്കാനാവില്ല.
സ്‌കൂളിലെ അന്താക്ഷരിക്കളിക്കായി ഞാന്‍ പഠിച്ചെടുത്ത അവരുടെ ഗാനങ്ങള്‍ ഒന്നും മറക്കാനാവില്ല.
''മുത്തുമിരിക്കത്, ചിപ്പിയിരിക്കത്
തുറന്നു പാക്ക നേരമില്ലടി രാജാത്തി...''
''സിന്ദൂര പൂവേ, സിന്ദൂര പൂവേ....''
''കണ്ണെ കലൈമാനെ...''
''ശശികല ചാര്‍ത്തിയ ദീപാവലയം'' തുടങ്ങിയ ഗാനങ്ങള്‍ എന്നും നമ്മുടെയൊക്കെ ചര്‍ട്ട് ബസ്തറുകളില്‍ ഇടംനേടി.
ഹിന്ദിയൊട്ടും അറിയാതെ ബോളിവുഡിലേക്ക് കുടിയേറിയ ശ്രീദേവിയുടെ ഹിന്ദി ചിത്രങ്ങളാണ് ഞാന്‍ ഏറെയും കണ്ടിട്ടുള്ളത്. 'മൂന്നാം പിറൈ' എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ 'സദ്മ' എത്ര തവണ കണ്ടിട്ടുണ്ട് എന്നു ചോദിച്ചാല്‍ പറയാനാവില്ല. 'ഖുദാ ഗവ', 'ചാല്‍ബാസ്', 'ചാന്ദ്‌നി', 'ലംഹെ', 'മിസ്റ്റര്‍ ഇന്ത്യ' തുടങ്ങി ദൂര്‍ദര്‍ശന്റെയും ശ്രീദേവിയുടെയും പ്രതാപകാലത്ത് ഞങ്ങള്‍ കണ്ണിമയ്ക്കാതെ കണ്ടിരുന്ന ചിത്രങ്ങളാണ്.
എത്രയെത്ര ശ്രീദേവി ഗാനങ്ങള്‍ ഹൃദിസ്ഥമാക്കി. 15 വര്‍ഷത്തിനുശേഷം 2012ല്‍ ഗൗരി ഷിന്‍ഡെയുടെ 'ഇംഗ്ലീഷ് വിംഗ്ലീഷി'ലൂടെ ശ്രീദേവി തിരികെയെത്തിയപ്പോള്‍ അതൊരു ഉചിതമായ തിരിച്ചുവരവായി. ആ ചിത്രം കാണുമ്പോഴെല്ലാം മനസ്സ് നിറയും. ശ്രീദേവിയുടെ മറ്റേതു കഥാപാത്രത്തെക്കാളും മികവു പുലര്‍ത്തിയ ഒന്നായി 'ഇംഗ്ലീഷ് വിംഗ്ലീഷി'ലെ ശശി എന്ന കഥാപാത്രം.
40 വര്‍ഷം തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലും ഹിന്ദിയിലുമായി മുന്നൂറിലധികം സിനിമകള്‍. 2013ല്‍ പദ്മശ്രീ. 'മോം' എന്ന ചിത്രത്തിലെ മിന്നുന്ന പ്രകടനം. ഇനി കാണാന്‍ അവശേഷിക്കുന്നത് അവര്‍ അവസാനമായി അഭിനയിച്ച 'സീറോ'യെന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ്. മകള്‍ ജാന്‍വി കപൂര്‍ സിനിമയിലേക്കു കടന്നുവന്ന ഈ വര്‍ഷം തന്നെയാണ് എക്കാലത്തെയും ജനപ്രിയ നായികയായ ആ അമ്മ അവരെ വിട്ടു യാത്രയായതും.