ഡോ. വി .കെ. പ്രശാന്ത് (മെഡിക്കല്‍ ഓഫിസര്‍) പ്രാഥമിക ആരോഗ്യ കേന്ദ്രം, പാമ്പാടുപാറ, ഇടുക്കി കൊറോണ ബാക്ടീരിയം ഡിഫ്തീരിയ (Corono Bacterium Diphtheria) എന്ന ബാക്ടീരിയ മൂലമുണ്ടാവുന്ന രോഗമാണ് ഡിഫ്തീരിയ (തൊണ്ടമുള്ള്). ഏതു വയസ്സിലുള്ള കുട്ടികളെയും ഈ രോഗം ബാധിക്കാം. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഈ രോഗം വളരെ അപകടകാരിയാണ്. പിന്നീട് 50 വയസ്സിനു മുകളിലാണ് രോഗബാധയ്ക്കു സാധ്യത. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും പൂര്‍ണവുമായതിനാല്‍ വികസിത രാജ്യങ്ങളില്‍ ഈ രോഗം ഏതാണ്ട് പാടെ നിര്‍മാര്‍ജനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെയും ഈ രോഗം അപ്രത്യക്ഷമായിരുന്നു. അതിനിടയിലാണ് ഈയിടെ ഡിഫ്തീരിയ ബാധിച്ച് മലപ്പുറം ജില്ലയില്‍ 10-12 വയസ്സുള്ള രണ്ടു കുട്ടികള്‍ മരണപ്പെട്ടത്. രോഗലക്ഷണങ്ങള്‍ തൊണ്ടവേദനയോടുകൂടിയ പനിയും അമിതമായ നാഡിമിടിപ്പുമാണ് ആദ്യ രോഗലക്ഷണം. തൊണ്ടയില്‍ കാണപ്പെടുന്ന മങ്ങിയ വെള്ളനിറത്തോടു കൂടിയതോ തവിട്ടുകലര്‍ന്ന വെള്ളനിറത്തോടുകൂടിയതോ ആയ പാട ഡിഫ്തീരിയയെ വേര്‍തിരിച്ച് അറിയാന്‍ സഹായിക്കുന്നു. ഈ പാട ഇളക്കാന്‍ ശ്രമിച്ചാല്‍ രക്തസ്രാവം ഉണ്ടാവും. തൊണ്ടയില്‍നിന്ന് ശ്വാസക്കുഴലിലേക്ക് ഈ പാട പടരുകയും രോഗിക്ക് ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യും. മേല്‍ അണ്ണാക്കില്‍ നീരും വേദനയും അനുഭവപ്പെടുന്നു. തുടര്‍ന്ന് സംസാരിക്കുന്നതിനും ഉമിനീര്‍ ഇറക്കുന്നതിനും പ്രയാസം അനുഭവപ്പെടും. പനി 101 ഡിഗ്രി ഫാറന്‍ഹീറ്റ് വരെ ഉയരുന്നു. രോഗം ശക്തമാവുന്നതോടെ ഹൃദയമിടിപ്പ് ഉയരുന്നു. അണ്ണാക്ക്, തൊണ്ട, ശ്വാസക്കുഴല്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് നീരും അണുബാധയും പഴുപ്പും ക്രമാനുഗതമായി പ്രത്യക്ഷപ്പെടും. ചികില്‍സ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ രോഗത്തിന്റെ കാഠിന്യമനുസരിച്ച് അിശേ ഉശുവവേലൃശമ ട്യൃൗാ(അ.ഉ.ട) രോഗിക്കു നല്‍കാവുന്നതാണ്. എറിത്രോമൈസിന്‍ ഇനത്തില്‍പ്പെട്ട ആന്റിബയോട്ടിക്കുകള്‍ ആരംഭത്തില്‍ തന്നെ കൊടുത്താല്‍ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാവും. പെന്‍സിലിന്‍, എറിത്രോമൈസിന്‍ എന്നീ ആന്റിബയോട്ടിക്കുകള്‍ ഡിഫ്തീരിയ രോഗികള്‍ക്കു നല്‍കാവുന്നതാണ്. 1950കളിലേ ഉപയോഗിച്ചുതുടങ്ങിയ വാക്‌സിനാണ് ഈ രോഗത്തിന് നല്‍കുന്നത്. നമ്മുടെ രാജ്യത്ത് 1985 മുതല്‍ ഈ വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായി നല്‍കിവരുന്നു. വാക്‌സിനേഷന്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ നാം പിന്നിലാണ്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ വാക്‌സിനേഷന്‍ വ്യാപ്തി 36 ശതമാനം മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാക്‌സിനേഷന്റെ വ്യാപ്തി സര്‍ക്കാര്‍ മെച്ചപ്പെടുത്തുകയും ഇമ്മ്യൂണൈസേഷന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നതിനായി ആരോഗ്യ വകുപ്പിന്റെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടുകൂടി ആവിഷ്‌കരിച്ച പദ്ധതിയാണ് മിഷന്‍ ഇന്ദ്രധനുസ്സ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗുണമേന്മയുള്ളതും പാര്‍ശ്വഫലങ്ങള്‍ തീരെയില്ലാത്തതുമായ വാക്‌സിനാണ് ഇപ്പോള്‍ നല്‍കിവരുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ബുധനാഴ്ചയും എ.പി.എല്‍, ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമായി പ്രതിരോധമരുന്നു നല്‍കിവരുന്നു. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, ഹിബ് എന്നീ രോഗങ്ങള്‍ക്കെതിരായ ഔഷധങ്ങള്‍ ലഭ്യമാണ്. താരതമ്യേന സുലഭമായ പെന്റാവാലന്റ് വാക്‌സിനാണ് ആരോഗ്യകേന്ദ്രങ്ങള്‍ വഴി നല്‍കുന്നത്. കുട്ടി ജനിച്ച് 45, 75, 105 ദിവസം എത്തുമ്പോഴാണ് ഇതു നല്‍കേണ്ടത്. ഡിഫ്തീരിയ നമ്മുടെ രാജ്യത്ത് ഏറക്കുറേ അപ്രത്യക്ഷമായ രോഗമായതിനാലും Anti Diphtheria Syrum യഥാസമയം ലഭിക്കുന്നതിന് ബുദ്ധിമുട്ടു നേരിടുന്നതിനാലും രോഗബാധ പ്രത്യക്ഷപ്പെടുന്ന മേഖലകളില്‍ അതീവ ജാഗ്രത വേണം. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് യഥാസമയം നല്‍കണം. കേരളത്തില്‍ വാക്‌സിനേഷന്‍ വഴി രോഗത്തിന്റെ വ്യാപനം പൂര്‍ണമായി തടയപ്പെടുന്ന ഘട്ടത്തോടടുത്തപ്പോഴാണ് രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടത്. അതിനാല്‍ നിങ്ങളുടെ നാട്ടിലെയും സ്‌കൂളിലെയും എല്ലാ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ലഭിച്ചെന്ന് ഉറപ്പുവരുത്തൂ കൂട്ടുകാരേ. (തയ്യാറാക്കിയത്: തോമസ് ജോസഫ്) |