റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ ബ്രാഞ്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമെന്ന് സേവ് റെഡ് ക്രോസ് മൂവ്‌മെന്റ്
ചിലരുടെ കൈകളില്‍മാത്രമായി ഒതുങ്ങിയ റെഡ് ക്രോസിനെ ജനാധിപത്യരീതിയില്‍ പു:നസംഘടിപ്പിക്കണമെന്ന സേവ് റെഡ് ക്രോസ് മൂവ്‌മെന്റിന്റെയും ചില അംഗങ്ങളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് അധികൃതര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് സേവ് റെഡ് ക്രോസ് മൂവ്‌മെന്റ് ചെയര്‍മാന്‍ എം സലിം,സെക്രട്ടറി ജോമി തോമസ് എന്നിവര്‍ പറഞ്ഞു.
കൊച്ചി : ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ എറണാകുളം ജില്ലാ ബ്രാഞ്ച് ഭാരവാഹി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു വിഭാഗം നീക്കം നടത്തുന്നുവെന്ന ആരോപണവുമായി സേവ് റെഡ് ക്രോസ് മൂവ്‌മെന്റ് രംഗത്ത്.റെഡ് ക്രോസ് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ദീര്‍ഘകാലമായി ജനാധിപത്യ രീതിയില്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താതിരിക്കുകയായിരുന്നുവെന്നും ചിലരുടെ കൈകളില്‍മാത്രമായി ഒതുങ്ങിയ റെഡ് ക്രോസിനെ ജനാധിപത്യരീതിയില്‍ പു:നസംഘടിപ്പിക്കണമെന്ന സേവ് റെഡ് ക്രോസ് മൂവ്‌മെന്റിന്റെയും ചില അംഗങ്ങളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് അധികൃതര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്നും സേവ് റെഡ് ക്രോസ് മൂവ്‌മെന്റ് ചെയര്‍മാന്‍ എം സലിം,സെക്രട്ടറി ജോമി തോമസ് എന്നിവര്‍ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ വരണാധികാരിയെ നിയമിക്കുകയും തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ 2011 ല്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ വ്യാജ ഭരണഘടനയുടെ മറവില്‍ തിരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള നീക്കം നടത്തുകയാണ്. ദേശീയ തലത്തില്‍ ഒറ്റ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി എന്നിരിക്കെ, എറണാകുളം ജില്ലാ ബ്രാഞ്ചിനു മാത്രമായി പ്രത്യേക ഭരണഘടനയാണെന്നുള്ള വാദം അടിസ്ഥാന രഹിതമാണെന്നും ഇവര്‍ വ്യക്തമാക്കി.ആരോഗ്യ, ജീവന്‍രക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കേണ്ട റെഡ് ക്രോസ് എറണാകുളം ജില്ലയില്‍ 2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയകാലത്തും, 2020, 2021 വര്‍ഷങ്ങളിലുണ്ടായ കൊവിഡ് മഹാമാരിക്കാലത്തും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സേവ് റെഡ് ക്രോസ് മൂവ്‌മെന്റ് നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങിയതെന്നും ഇവര്‍ വ്യക്തമാക്കി.മാര്‍ച്ച് 17 നാണ് വോട്ടെടുപ്പ് നടക്കുന്നത്.