മക്കളെ കൊന്ന് പോലിസുദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

Update: 2022-05-10 06:43 GMT

ആലപ്പുഴ: പോലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും രണ്ട് മക്കളെയും കുന്നുംപുറത്ത് പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്‌പോസ്റ്റിലെ സിവില്‍ പോലിസ് ഓഫിസര്‍ റെനീസിന്റെ ഭാര്യ നജില, മക്കളായ ടിപ്പു സുല്‍ത്താന്‍ (5), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. രണ്ട് മക്കളില്‍ ഇളയ കുട്ടിയായ മലാലയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

റെനിസിന്റെ ഭാര്യ നജില (28)യെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം നജില ജീവനൊടുക്കിയതാണെന്നാണ് നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലിസ് വ്യക്തമാക്കി. റെനീസ് ഇന്നലെ രാത്രി ജോലിക്ക് പോയപ്പോഴാണ് സംഭവം. രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വീടിനകത്ത് ഭാര്യയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയതെന്ന് റെനീസ് പോലിസിനോട് പറഞ്ഞു. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.

റെനീസും ഭാര്യയും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും റെനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നതായും സഹപ്രവര്‍ത്തകര്‍ പറയുന്നു. റെനീസിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടില്‍ നിന്ന് പോവുമ്പോള്‍ അസ്വാഭാവികത ഒന്നുമില്ലെന്നായിരുന്നു റെനീസിന്റെ മൊഴിയെങ്കിലും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. അടുത്തിടെ റെനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പോലിസ് മേധാവിയുടെ ഓഫിസില്‍ വച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News