വെല്ലുവിളികള്‍ നേരിടാന്‍ യുവസമൂഹം സാങ്കേതിക പരിജ്ഞാനമുള്ളവരാകണം : ജസ്റ്റിസ് പി ഗോപിനാഥ്

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് വാരാഘോഷത്തിന് തുടക്കമായി

Update: 2022-07-02 07:02 GMT

കൊച്ചി: സാങ്കേതികവിദ്യ എങ്ങനെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് യുവസമൂഹം ഗൗരവമായി വിലയിരുത്തണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ്.ഐസിഎഐ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എഴുപത്തിനാലാമത് സി എ ദിനാഘോഷവും സി എ വാരാഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യകളുടെ മുന്നേറ്റം എല്ലാ പ്രഫഷണല്‍ മേഖലയിലും പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമായി. ഇന്ന് ഡോക്ടര്‍മാര്‍ റോബോട്ടുകളുടെ സഹായത്തോടെ ശസ്ത്രക്രിയകള്‍ ചെയ്യുന്നുണ്ടെങ്കില്‍ നാളെയത് റോബോട്ടുകള്‍ നേരിട്ട് ചെയ്യുന്ന കാലത്തിലേക്ക് നാം കുതിക്കുകയാണ്. യുവ സമൂഹം ഇപ്പോഴും വളര്‍ന്ന് വരുന്ന സാങ്കേതികവിദ്യയുമായി പരിചയപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കാള്‍ വലുതായിരിക്കും സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയെന്നും ജസ്റ്റിസ് ഗോപിനാഥ് ചൂണ്ടിക്കാട്ടി. യുവ സമൂഹം കൂടുതല്‍ സാങ്കേതിക പരിജ്ഞാനമുള്ളവരായി മാറിയാല്‍ മാത്രമേ തൊഴില്‍ മേഖലയിലടക്കമുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.50 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ ചടങ്ങില്‍ ആദരിച്ചു.

ഐസിഎഐ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ കെ വി ജോസ്, സെക്രട്ടറി സലിം അബ്ദുള്‍ റഷീദ്, ബാബു എബ്രഹാം കള്ളിവയലില്‍, ജോമോന്‍ കെ ജോര്‍ജ് സംസാരിച്ചു.എറണാകുളത്തെ റോട്ടറി ക് ളബുകളുമായി സഹകരിച്ച് ഐസിഎഐ ഭവനില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എസ് രാജ്‌മോഹന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീളുന്ന സി എ വാരാഘോഷത്തിന്റെ ഭാഗമായി ധനകാര്യ വിഷയങ്ങളില്‍ സെമിനാറുകള്‍, പഠന കഌസുകള്‍, സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News