കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കാരുണ്യ ഹൃദയാലയ പ്രവര്‍ത്തനം തുടങ്ങുന്നു

കൊച്ചി ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആശുപത്രി സെക്രട്ടറി അജയ് തറയിലും കാരുണ്യ ഹൃദയാലയ ഓപ്പറേഷന്‍സ് മാനേജര്‍ പി ബാലുവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

Update: 2021-08-07 15:45 GMT

കൊച്ചി : കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഹൃദ്രോഗ ചികില്‍സാ രംഗത്തെ പ്രമുഖരായ കാരുണ്യ ഹൃദയാലയയുമായി കൈ കോര്‍ക്കുന്നു. കൊച്ചി ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആശുപത്രി സെക്രട്ടറി അജയ് തറയിലും കാരുണ്യ ഹൃദയാലയ ഓപ്പറേഷന്‍സ് മാനേജര്‍ പി ബാലുവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ഹൃദ്രോഗ വിദഗ്ദനായിരുന്ന ഡോ. എ കെ അബ്രാഹം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ തുടങ്ങിവച്ച സേവ് ഹാര്‍ട്ട് പദ്ധതിയെ കൂടുതല്‍ ആധുനികവല്‍ക്കരണത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് അജയ് തറയില്‍ പറഞ്ഞു.

കാരുണ്യ ഹൃദയാലയയുടെ നേതൃത്വത്തില്‍ നൂതന കാത്ത്‌ലാബ് സൗകര്യങ്ങളും, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവ ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കുമെന്ന് ഇന്റര്‍വെന്‍ഷന്‍ കാര്‍ഡിയോളജിസ്റ്റായ ഡോ.നിജില്‍ ക്ലീറ്റസ് പറഞ്ഞു. ജില്ലയിലെ ഏറ്റവും ചിലവ് കുറഞ്ഞ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായി ഇന്ദിരാഗാന്ധി ആശുപത്രി മാറുമെന്നും ഡോ.നിജില്‍ പറഞ്ഞു.

ഹൃദ്രോഗ ചികില്‍സ സാധാരണക്കാര്‍ക്കുകൂടി പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരൂര്‍ നേഴ്‌സിംഗ് ഹോം, കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റല്‍ എന്നിവയ്ക്ക്ക് പുറമേ മൂന്നാമത്തെ സെന്ററാണിത്. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഇല്ലാത്തവര്‍ക്കും മിതമായ നിരക്കില്‍ വിദഗ്ദ ചികിത്സ ഇവിടെ ലഭിക്കുമെന്ന് പി ബാലു പറഞ്ഞു. ആരോഗ്യ സുരക്ഷാ കാര്‍ഡുകളായ കെഎഎസ്പി / എബി, പിഎംജെഎവൈ തുടങ്ങിയവ ഉള്ളവര്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ആശുപത്രി പ്രസിഡന്റ് എം ഒ ജോണ്‍, വൈസ് പ്രസിഡന്റ് ഡോ. ഹസീന മുഹമ്മദ്, ഡയറക്ടര്‍മാരായ അഡ്വ.ജെബി മേത്തര്‍ ഇഷാം, സിപിആര്‍ ബാബു, പി വി അഷറഫ്, കാര്‍ഡിയോളജിസ്റ്റ് ഡോ. കെ എ ചാക്കോ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് സച്ചിദാനന്ദ കമ്മത്ത്, ഹൃദയാലയ ബ്രാന്‍ഡിംഗ് മാനേജര്‍ രഞ്ജിത് തുടങ്ങിയവരും പങ്കെടുത്തു.ചികിത്സാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 9288020660 നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News