കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കിയത് രണ്ടുതവണ; ആലപ്പുഴയില്‍ വയോധികന്‍ ആശുപത്രിയില്‍
ആലപ്പുഴ: കൊവിഡ് വാക്‌സിന്‍ നല്‍കിയതില്‍ ആലപ്പുഴയിലെ കരുവാറ്റയില്‍ ഗുരുതരമായ അശ്രദ്ധ. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ വയോധികന് രണ്ടുതവണ വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കിയതാണ് ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്. കരുവാറ്റ ഇടയിലില്‍ പറമ്പില്‍ ഭാസ്‌കരന്‍ (65) ആണ് രണ്ടുഡോസ് വാക്‌സിന്‍ ഒറ്റദിവസം സ്വീകരിച്ചത്. പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനാണ് ഭാസ്‌കരനും ഭാര്യയും ഇന്നലെ രാവിലെ കരുവാറ്റ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയത്.
വാക്‌സിനെടുക്കാന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാണ് ഭാസ്‌കരനെത്തിയത്. എന്നാല്‍, രണ്ടുഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ അധികൃതര്‍ മിനിറ്റുകള്‍ വ്യത്യാസത്തില്‍ നല്‍കുകയായിരുന്നു. വാക്‌സിന്‍ നല്‍കാന്‍ പിഎച്ച്‌സിയില്‍ രണ്ട് കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. ആദ്യ കൗണ്ടറില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ച ഭാസ്‌കരന്‍ രണ്ടാം കൗണ്ടറിലെത്തിയപ്പോള്‍ വീണ്ടും വാക്‌സിന്‍ കുത്തിവയ്ക്കുകയായിരുന്നു. പിന്നീട് രക്തസമ്മര്‍ദം വര്‍ധിക്കുകയും മൂത്രതടസ്സം ഉള്‍പ്പെടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെ ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാസ്‌കരന്റെ ഭാര്യയും വാര്‍ഡ് അംഗവും സംഭവത്തില്‍ ആക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്. ആദ്യം നല്‍കിയത് രക്തസമ്മര്‍ദത്തിനുള്ള മരുന്നാണെന്ന് വിചാരിച്ചുവെന്ന് ഭാസ്‌കരന്‍ പറഞ്ഞു. വിശ്രമമുറിയിലേക്ക് പോവുന്നതിന് പകരം ഭാസ്‌കരന്‍ രണ്ടാം കൗണ്ടറിലേക്ക് വന്നുവെന്നും കൃത്യമായ ആശയവിനിമയം നടന്നില്ലെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉദ്യോഗസ്ഥരോട് റിപോര്‍ട്ട് തേടി. അതേസമയം, വീഴ്ചയെക്കുറിച്ച് ആരോഗ്യവകുപ്പ് പ്രതികരിച്ചിട്ടില്ല.