കളമശ്ശേരി ഭീകരാക്രമണം; പിന്നിലുള്ള ഗൂഢശക്തികളെ പുറത്തു കൊണ്ടുവരണം: മൂവാറ്റുപുഴ അഷ്റഫ് മൗലവി

ചില പ്രതീകങ്ങളെ ഉയര്‍ത്തിക്കാട്ടി സ്ഫോടനവും കലാപവും നടത്താന്‍ സജ്ജരായി ഒരു വിഭാഗം ഇവിടെയുണ്ട്.

Update: 2023-11-22 14:54 GMT
കൊച്ചി: ആറു പേര്‍ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢ ശക്തികളെ പുറത്തുകൊണ്ടുവരണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നടന്ന വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണിത്. ഫാഷിസ്റ്റ് ചിന്താധാരയില്‍ പ്രചോദിതരായി പ്രവര്‍ത്തിക്കുന്ന കാസ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് സജീവമാണ്. സ്ഫോടനം നടന്നയുടന്‍ ഭീകരാക്രമണമാണിത് എന്ന പ്രതികരണവുമായി രംഗത്തുവന്ന ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മാര്‍ട്ടിന്‍ പ്രതിയായി വന്നതോടെ പിന്നിലേക്കു പോയിരിക്കുന്നു.

ഇത്ര ഭീകരമായ സ്ഫോടനം ഡൊമിനിക് മാര്‍ട്ടിന്‍ തനിയെ നടത്തിയതാണെന്നു വിശ്വസിക്കാന്‍ കഴിയില്ല. പോലീസ് അന്വേഷണം ഒരു വ്യക്തിയിലേക്കു മാത്രം ചുരുക്കിയിരിക്കുകയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നതും മാര്‍ട്ടിന്റെ ഫോണ്‍വിളികള്‍ പരിശോധിക്കാത്തതും ദുരൂഹമാണ്. ആറു നിരപരാധികള്‍ കൊല്ലപ്പെടുകയും അന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണം നിസാരവല്‍ക്കരിക്കുന്ന സമീപനം അപകടകരമാണ്. സായുധപരിശീലനം നേടിയ ആയിരക്കണക്കിന് തീവ്രവലതുപക്ഷ ചിന്താഗതിക്കാര്‍ സൃഷ്ടിക്കുന്ന കലാപകലുഷിതമായ ഭീകരസാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. സാമൂഹിക മാധ്യമങ്ങളുള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ ആദ്യം ഭീകരകഥകള്‍ മെനഞ്ഞുണ്ടാക്കിയെങ്കിലും മാര്‍ട്ടിന്‍ കുറ്റമേറ്റെടുത്തതോടെ വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുകയായിരുന്നു. യഹോവ സാക്ഷികളുടെ വികലമായ വിശ്വാസാചാരങ്ങളോടുള്ള പകയാണ് കളമശ്ശേരി ഭീകരാക്രമണത്തിന് പ്രചോദനമായതെന്ന മാര്‍ട്ടിന്റെ മൊഴി അവിശ്വസനീയമാണ്.

ചില പ്രതീകങ്ങളെ ഉയര്‍ത്തിക്കാട്ടി സ്ഫോടനവും കലാപവും നടത്താന്‍ സജ്ജരായി ഒരു വിഭാഗം ഇവിടെയുണ്ട്. മെക്ക മസ്ജിദ്, മലേഗാവ്, സംഝോദ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള സ്ഫോടനങ്ങളില്‍ ആദ്യം മുസ്ലിം യുവാക്കളെ അറസ്റ്റു ചെയ്തെങ്കിലും പിന്നീട് സമഗ്രാന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളായ സംഘപരിവാരം പിടിയിലാവുകയായിരുന്നു. കേരളത്തില്‍ സമീപകാലത്ത് ആവര്‍ത്തിക്കുന്ന ട്രെയിന്‍ ആക്രമണം ദുരൂഹമാണ്. കുറ്റാരോപിതരുടെ പേരും വംശവും നോക്കി തീവ്രവാദ ആരോപണം നടത്തുന്ന നാട്ടില്‍ വലിയ ഭീകരാക്രമണം നടന്നിട്ട് അതു സംബന്ധിച്ച് ഗൗരവമായ അന്വേഷണം നടക്കുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ നടുക്കിയ ഭീകരാക്രമണത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം നടത്തണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് സംബന്ധിച്ചു.


Tags:    

Similar News