വണ്ടാനം: ആരോഗ്യ ജീവകാരുണ്യമേഖലയില്‍ സംസ്ഥാനത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ഓഫിസ് വണ്ടാനം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രതീക്ഷ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനുമായ എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി സ്തുത്യര്‍ഹ സേവനം നടത്തുകയാണ് പ്രതീക്ഷ.
അശരണരും നിരാലംബരുമായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുക എന്ന പുണ്യകരമായ ഒരു ദൗത്യമാണ് പ്രതീക്ഷ കേരളത്തിലങ്ങോളമിങ്ങോളം ചെയ്തുവരുന്നത്. പരിമിതമായ സാഹചര്യങ്ങളോടും കൂടി ഇവിടെ തുടങ്ങിയ പുതിയ സംവിധാനം ഇവിടുത്തെ നല്ലവരായ നാട്ടുകാര്‍ അവരുടെ സ്വന്തം സ്ഥാപനമായി ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും സേവനമേഖലയില്‍ സജീവമായി നിലകൊള്ളുന്ന പ്രതീക്ഷ സമൂഹത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷ വണ്ടാനം യൂനിറ്റ് സെക്രട്ടറി മഷൂര്‍ അഹമ്മദ് സ്വാഗതം പറഞ്ഞു.
പ്രതീക്ഷ വണ്ടാനം യൂനിറ്റ് പ്രസിഡന്റ് ഇബ്രാഹിം വണ്ടാനം അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് മുഖ്യാതിഥി ആയിരുന്നു. പ്രതീക്ഷ സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ ജമാല്‍ മുഹമ്മദ്, പോപുലര്‍ ഫ്രണ്ട് സോണല്‍ പ്രസിഡന്റ് എസ് നവാസ് തിരുവനന്തപുരം, ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, സഫിയ അസ്‌ലം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രതീക്ഷ ജോയിന്റ് സെക്രട്ടറി സുധീര്‍ വണ്ടാനം, ജനപ്രതിനിധികളായ ജയപ്രകാശ്, എച്ച് നിസാര്‍, കുഞ്ഞുമോന്‍, നജീബ്, ബുഷ്‌റ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.